ശബരിമല സ്വര്‍ണക്കൊളള കേസ്; ഡി മണിയെ ചോദ്യംചെയ്ത് വിട്ടയച്ചു

രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു

ശബരിമല സ്വര്‍ണക്കൊളള കേസ്; ഡി മണിയെ ചോദ്യംചെയ്ത് വിട്ടയച്ചു
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഡി മണിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായി. ഡി മണിയെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. ദിണ്ടിഗല്‍ സ്വദേശിയായ മണി (ഡി മണി), സുഹൃത്ത് ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു. ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഡി മണി മടങ്ങി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ച് ചർച്ചകൾ നടന്നുവെന്നുമാണ് വ്യവസായി മൊഴി നൽകിയത്.

എസ്ഐടി ചോദ്യം ചെയ്തയാൾ തന്നെയാണ് ഡി മണി എന്നതിൽ വ്യവസായി ഉറച്ചുനിൽക്കുകയാണ്. ലോഹക്കച്ചവടക്കാർക്കിടയില്‍ ദാവൂദ് മണിയെന്നാണ് ഇയാൾ അറിയപ്പെടുന്നത്. ഡി മണിയും പോറ്റിയും തമ്മില്‍ സ്വര്‍ണ ഉരുപ്പടികളുടെ ഇടപാട് നടന്നു. അത് ശബരിമലയിലെ സ്വർണ ഉരുപ്പടികളാണ് എന്നും വ്യവസായി മൊഴി നൽകി. ഇടപാടിനായി ആദ്യം സമീപിച്ചത് തന്നെയാണ്. എന്നാൽ വിലപേശലിലെ തർക്കം കാരണം താൻ പിന്മാറി. ഇവ വിദേശത്തേക്ക് കടത്തിയെന്ന് സംശയമുണ്ടെന്നും വ്യവസായി മൊഴി നൽകിയിരുന്നു.

എന്നാൽ കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഡി മണിയുടെ വാദം. താന്‍ നിരപരാധിയാണെന്നും വേട്ടയാടരുതെന്നും ഡി മണി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് കരഞ്ഞു പറഞ്ഞിരുന്നു. മണിയുടെ സംഘാംഗമെന്ന് സംശയിക്കുന്ന ശ്രീകൃഷ്ണനെ അറിയില്ലെന്നും പറയാന്‍ ഉള്ളതെല്ലാം എസ്‌ഐടിയോട് പറഞ്ഞെന്നും ഡി മണി പറഞ്ഞു. തന്റെ പേര് ഡി മണി എന്നല്ലെന്നും എംഎസ് മണി എന്നാണെന്നും ഡി മണി ആവര്‍ത്തിച്ചു പറഞ്ഞിരുന്നു.

Content Highlights: Sabarimala gold theft case; SIT Questioned D Mani, Balamurugan and Sreekrishnan

dot image
To advertise here,contact us
dot image