'ഏറ്റവും വലിയ ബന്ധം സിപിഐഎമ്മുമായി, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല'; വെള്ളാപ്പള്ളിയെ തള്ളി MV ഗോവിന്ദൻ

ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ലെന്ന് എം വി ഗോവിന്ദന്‍

'ഏറ്റവും വലിയ ബന്ധം സിപിഐഎമ്മുമായി, അതിനെതിരായ പ്രചാരവേല അംഗീകരിക്കില്ല'; വെള്ളാപ്പള്ളിയെ തള്ളി MV ഗോവിന്ദൻ
dot image

കൊച്ചി: എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ തള്ളി സിപിഐഎം. വെള്ളാപ്പള്ളി നടേശന്റെ സിപിഐ, മലപ്പുറം പരാമര്‍ശങ്ങളെ സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ തള്ളി. വെള്ളാപ്പള്ളി നടേശനെ നിയന്ത്രിക്കാനുള്ള ഉത്തരവാദിത്തവും ബാധ്യതയും സിപിഐഎമ്മിനില്ലെന്ന് എം വി ഗോവിന്ദൻ റിപ്പോർട്ടറിനോട് പറഞ്ഞു. വെള്ളാപ്പള്ളി പറയുന്ന നല്ല കാര്യങ്ങൾ അംഗീകരിക്കുമെന്നും തെറ്റായത് അംഗീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. 'കോഫി വിത്ത് അരുണി'ലാണ് പ്രതികരണം.

സിപിഐ 'ചതിയന്‍ ചന്തു' ആണെന്ന വെള്ളാപ്പള്ളി നടേശന്‍റെ പരാമർശത്തെ അംഗീകരിക്കുമോയെന്ന ചോദ്യത്തോട് സിപിഐയും സിപിഐഎമ്മും തമ്മിലാണ് ഏറ്റവും വലിയ ബന്ധമുള്ളതെന്ന് എം വി ഗോവിന്ദന്‍ മറുപടി നൽകി. അതിനെതിരായ തെറ്റായ ഒരു പ്രവണതയും പ്രചാരവേലയും തങ്ങള്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും അനുകൂലമായ നിലപാട് സ്വീകരിക്കില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.

'ഇടതുപക്ഷ ജനാധിപത്യമുന്നണിയിലെ പ്രധാനപ്പെട്ട പാര്‍ട്ടികള്‍ സിപിഐഎമ്മും സിപിഐയുമാണ്. അതിനെ കലുഷിതമായ രീതിയിലുള്ള എന്തെങ്കിലും പ്രയോഗങ്ങളും വാക്കുകളും കൊണ്ട് പരസ്പരം അങ്ങോട്ടുമിങ്ങോട്ടും മാറ്റുന്ന ഒരു ശ്രമത്തിനും യോജിപ്പില്ല', എം വി ഗോവിന്ദന്‍ പറഞ്ഞു. വെള്ളാപ്പള്ളിയുടെ മലപ്പുറം പരാമര്‍ശത്തെയും തള്ളി എം വി ഗോവിന്ദന്‍ രംഗത്തെത്തി. ഒരു പ്രദേശത്തേയോ ജനതയേയോ വര്‍ഗീയമായി ചിത്രീകരിക്കുന്ന നിലപാടിനോട് വെള്ളാപ്പള്ളിയായാലും യോജിപ്പില്ലെന്നായിരുന്നു എം വി ഗോവിന്ദന്റെ പ്രതികരണം.

എല്‍ഡിഎഫില്‍ നിന്ന് മുസ്‌ലിം സമൂഹം പൂര്‍ണമായും ഒഴിഞ്ഞുപോയിരിക്കുകയാണെന്ന നിലപാടിനോട് തങ്ങള്‍ക്ക് യോജിപ്പില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 'എല്‍ഡിഎഫിന് എതിരായി മുസ്‌ലിം ഏകീകരണം വന്നെന്ന ഒരു നിലപാടും ഞങ്ങള്‍ക്കില്ല. എല്‍ഡിഎഫിന് വോട്ട് ചെയ്യുന്ന വലിയ മുസ്‌ലിം സമൂഹം ഇത്തവണയും വോട്ട് ചെയ്തിട്ടുണ്ട്. എന്നാല്‍ ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും വര്‍ഗീയ ധ്രുവീകരണത്തിന് വേണ്ടിയുള്ള ഫലപ്രദമായ ഇടപെടല്‍ നടത്തി. ജമാഅത്തെ ഇസ്‌ലാമിയും മുസ്‌ലിം ലീഗും കോണ്‍ഗ്രസും അതിനൊപ്പം ചേര്‍ന്ന് മാധ്യമങ്ങളും നടത്തിയത് കമ്മ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയാണ്. ഞങ്ങള്‍ക്ക് സംഘടനാപരമായ രീതിയില്‍ പ്രതിരോധിക്കാന്‍ ശേഷിയുള്ള സ്ഥലങ്ങളില്‍ അത് പ്രതിരോധിച്ചു. അല്ലാത്ത സ്ഥലങ്ങളില്‍ ചില പ്രശ്‌നങ്ങളുണ്ടായിട്ടുണ്ടെന്ന് കണ്ടു', എം വി ഗോവിന്ദന്‍ പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ച് മലയാളി പുരോഹിതനെ അറസ്റ്റ് ചെയ്ത സംഭവത്തിലും എം വി ഗോവിന്ദന്‍ പ്രതികരിച്ചു. ഇന്ത്യയിലാകെ വര്‍ഗീയ ധ്രുവീകരണശ്രമത്തിന്റെ ഭാഗമായി വിഷം കുത്തിയിറക്കി ജനങ്ങളെ ഛിന്നഭിന്നമാക്കുന്നതിന് വേണ്ടിയുള്ള ബോധപൂര്‍വമുള്ള പ്രവര്‍ത്തനങ്ങള്‍ സംഘപരിവാര്‍ ഭരണകൂട സംവിധാനത്തെ ഉപയോഗിച്ച് നടത്തുന്നു. വര്‍ഗീയ കലാപത്തിലേക്കോ സംഘര്‍ഷത്തിലേക്കോ സംഘപരിവാറിന് എത്തിക്കാന്‍ കഴിയാതിരുന്ന ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനം കേരളമാണെന്നും അദ്ദേഹം പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ കൃത്യമായ അന്വേഷണം നടക്കുമെന്നും എസ്‌ഐടി അന്വേഷണത്തിന് സിപിഐഎം പിന്തുണക്കുന്നുവെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. അയ്യപ്പന്റെ ഒരു തരി സ്വര്‍ണം നഷ്ടമാകരുത്. ആരാണ് ഉത്തരവാദി അവരെ നിയമത്തിന് മുമ്പില്‍ കൊണ്ടുവരണം. ഉത്തരവാദി ആരായാലും അവരെ സംരക്ഷിക്കേണ്ട ഉത്തരവാദിത്തം പാര്‍ട്ടിക്കോ സര്‍ക്കാരിനോ ഇല്ലെന്നും എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: M V Govindan reject Vellappally Natesan s statements on CPI and Malappuram

dot image
To advertise here,contact us
dot image