

തിരുവനന്തപുരം: എംഎല്‍എ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടവുമായി ബന്ധപ്പെട്ട ശ്രീലേഖയുടെ വാദത്തില്‍ കഴമ്പില്ലെന്ന് മന്ത്രി വി ശിവന്‍കുട്ടി. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ അവകാശവാദമുന്നയിക്കാന്‍ ആര്‍ ശ്രീലേഖയ്ക്ക് അവകാശമോ അധികാരമോ ഇല്ല എന്നും ശിവന്‍കുട്ടി പറഞ്ഞു. എംഎല്‍എമാര്‍ക്ക് സംസ്ഥാന സര്‍ക്കാരിന്റെയോ നഗരസഭയുടെയോ പഞ്ചായത്തിന്റെയോ അധീനതയിലുള്ള ഏതെങ്കിലും ഓഫീസ് ഉപയോഗിക്കാമെന്ന തീരുമാനം സംസ്ഥാന സര്‍ക്കാര്‍ തന്നെ എടുത്തിട്ടുണ്ട്. ഇതില്‍ പാര്‍ട്ടി വ്യത്യാസമില്ല. എല്‍ഡിഎഫ്, യുഡിഎഫ് പാര്‍ട്ടികള്‍ ഭരിക്കുമ്പോളും ഇത്തരത്തില്‍ ഓഫീസുകള്‍ ഉപയോഗിച്ചിട്ടുണ്ടെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ ആക്ടോ പ്രോട്ടോകോളോ മനസിലാക്കാതെയാണ് ആര്‍ ശ്രീലേഖയുടെ പ്രവര്‍ത്തി. ഡിജിപി വിചാരിച്ചാല്‍ പോലും നിയമാനുസൃതമായി പ്രവര്‍ത്തിക്കുന്ന ഒരു എംഎല്‍എ ഓഫീസില്‍ നിന്നും എംഎല്‍എയെ ഒഴിപ്പിക്കാൻ കഴിയില്ല. പിന്നെ എങ്ങനെയാണ് ഒരു വാർഡ് കൗണ്‍സിലർക്ക് അതിനുള്ള അധികാരം ഉണ്ടാകുന്നതെന്നും വി ശിവന്‍കുട്ടി ചോദിച്ചു.
അധികാരം കിട്ടി രണ്ടോ മൂന്നോ ദിവസങ്ങള്‍ കഴിയുമ്പോഴേക്കും യുപിയിലോ ഗുജറാത്തിലോ ഒക്കെ ഏകാധിപത്യം അടിച്ചേല്‍പ്പിക്കുന്നത് പോലെ ഇവിടെയും ചെയ്യാന്‍ ശ്രമിക്കുകയാണ്. ഒഴിപ്പിക്കലൊന്നും ഇവിടെ നടക്കുന്ന കാര്യമല്ല. എംപിമാര്‍ക്കും എംഎല്‍എമാര്‍ക്കും കേരള സര്‍ക്കാര്‍ ഓഫീസുകള്‍ നല്‍കിയിട്ടുണ്ട്. ആരെയും ഇറക്കി വിടേണ്ട കാര്യമില്ലെന്നും ശിവന്‍കുട്ടി പ്രതികരിച്ചു.
കോര്‍പ്പറേഷന്റെ കെട്ടിടമാണെങ്കിലും കെട്ടിടം സംബന്ധിച്ച് തീരുമാനമെടുക്കാന്‍ കൗണ്‍സിലിന് അധികാരമില്ല. കോര്‍പ്പറേഷന്‍ കൗണ്‍സിലിനും മുകളില്‍ സംസ്ഥാന സര്‍ക്കാരുണ്ട്. കെട്ടിടം വാടകയ്‌ക്കെടുത്തത് പ്രശാന്തിന് പറ്റിയ അബദ്ധമാണ്. കോര്‍പ്പറേഷന്‍ കെട്ടിടത്തില്‍ ഒഴിഞ്ഞു കിടക്കുന്ന ഒരു മുറി ഉപയോഗിക്കാന്‍ വാടക നല്‍കേണ്ട കാര്യമില്ലെന്ന് വി ശിവന്‍കുട്ടി പറഞ്ഞു.
