

ന്യൂഡല്‍ഹി: ക്രിസ്മസ് ആഘോഷത്തിനിടെ ആശങ്കയില്‍ ഉത്തരേന്ത്യ. നിരവധിയിടങ്ങളില്‍ ആഘോഷങ്ങള്‍ക്കിടെ അതിക്രമങ്ങളുണ്ടായി. ഡല്‍ഹിയില്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണമുണ്ടായി. മധ്യപ്രദേശിലെ ജബല്‍പൂരില്‍ മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ച് ബിജെപി, ബജ്രംഗ്ദള്‍ പ്രവര്‍ത്തകര്‍ സംഘര്‍ഷമുണ്ടാക്കി. ഉത്തര്‍പ്രദേശിലെ ഗൊരഖ്പൂരില്‍ ഹവാബാഗ് കോളേജിനടുത്തുളള പളളിയില്‍ കാഴ്ച്ചപരിമിതിയുളള കുട്ടികള്‍ക്കായി നടത്തിയ ക്രിസ്മസ് ആഘോഷത്തില്‍ അതിക്രമിച്ച് കയറി. കാഴ്ച്ചയില്ലാത്ത പെണ്‍കുട്ടിയെ ബിജെപി പ്രാദേശിക നേതാവ് അഞ്ജു ഭാര്‍ഗവ ആക്രമിക്കുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.
ഡല്‍ഗി ലാജ്പത് നഗറിലാണ് മലയാളികള്‍ ഉള്‍പ്പെടെയുളള കരോള്‍ സംഘത്തെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ വിരട്ടിയോടിച്ചത്. മതപരിവര്‍ത്തനം നടത്തുന്നു എന്നാരോപിച്ചാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെട്ട സംഘത്തിന് നേരെ ആക്രമണമുണ്ടായത്. ഉത്തര്‍പ്രദേശില്‍ ക്രിസ്മസ് ദിനത്തില്‍ സ്‌കൂളുകള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്ന് സര്‍ക്കാര്‍ നിര്‍ദേശിച്ചു. മുന്‍ പ്രധാനമന്ത്രി അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മശതാബ്ദിയോട് അനുബന്ധിച്ച് കുട്ടികള്‍ നിര്‍ബന്ധമായും സ്‌കൂളിലെത്തണമെന്നാണ് നിര്‍ദേശം.
ഒഡീഷയില്‍ ക്രിസ്മസ് അലങ്കാരവസ്തുക്കളും സാന്റാക്ലോസ് വേഷവും വില്‍പ്പനയ്ക്ക് വെച്ചവര്‍ക്ക് നേരെയും അതിക്രമമുണ്ടായി. ഇന്ത്യ ഹിന്ദു രാഷ്ട്രമാണെന്നും ഇവിടെ ഇത്തരം വസ്തുക്കള്‍ കച്ചവടം ചെയ്യാനാവില്ലെന്നും പറഞ്ഞായിരുന്നു അതിക്രമം നടത്തിയത്. മധ്യപ്രദേശിലെ മധോതലില്‍ മതപരിവര്‍ത്തനം ആരോപിച്ച് പ്രാര്‍ത്ഥനാ സംഘത്തെ ആക്രമിച്ചു.
വിഷയത്തില്‍ ആഭ്യന്തരമന്ത്രി അമിഷ് ഷാ ഇടപെടണമെന്നാവശ്യപ്പെട്ട് സിബിസിഐ രംഗത്തെത്തിയിട്ടുണ്ട്. ക്രിസ്മസ് കാലത്ത് ക്രൈസ്തവര്‍ക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങള്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് സിബിസിഐ പറഞ്ഞു. സുക്ഷ ഉറപ്പുവരുത്താന്‍ ആഭ്യന്തരമന്ത്രി ഇടപെടണമെന്നും ജബല്‍പൂരിലെ ബിജെപി നേതാവ് അഞ്ജു ഭാര്‍ഗവയെ പുറത്താക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.
'നേരത്തെയും ക്രിസ്മസ് ആഘോഷങ്ങള്‍ക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിന്റെ കെട്ടുറപ്പിനും സാഹോദര്യത്തിനും രാജ്യത്തിന്റെ പുരോഗതിക്കും തടസമാകും. സന്തോഷത്തോടെയും സമാധാനത്തോടെയും ക്രിസ്മസ് ആഘോഷിക്കാനുളള സാഹചര്യമൊരുക്കാന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടപടിയെടുക്കണം' എന്ന് സിബിസിഐ വക്താവ് ഫാ. റോബിന്‍സണ്‍ റോഡ്രിഗസ് പറഞ്ഞു.
Content Highlights: North India in turmoil during Christmas celebrations; Carol groups attacked in several places