

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊളള കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രൻ്റെ ചോദ്യം ചെയ്യല്‍ വൈകിപ്പിച്ചത് സര്‍ക്കാര്‍ ഇടപെട്ടാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് കടകംപളളി സുരേന്ദ്രനെയും പി എസ് പ്രശാന്തിനെയും ചോദ്യം ചെയ്യാതിരിക്കാന്‍ അന്വേഷണ സംഘത്തിന് മേല്‍ സര്‍ക്കാരിന്റെ ശക്തമായ നിയന്ത്രണവും ഇടപെടലും ഉണ്ടായെന്നും ഹൈക്കോടതിയുടെ ശക്തമായ ഇടപെടല്‍ ഇല്ലായിരുന്നെങ്കില്‍ അന്വേഷണം ഇത്രപോലും മുന്നോട്ടുപോകുമായിരുന്നില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വര്‍ണക്കൊളളയില്‍ പ്രതികളായ നേതാക്കളെ സിപിഐഎമ്മും സര്‍ക്കാരും തുടര്‍ച്ചയായി സംരക്ഷിക്കുകയാണെന്നും ഇത് പ്രതിഷേധാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
'ജയിലില്‍ കഴിയുന്ന പ്രതികള്‍ക്കെതിരെ ചെറിയ അച്ചടക്ക നടപടി സ്വീകരിക്കാന്‍ തയ്യാറല്ലെന്നാണ് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രതികരിച്ചത്. പ്രതികളുടെ ജാമ്യം നിഷേധിച്ചുകൊണ്ടുളള കോടതിയുടെ കണ്ടെത്തലുകള്‍ മുഖ്യമന്ത്രിക്കും സിപിഐഎം സെക്രട്ടറിക്കും ബാധകമല്ലെന്ന നിലപാടാണ്. അന്വേഷണ സംഘത്തിന്റെ സ്വതന്ത്രവും നീതിപൂര്‍വവുമായ പ്രവര്‍ത്തനത്തെ സിപിഐഎം ബോധപൂര്‍വം തടസപ്പെടുത്തുകയാണ്. മോഷ്ടിക്കപ്പെട്ട സ്വര്‍ണം കണ്ടെത്താന്‍ ഇതുവരെ എസ്‌ഐടിക്ക് കഴിഞ്ഞിട്ടില്ല. കൂടുതല്‍ ഉന്നതരിലേക്ക് അന്വേഷണം എത്താനുണ്ടെന്ന് ഹൈക്കോടതി ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടും അതിലും നടപടിയില്ല. എത്രയും വേഗം ഉന്നതരെ ചോദ്യംചെയ്ത് ആവശ്യമായ നടപടി സ്വീകരിക്കാന്‍ അന്വേഷണ സംഘം തയ്യാറാകണം' സണ്ണി ജോസഫ് പറഞ്ഞു. കടകംപളളിയെ ചോദ്യംചെയ്തത് പരമരഹസ്യമാക്കി വയ്ക്കാന്‍ അന്വേഷണ സംഘത്തിന് നിര്‍ദേശം നല്‍കിയത് ആരാണെന്നും സണ്ണി ജോസഫ് ചോദിച്ചു. സ്വര്‍ണക്കൊളളയിലെ അന്വേഷണം മുഴുവന്‍ പ്രതികളിലേക്കും എത്തണമെങ്കില്‍ അന്വേഷണ സംഘത്തിന് മേലുളള ഭരണകൂടത്തിന്റെ നിയന്ത്രണം ഇല്ലാതാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ശബരിമല സ്വര്‍ണക്കൊളള കേസില്‍ ഡി മണിയുടെ ചോദ്യംചെയ്യല്‍ പൂര്‍ത്തിയായിരുന്നു. ഡി മണിയെ ചോദ്യംചെയ്യലിന് ശേഷം വിട്ടയച്ചു. ദിണ്ടിഗല്‍ സ്വദേശിയായ മണി (ഡി മണി), സുഹൃത്ത് ബാലമുരുകന്‍, ശ്രീകൃഷ്ണന്‍ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്തത്. രാവിലെ പത്തരയോടെ ആരംഭിച്ച ചോദ്യംചെയ്യല്‍ ഏഴര മണിക്കൂര്‍ നീണ്ടു. ചോദ്യംചെയ്യലിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കാതെ ഡി മണി മടങ്ങി. ശബരിമലയിലെ സ്വർണ ഉരുപ്പടികൾ വിറ്റുവെന്നും അതിന് പിന്നിൽ ഉണ്ണികൃഷ്ണൻ പോറ്റിയും ഡി മണിയുമാണെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിരുന്നു. ഇടപാട് നടന്നത് തിരുവനന്തപുരത്ത് വെച്ചാണെന്നും ദിണ്ടിഗലിലെ വീട്ടിൽ വെച്ച് ചർച്ചകൾ നടന്നുവെന്നുമാണ് വ്യവസായി മൊഴി നൽകിയത്.
Content Highlights: Kadakampally's interrogation was delayed due to government intervention; Sunny Joseph