നെടുങ്കാട് സ്‌കൂളിലെ രണ്ട് മുറികള്‍ കഴിഞ്ഞ അഞ്ച് വര്‍ഷമായി ഉപയോഗിക്കുന്നത് ബിജെപി കൗണ്‍സിലര്‍മാരാണ്. അത് വിദ്യാഭ്യാസ വകുപ്പ് കൊടുത്തതാണ്. ജനധിപത്യത്തില്‍ ബിജെപി ആണെങ്കിലും കോണ്‍ഗ്രസ് ആണെങ്കിലും ആരായാലും കൊടുക്കേണ്ടതാണ്. മതിലിന്റെ അപ്പുറവും ഇപ്പുറവും പോലെയുള്ള ഭൂരിപക്ഷമല്ലേ ഉള്ളത്. ഇത്രയും അഹങ്കാരം കാണിക്കേണ്ട കാര്യമുണ്ടോ. എത്ര ധിക്കാരത്തോടെയാണ് ഒരു എംഎല്‍എയെ ഇറക്കിവിടാന്‍ ശ്രമിക്കുന്നത് എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഇന്നലെയാണ് എംഎൽഎ വി കെ പ്രശാന്തിനോട് ഓഫീസ് ഒഴിയണമെന്ന് ബിജെപി കൗൺസിലർ ആർ ശ്രീലേഖ ആവശ്യപ്പെട്ടത്. ശാസ്തമംഗലത്തെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ എംഎൽഎ ഓഫീസ് കെട്ടിടം തനിക്ക് വേണമെന്നായിരുന്നു ബിജെപി കൗൺസിലറായ ശ്രീലേഖയുടെ ആവശ്യം. എംഎൽഎ ഓഫീസ് ഇരിക്കുന്ന കെട്ടിടമാണ് തനിക്ക് സൗകര്യമെന്നായിരുന്നു ശ്രീലേഖയുടെ വാദം.
അതേസമയം വി കെ പ്രശാന്തുമായി കൂടിക്കാഴ്ച്ച നടത്തിയ ആർ ശ്രീലേഖ നിലപാട് മയപ്പെടുത്തി. വട്ടിയൂര്‍ക്കാവ് എംഎല്‍എ വി കെ പ്രശാന്ത് മൂന്നോ നാലോ മാസം നിലവിലെ കെട്ടിടത്തില്‍ തുടരുന്നതില്‍ തനിക്ക് പ്രശ്‌നമില്ലെന്ന് ശ്രീലേഖ പറഞ്ഞു. ഒഴിയണമെന്ന് ആവശ്യപ്പെട്ട് എംഎല്‍എ ഓഫീസിലെത്തി പ്രശാന്തിനെ കണ്ടതിന് പിന്നാലെയാണ് ശ്രീലേഖ ആവശ്യത്തില്‍ മയപ്പെട്ടത്.
മാഡമാണ് വിവാദമുണ്ടാക്കിയതെന്ന് പ്രശാന്ത് പ്രതികരിച്ചിരുന്നു. തമ്മില്‍ പ്രശ്‌നങ്ങളില്ലെന്ന് ശ്രീലേഖയും പ്രതികരിച്ചു. രാവിലെ കോര്‍പ്പറേഷന്‍ കെട്ടിടത്തിലെ ഓഫീസ് സന്ദര്‍ശിച്ച ശേഷവും എംഎല്‍എ ഓഫീസ് ഒഴിയണമെന്ന നിലപാടില്‍ തന്നെയായിരുന്നു ശ്രീലേഖ. പിന്നീട് ആവശ്യം മയപ്പെടുത്തുകയായിരുന്നു.
Content Highlight; Sivankutty responds to Sreelekha on the MLA office issue