

പത്തനംതിട്ട: മറ്റത്തൂരിൽ കോൺഗ്രസ് അംഗങ്ങൾ ബിജെപിക്കൊപ്പം ചേര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയെ പിന്തുണച്ച സംഭവത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം തള്ളി വി ഡി സതീശൻ. മറ്റത്തൂരിൽ കോൺഗ്രസ് പ്രവർത്തകർ ആരും ബിജെപിയിലേക്ക് പോയിട്ടില്ലെന്നും പാർട്ടി തീരുമാനം ലംഘിച്ച് വിമതനെ പിന്തുണച്ചതാണ് നടപടിക്ക് കാരണമെന്നും വി ഡി സതീശൻ വ്യക്തമാക്കി. ഒരു വിമതൻ സിപിഐഎം പിന്തുണയിൽ പ്രസിഡന്റാകാൻ തീരുമാനിച്ചപ്പോൾ മറ്റൊരു വിമതനെ കോൺഗ്രസ് പ്രവർത്തകർ പിന്തുണക്കുകയായിരുന്നു എന്നും സതീശൻ കൂട്ടിച്ചേർത്തു. പിണറായി വിജയന് അവർ ബിജെപിയിൽ പോകണമെന്നാണ് ആഗ്രഹം. അമിത് ഷായും മോദിയും എവിടെ ഒപ്പിടാൻ പറഞ്ഞാലും അത് ചെയ്യുന്നയാളാണ് മുഖ്യമന്ത്രി. എന്നിട്ട് ഒരു പഞ്ചായത്തിലുണ്ടായ കാര്യത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെ പരിഹസിക്കാൻ വരികയാണെന്നും സതീശൻ വിമർശിച്ചു. തോറ്റ് തൊപ്പിയിട്ട് ഇട്ടിരിക്കുമ്പോഴാണ് മുഖ്യമന്ത്രി പരിഹാസം പറയുന്നതെന്നും ഒന്നും കിട്ടാത്തതുകൊണ്ടാണ് മറ്റത്തൂരിലെ കാര്യം പറയുന്നതെന്നും സതീശൻ കൂട്ടിച്ചേർത്തു.
ഒറ്റച്ചാട്ടത്തിന് ബിജെപിയില്‍ എത്താന്‍ തക്കം പാര്‍ത്തിരിക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ് എന്നും മരുന്നിനുപോലും ഒരാളെ ബാക്കിവെയ്ക്കാതെ ബിജെപി അവരെ അങ്ങെടുത്തുവെന്നുമായിരുന്നു മറ്റത്തൂർ വിവാദത്തിൽ മുഖ്യമന്ത്രിയുടെ വിമർശനം. കേരളം പരിചയിച്ച രാഷ്ട്രീയ കാഴ്ചയല്ല അതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
2016ല്‍ അരുണാചല്‍ പ്രദേശില്‍ നടന്ന കോണ്‍ഗ്രസ് എംഎല്‍എമാരുടെ കൂറുമാറ്റവും 2021ല്‍ പുതുച്ചേരിയില്‍ എന്‍ഡിഎ അധികാരത്തിലെത്തിയതുമടക്കം ചൂണ്ടിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനം. ഇതിന്റെ കേരള മോഡലാണ് മറ്റത്തൂരിലേതെന്നും ആ പഞ്ചായത്തില്‍ എല്‍ഡിഎഫ് പ്രസിഡന്റ് അധികാരത്തില്‍ വരുന്നത് തടയാനാണ് കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയോടൊപ്പം പോയതെന്നും അതവര്‍ തുറന്നുസമ്മതിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി വിമർശിച്ചിരുന്നു.
മറ്റത്തൂരില്‍ ബിജെപി പിന്തുണയോടെ പഞ്ചായത്ത് ഭരണം യുഡിഎഫ് വിമതപക്ഷം നേടുകയായിരുന്നു. എട്ട് കോണ്‍ഗ്രസ് അംഗങ്ങളും നാല് ബിജെപി അംഗങ്ങളും സ്വതന്ത്രയായി ജയിച്ച ടെസ്സി ജോസ് കല്ലറക്കലിനെ പഞ്ചായത്ത് പ്രസിഡന്റായി പിന്തുണക്കുകയായിരുന്നു. കോണ്‍ഗ്രസ് നിലപാടില്‍ പ്രതിഷേധിച്ചായിരുന്നു പഞ്ചായത്തില്‍ നിന്നും വിജയിച്ച എട്ട് കോണ്‍ഗ്രസ് വാര്‍ഡ് അംഗങ്ങള്‍ പാര്‍ട്ടിയില്‍ നിന്നും രാജിവെച്ചത്.
മറ്റത്തൂരിലെ ഈ 'കൂറുമാറ്റം' വലിയ രാഷ്ട്രീയ വിവാദമായതിന് പിന്നാലെ പാർട്ടി ഇവരെ പുറത്താക്കിയിരുന്നു. വിമതർ അടക്കം പത്ത് പഞ്ചായത്തംഗങ്ങളെയാണ് പുറത്താക്കിയത്. സുമ മാഞ്ഞൂരാന്‍, ടെസി കല്ലറയ്ക്കല്‍, അക്ഷയ് കൃഷ്ണ, സിജി രാജു, സിബി പൗലോസ്, ശ്രീജ ടീച്ചര്‍, മിനി ടീച്ചര്‍, കെ ആര്‍ ഔസേപ്പ്, ലിന്റോ പള്ളിപ്പറമ്പില്‍, നൂര്‍ജഹാന്‍ എന്നിവരെയാണ് കോണ്‍ഗ്രസ് പുറത്താക്കിയത്.
Content Highlights: mattathur bjp udf row; vd satheesan against pinarayi vijayan