

തിരുവനന്തപുരം: കളളക്കടല്‍ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. കളളക്കടല്‍ പ്രതിഭാസത്തിന്റെ ഭാഗമായി നാളെ (27-12-2025) രാത്രി 11.30 വരെ കേരളാ തീരത്ത് 0.2 മീറ്റര്‍ മുതല്‍ 0.7 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ കാരണം കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചതായി കെഎസ്ഡിഎംഎ വ്യക്തമാക്കി. കടലാക്രമണത്തിന് സാധ്യതയുളളതിനാല്‍ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നും കെഎസ്ഡിഎംഎ നിര്‍ദേശിച്ചു.
കടല്‍ക്ഷോഭം രൂക്ഷമാകാന്‍ സാധ്യതയുളളതിനാല്‍ അപകട മേഖലകളില്‍ നിന്ന് അധികൃതരുടെ നിര്‍ദേശാനുസരണം മാറി താമസിക്കണം, ചെറിയ വളളങ്ങളും ബോട്ടുകളും കടലിലേക്ക് ഇറക്കുന്നത് ഒഴിവാക്കണം, കളളക്കടല്‍ പ്രതിഭാസത്തിനും ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുളളതിനാല്‍ കടലിലേക്ക് മത്സ്യബന്ധന യാനങ്ങള്‍ ഇറക്കുന്നതുപോലെ അപകടകരമാണ് കരയ്ക്കടുപ്പിക്കുന്നതും. അതിനാല്‍ തിരമാല ശക്തിപ്പെടുന്ന ഘട്ടത്തില്‍ കടലിലേക്ക് യാനം ഇറക്കുന്നതും കരയ്ക്കടുപ്പിക്കുന്നതും ഒഴിവാക്കണമെന്ന് കെഎസ്ഡിഎംഎ നിർദേശിച്ചു.
ഐഎന്‍സിഒഐഎസ് മുന്നറിയിപ്പ് പിന്‍വലിക്കുന്നത് വരെ ബീച്ചുകള്‍ കേന്ദ്രീകരിച്ചുളള വിനോദസഞ്ചാരമുള്‍പ്പെടെയുളള എല്ലാ പ്രവര്‍ത്തനങ്ങളും പൂര്‍ണമായി ഒഴിവാക്കണം, മത്സ്യബന്ധന യാനങ്ങള്‍ ഹാര്‍ബറില്‍ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. വളളങ്ങള്‍ തമ്മില്‍ സുരക്ഷിത അകലം പാലിക്കുന്നത് കൂട്ടിയിടിച്ചുളള അപകട സാധ്യത ഒഴിവാക്കാം, മത്സ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം, ബീച്ചിലേക്കുളള യാത്രകളും കടലില്‍ ഇറങ്ങിയുളള വിനോദങ്ങളും പൂര്‍ണമായും ഒഴിവാക്കണം എന്നിവയാണ് കെഎസ്ഡിഎംഎ പുറത്തിറക്കിയ നിര്‍ദേശങ്ങള്‍.
Content Highlights: Kallakkadal (swell surge) warning in kerala coastal areas