UPയിൽ ബുൾഡോസർ കൊണ്ട് ഇടിച്ച് തെരുവിലേക്കിറങ്ങി തെണ്ടിക്കോളാൻ പറയുകയാണ്, കർണാടകയിൽ അങ്ങനെയല്ല: കുഞ്ഞാലിക്കുട്ടി

പുറത്താക്കപ്പെട്ടവരെ കര്‍ണാടക സര്‍ക്കാര്‍ തിരിഞ്ഞുനോക്കുന്നില്ലെന്ന് എന്‍ജിഒ

UPയിൽ ബുൾഡോസർ കൊണ്ട് ഇടിച്ച് തെരുവിലേക്കിറങ്ങി തെണ്ടിക്കോളാൻ പറയുകയാണ്, കർണാടകയിൽ അങ്ങനെയല്ല: കുഞ്ഞാലിക്കുട്ടി
dot image

മലപ്പുറം: കര്‍ണാടകയിലെ ബുള്‍ഡോസര്‍ രാജില്‍ പ്രതികരിച്ച് മുസ്‌ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. വാര്‍ത്തകൾ അറിഞ്ഞ ഉടനെ താനും സാദിഖലി തങ്ങളും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയെയും ന്യൂനപക്ഷ മന്ത്രിയെയും ഉള്‍പ്പെടെ വിളിച്ചിരുന്നുവെന്ന് കുഞ്ഞാലിക്കുട്ടി പറഞ്ഞു. മലയാളി സംഘടനകളെ അടക്കം വിളിച്ച് പൂര്‍ണമായ നിജസ്ഥിതി അന്വേഷിച്ചെന്നും കുഞ്ഞാലിക്കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

'എല്ലാവരും അവിടെ പോയി നിജസ്ഥിതി അന്വേഷിച്ചു. സാധാരണ ഉത്തര്‍പ്രദേശിലും മറ്റും കാണുന്നത് പോലെയുള്ള ബുള്‍ഡോസര്‍ രാജ് അല്ലയിതെന്ന് ഞങ്ങളോട് നേതാക്കന്മാര്‍ ഒറ്റക്കെട്ടായി പറഞ്ഞു. എല്ലാ തരം ജനങ്ങളും അതിലുണ്ട്. ന്യൂനപക്ഷം മാത്രമല്ല. അര്‍ഹിക്കുന്ന ആളുകള്‍ക്ക് വേണ്ട പുനരധിവാസം കൊടുക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ട്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

പല തവണ നോട്ടീസ് കൊടുത്ത സ്ഥലമാണെന്നാണ് സര്‍ക്കാരിന്റെ വാദമെന്നും ഒഴിവാക്കപ്പെട്ടവര്‍ക്ക് നല്ല ആകര്‍ഷകമായ പുനരധിവാസം സര്‍ക്കാര്‍ കൊടുക്കുന്നുണ്ടെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ഉത്തര്‍പ്രദേശില്‍ ബുള്‍ഡോസര്‍ കൊണ്ട് ഇടിച്ചിട്ട് തെരുവിലേക്കിറങ്ങി പോയി തെണ്ടിക്കോളാന്‍ പറയകുയാണെന്നും കര്‍ണാടകയില്‍ അങ്ങനെയല്ലെന്നും അത് രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി ചീപ്പായി ചാടിപ്പുറപ്പെട്ട ആളുകള്‍ മനസിലാക്കണമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

'ഇവിടെ പാവപ്പെട്ട എല്ലാ ജനവിഭാഗങ്ങളെയും മനുഷ്യത്വം പരിഗണിച്ച് പുനരധിവസിപ്പിക്കും. കേരളം ചെയ്യുന്നതിനേക്കാള്‍ മെച്ചപ്പെട്ട രീതിയില്‍ പുനരധിവാസം ഉറപ്പാക്കും. കര്‍ണാടക സര്‍ക്കാര്‍ ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കിയിട്ടുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരില്‍ നിന്ന് അങ്ങനെ ഒന്ന് ഉണ്ടാകുമെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നില്ല. ഞങ്ങള്‍ എല്ലാം നിരീക്ഷിക്കുന്നുണ്ട്. കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് അറിഞ്ഞ് അവിടെ ചെന്ന് രാഷ്ട്രീയ മുതലെടുപ്പ് നടത്തുന്നവര്‍ ചെയ്യുന്നത് ഒരു ചീപ്പ് പണിയാണ്. ഉടനെ സര്‍ക്കാരുമായി സംസാരിച്ച് പുനരധിവാസത്തിനുള്ള കാര്യങ്ങളായിരുന്നു ഇവിടുത്തെ മുഖ്യമന്ത്രി ചെയ്യേണ്ടിയിരുന്നത്. ആ പണി യുപിയിലെ മന്ത്രിയോട് ചെയ്യാന്‍ പറ്റുമോ. പറ്റില്ല. അവിടെ വര്‍ഗീയമായി കമ്മ്യൂണിറ്റി തിരിച്ച് ചെയ്യുന്നതാണ്. ഇവിടെ അങ്ങനെയല്ല, എല്ലാ വിഭാഗങ്ങളും ജനങ്ങളും ഇവിടെയുണ്ട്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.

എന്തെങ്കിലും ന്യൂനത വന്നിട്ടുണ്ടെങ്കില്‍ പരിഹരിക്കാന്‍ തയ്യാറാണെന്ന് കര്‍ണാടക സര്‍ക്കാര്‍ പറയുന്നുണ്ടെന്നും ആ സമീപനമാണ് പ്രധാനമെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. എന്നാല്‍ യുപിയില്‍ അങ്ങനൊരു സമീപനമില്ലെന്നും അവിടെ ബുള്‍ഡോസര്‍ രാജാണ് നടക്കുന്നതെന്നും പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

അതേസമയം സംസ്ഥാന സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നില്ലെന്നാണ് കുടിയിറക്കപ്പട്ടവര്‍ റിപ്പോര്‍ട്ടറിനോട് പറഞ്ഞത്. 500ലധികം വിദ്യാര്‍ത്ഥികളുടെ പുസ്തകങ്ങളും പഠനസാമഗ്രികളും നശിച്ചെന്നും പ്രദേശവാസികള്‍ക്ക് സഹായം നല്‍കുന്ന എന്‍ജിഒ അറിയിച്ചു. ഇവര്‍ക്ക് ഭക്ഷണം കിട്ടുന്നില്ലെന്നും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണെന്നും എന്‍ജിഒ പ്രതിനിധികളും പ്രദേശവാസികളും വ്യക്തമാക്കി. നിലവില്‍ താര്‍പ്പോളിന്‍ വിരിച്ചാണ് പ്രദേശവാസികള്‍ പ്രദേശത്ത് താമസിക്കുന്നത്. സന്നദ്ധ സംഘടനകളാണ് നിലവില്‍ ഇവര്‍ക്ക് ഭക്ഷണം നല്‍കുന്നത്.

Content Highlights: P K Kunhalikkutty against Karnataka Bulldozer Raj and natives against State government

dot image
To advertise here,contact us
dot image