

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ദേവസ്വംബോര്‍ഡ് മുന്‍ അധ്യക്ഷന്‍ എ പത്മകുമാര്‍ ജയിലില്‍ തുടരും. റിമാന്‍ഡ് കാലാവധി 14 ദിവസത്തേക്ക് കൂടി നീട്ടി. കടകംപള്ളിയാണോ ദൈവതുല്ല്യനെന്ന ചോദ്യത്തിന് ശവംതീനികള്‍ അല്ല എന്നായിരുന്നു മറുപടി. ആരാണ് ദൈവതുല്ല്യന്‍ എന്ന ചോദ്യത്തോട് വേട്ടനായ്ക്കള്‍ അല്ലെന്നായിരുന്നു ഉത്തരം. ഇരയാക്കപ്പെടുന്നുണ്ടോയെന്ന ചോദ്യത്തോട് എല്ലാം അയപ്പന്‍ നോക്കിക്കൊള്ളും എന്നും പത്മകുമാര്‍ പറഞ്ഞു. കൊല്ലം വിജിലന്‍സ് കോടതിയില്‍ നിന്നും പുറത്തിറങ്ങിയപ്പോഴായിരുന്നു പ്രതികരണം.
പത്മകുമാറിന്റെ ജാമ്യഹര്‍ജിയില്‍ ജനുവരി ഏഴിന് വിധി പറയും. കേലിലെ ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണന്‍ പോറ്റി, ബെല്ലാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍, സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി എന്നിവര്‍ക്കായി കസ്റ്റഡി അപേക്ഷ നല്‍കി. ഒരു ദിവസത്തേക്കാണ് കസ്റ്റഡി അപേക്ഷ നല്‍കിയത്. പ്രതികളെ നാളെ കോടതിയില്‍ ഹാജരാക്കും.
കേസില്‍ എസിഐടി സംഘം വിപുലീകരിച്ചു. രണ്ട് സിഐമാരെക്കൂടി ഉള്‍പ്പെടുത്തിയാണ് വിപുലീകരിച്ചത്. ഇതോടെ എസ്‌ഐടിയില്‍ പത്ത് അംഗങ്ങളായി. സംഘം വിപുലീകരിക്കണമെന്ന എസ്‌ഐടി ആവശ്യത്തിന്റെ അടിസ്ഥാനത്തില്‍ കോടതി അംഗീകാരം നല്‍കുകയും രണ്ട് സിഐമാരെ കൂടി ഉള്‍പ്പെടുത്തുകയുമായിരുന്നു. കേസില്‍ ഡി മണിയും സുഹൃത്ത് ബാലമുരുകനും ഇന്ന് എസ്‌ഐടിക്ക് മുന്നില്‍ ഹാജരായി. ഇരുവരെയും ചോദ്യം ചെയ്യുന്നത് തുടരുകയാണ്.
Content Highlights: Sabarimala Case Padmakumar to remain in remand