

വിജയ് ഹസാരെ ട്രോഫിയിൽ ബാറ്റിങ് വെടിക്കെട്ടുമായി കൗമാരതാരം വൈഭവ് സൂര്യവംശി. അരുണാചൽ പ്രദേശിനെതിരായ പ്ലേറ്റ് ഗ്രൂപ്പ് മത്സരത്തിൽ ബിഹാറിന് വേണ്ടി ഇറങ്ങിയ താരം തകർപ്പൻ സെഞ്ച്വറി നേടിയാണ് ഞെട്ടിച്ചത്. 36 പന്തിൽ സെഞ്ച്വറി നേടിയ വൈഭവിന് 10 റൺസകലെ ഇരട്ടസെഞ്ച്വറി നഷ്ടമാവുകയായിരുന്നു. മത്സരത്തിൽ 84 പന്തിൽ നിന്ന് താരം 190 റൺസെടുത്തു. അണ്ടര്‍ 19 ഏഷ്യാ കപ്പ് ഫൈനലിലെ നിരാശ വിജയ് ഹസാരെയിൽ തീർത്ത വൈഭവ് വിമർശകരുടെ വായടപ്പിക്കുകയും ചെയ്തിരിക്കുകയാണ്.
വെടിക്കെട്ട് സെഞ്ച്വറിയിലൂടെ നിരവധി റെക്കോർഡുകളും വൈഭവ് സ്വന്തമാക്കിയിരിക്കുകയാണ്. 36 പന്തുകളിൽ മൂന്നക്കം തൊട്ടതോടെ ലിസ്റ്റ് എ ക്രിക്കറ്റിൽ ഏറ്റവും വേഗത്തിൽ സെഞ്ച്വറി നേടുന്ന രണ്ടാമത്തെ താരമെന്ന റെക്കോർഡും വൈഭവ് സ്വന്തമാക്കി. 35 പന്തിൽ സെഞ്ചുറി നേടിയ പഞ്ചാബ് താരം അൻമോൾപ്രീത് സിങ്ങാണ് വൈഭവിന് മുന്നിൽ ഒന്നാമതുള്ളത്. ലിസ്റ്റ് എ ക്രിക്കറ്റിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞതാരമായും ഈ പതിനാലുകാരനായ വൈഭവ് മാറി.
ഇതിന് പുറമെ 54 പന്തില്‍ 150 റണ്‍സ് തികച്ച വൈഭവ് ലിസ്റ്റ് എ ക്രിക്കറ്റിലെ അതിവേഗ 150 റണ്‍സിന്‍റെ ലോക റെക്കോര്‍ഡും സ്വന്തമാക്കി. 64 പന്തില്‍ 150 റണ്‍സടിച്ച സാക്ഷാല്‍ എ ബി ഡിവില്ലിയേഴ്സിന്‍റെ റെക്കോര്‍ഡാണ് വൈഭവ് മറികടന്നത്. ലിസ്റ്റ് എയിലെ ഏറ്റവും വേഗതയേറിയ സെഞ്ച്വറികളുടെ പട്ടികയിലും ഇടം നേടി. ജെയ്ക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് (29), എബി ഡിവില്ലിയേഴ്സ് (31) എന്നിവരാണ് ഒന്നാമത്. എന്നാല്‍ ലിസ്റ്റ് എയിലെ ഏറ്റവും പ്രായം കുറഞ്ഞ സെഞ്ച്വറി എന്ന റെക്കോഡ് ഇതിനിടെ സൂര്യവംശി സ്വന്തം പേരില്‍ എഴുതിച്ചേർത്തു.
Content Highlights: Vaibhav Suryavanshi smashes various records after hitting Century in Vijay Hazare Trophy