

അന്തരിച്ച കലാസംവിധാകന്‍ കെ ശേഖറിന് അനുശോചനം അറിയിച്ച് സംവിധായകന്‍ പ്രിയദര്‍ശന്‍. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍ എന്നും തന്നെ സിനിമയിലേക്ക് എത്തിക്കാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു അദ്ദേഹമെന്നും പ്രിയദര്‍ശന്‍ കുറിച്ചു. AIയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് ശേഖര്‍ ആണെന്നും പ്രിയദര്‍ശന്‍ സോഷ്യല്‍ മീഡിയയിലൂടെ കുറിച്ചു.
പ്രിയദർശന്റെ പോസ്റ്റിന്റെ പൂർണരൂപം:
പ്രിയപ്പെട്ട ശേഖര്‍, നിനക്കെന്റെ ആയിരം ആദരാഞ്ജലികള്‍.
കോളേജ് പഠനകാലത്ത് ഞാന്‍ കണ്ട ഏറ്റവും ബുദ്ധിമാനും എന്നെ സിനിമയിലേക്ക് കൊണ്ടുവരാന്‍ ഏറ്റവും പ്രചോദനം നല്‍കിയ സുഹൃത്തുമായിരുന്നു നീ. സിനിമയുടെ ലോകത്തേക്ക് നിന്നെ വലിച്ചിഴച്ചത് ഞാനാണ്. AIയും ആനിമേഷനും ഒക്കെ വരുന്നതിനുമുമ്പ്, മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ എന്ന സിനിമയില്‍ അത്ഭുതകരമായ ആര്‍ട്ട് ഡയറക്ഷന്‍ ചെയ്ത് ഇന്ത്യയെ മുഴുവന്‍ ഞെട്ടിച്ചത് നീയാണ്. പിന്നെ നീ സിനിമയില്‍ നിന്ന് മാറി സഞ്ചരിച്ചു. ഇഷ്ടവഴികളിലൂടെ സ്വന്തം ഇഷ്ടം പോലെ നടക്കുന്നതായിരുന്നല്ലോ നിന്റെ ശീലം. നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് എന്ന ചിത്രത്തിനുശേഷം നീ സിനിമ വേണ്ടെന്നുവെച്ചു. ഇന്ത്യ കണ്ട ഏറ്റവും വലിയ കലാസംവിധായകനായിരുന്നു ശേഖര്‍. വിപ്ലവകരമായ പ്രൊഡക്ഷന്‍ ഡിസൈനിലൂടെ ദൃശ്യവിസ്മയം തീര്‍ത്ത മഹാകലാകാരന്‍. ഒരിക്കല്‍കൂടി നിനക്കെന്റെ പ്രണാമം.
ഇന്ത്യയിലെ ആദ്യ ത്രി ഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തനിലെ കലാസംവിധായകന്‍ എന്ന നിലയിലാണ് കെ ശേഖര്‍ ഏറെ
പ്രശസ്തനാകുന്നത്. നിരവധി മലയാള ചിത്രങ്ങളില്‍ കലാസംവിധായകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. 1982ല്‍ ജിജോ പൊന്നൂസ് സംവിധാനം ചെയ്ത പടയോട്ടത്തിലൂടെയാണ് സിനിമാരംഗത്തേക്ക് ശേഖര്‍ കടന്നുവരുന്നത്. ജിജോ പൊന്നൂസ് തന്നെ ഒരുക്കിയ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ വഴിത്തിരവായി. പിന്നീട്, നോക്കെത്താ ദൂരത്ത് കണ്ണുംനട്ട് അടക്കം അക്കാലത്തെ നിരവധി ചിത്രങ്ങളില്‍ കലാസംവിധായകനായി തിളങ്ങി.
Content Highlights: Priyadarshan about Art Director K Sekhar