

കോഴിക്കോട്: നടന്‍ മോഹന്‍ലാലിന്റെ അമ്മ ശാന്തകുമാരിയുടെ വിയോഗത്തില്‍ അനുസ്മരണവുമായി കെ കെ രമ എംഎല്‍എ. ലാലിന്റെ ആത്മാര്‍ത്ഥമായ വാക്കുകളിലൂടെ ഓരോ മലയാളിയും ആ അമ്മയെ അടുത്തറിഞ്ഞിട്ടുണ്ടെന്നും ഈ സങ്കടം മറികടക്കാന്‍ മോഹന്‍ലാലിനും മറ്റ് കുടുംബാംഗങ്ങള്‍ക്കും എളുപ്പമാവില്ലെന്നും അതിന് സാധിക്കട്ടെയെന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പില്‍ കെ കെ രമ പറഞ്ഞു.
മുന്‍പ് അമ്മയെ കുറിച്ച് മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പില്‍ ടി പി ചന്ദ്രശേഖരന്റെ അമ്മയെ കുറിച്ച് പരാമര്‍ശിച്ച കാര്യവും രമ അനുസ്മരിക്കുന്നുണ്ട്. 2012 മെയ് മാസത്തിലെ പിറന്നാള്‍ ദിനത്തില്‍ 'ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍' എന്ന് തലക്കെട്ടില്‍ എഴുതിയ കുറിപ്പിലാണ് അദ്ദേഹം ടി പിയുടെ അമ്മയെ പരാമര്‍ശിച്ചതെന്ന് കെ കെ രമ പറഞ്ഞു. 'തനിക്കൊന്ന് നോവുമ്പോള്‍ അമ്മയുടെ മനസ് പിടയുന്നത് തൊട്ടറിയാം. അപ്പോള്‍ കൊത്തിനുറക്കപ്പെട്ടിരിക്കുന്ന മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസിലാക്കാന്‍ സാധിക്കും' എന്നായിരുന്നു മോഹന്‍ലാല്‍ അന്ന് എഴുതിയതെന്ന് കെ കെ രമ പറഞ്ഞു. ലാല്‍ തൊട്ടറിഞ്ഞ ഒരിക്കലുമണയാത്ത വേദനകളുമായി ജീവിച്ച തങ്ങളുടെ അമ്മ വിട പറഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ അന്ന് ആ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ച അമ്മയും യാത്രയാവുന്നു എന്ന് പറഞ്ഞാണ് രമ കുറിപ്പ് അവസാനിപ്പിക്കുന്നത്.
കുറിപ്പിന്റെ പൂര്‍ണരൂപം
മലയാളത്തിന്റെ അഭിമാനതാരം മോഹന്‍ലാലിന്റെ അമ്മയുടെ ദേഹവിയോഗത്തില്‍ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നു. അമ്മയോടുള്ള തന്റെ അഗാധമായ സ്‌നേഹവും അമ്മ പകര്‍ന്നുതന്ന പ്രചോദനവും എപ്പോഴും അഭിമാനപുരസ്സരം മോഹന്‍ലാല്‍ ഓര്‍ക്കാറുണ്ട്. അദ്ദേഹത്തിന്റെ ആത്മാര്‍ത്ഥമായ വാക്കുകളിലൂടെ ഓരോ മലയാളിയും ആ അമ്മയെ അടുത്തറിഞ്ഞിട്ടുണ്ട്.
ഇപ്പോള്‍ ഓര്‍മ്മയില്‍ തെളിയുന്ന മറ്റൊരനുഭവം 2012 മെയ് മാസത്തിലെ തന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹം തന്റെ പങ്കുവെച്ച ഒരു കുറിപ്പാണ്. 'ഓര്‍മ്മയില്‍ രണ്ട് അമ്മമാര്‍' എന്ന് തലക്കെട്ടില്‍ എഴുതിയ ആ കുറിപ്പില്‍ അദ്ദേഹം പരാമര്‍ശിച്ച മറ്റൊരമ്മ ഞങ്ങളുടെ അമ്മയായിരുന്നു. ടി പി ചന്ദ്രശേഖരന്റെ അമ്മ. 'തനിക്കൊന്ന് നോവുമ്പോള്‍ അമ്മയുടെ മനസ്സ് പിടയുന്നത് തൊട്ടറിയാം. അപ്പോള്‍ കൊത്തിനുറക്കപ്പെട്ടിരിക്കുന്ന മകനെയോര്‍ത്തിരിക്കുന്ന ആ അമ്മയുടെ വിഷമവും തനിക്ക് മനസ്സിലാക്കാന്‍ സാധിക്കും'എന്നെഴുതിയ മോഹന്‍ലാല്‍ 'കേരളമൊരു ഭ്രാന്താലയമായ് മാറുകയാണോ? എന്ന ആശങ്കയിലാണ് ആ കുറിപ്പ് അവസാനിപ്പിച്ചത്. ലാല്‍ തൊട്ടറിഞ്ഞ ഒരിക്കലുമണയാത്ത വേദനകളുമായി ജീവിച്ച ഞങ്ങളുടെ അമ്മ വിട പറഞ്ഞിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ അന്ന് ആ കുറിപ്പെഴുതാന്‍ പ്രേരിപ്പിച്ച അമ്മയും യാത്രയാവുന്നു. ആദരാഞ്ജലികള്‍. ഈ സങ്കടം മറികടക്കാന്‍ മോഹന്‍ലാലിനും മറ്റു കുടുംബാംഗങ്ങള്‍ക്കും എളുപ്പമാവില്ല. എങ്കിലും അതിന് സാധിക്കട്ടെ.
Content Highlights- K K Rema Facebook post about mohanlal and his mother