ദീപ്തി പരിഗണിക്കപ്പെടുമെന്ന് കരുതി, പാർട്ടിയെ ആർക്കും പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ ആകില്ല: മാത്യു കുഴൽനാടൻ

പ്രതിപക്ഷ നേതാവിന് ചുമതലയുള്ള സ്ഥലമാണ് കൊച്ചിയെന്നും ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി എന്നത് പറ്റില്ലെന്നും മാത്യു കുഴല്‍നാടന്‍

ദീപ്തി പരിഗണിക്കപ്പെടുമെന്ന് കരുതി, പാർട്ടിയെ ആർക്കും പോക്കറ്റിൽ ഇട്ടുകൊണ്ടുപോകാൻ ആകില്ല: മാത്യു കുഴൽനാടൻ
dot image

കൊച്ചി: കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ തെരഞ്ഞെടുപ്പിന് പിന്നാലെയുണ്ടായ വിവാദങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍. ഒത്തിരി പ്രയാസങ്ങളും പ്രതിസന്ധികളും വെല്ലുവിളികളും സഹിച്ചാണ് ദീപ്തി മേരി വര്‍ഗീസ് ഈ കടമ്പ കടന്നുപോയതെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഒരു വനിതാ നേതാവ് കെഎസ്‌യു കാലഘട്ടം മുതല്‍ ഇത്രയും വര്‍ഷമായി പൊതു രംഗത്തും രാഷ്ട്രീയ രംഗത്തും നില്‍ക്കുകയെന്ന് പറയുന്നത് ത്യാഗോജ്ജ്വലമായ പ്രവര്‍ത്തനമാണെന്നും അദ്ദേഹം വ്യക്തമാക്കി.

'ദീപ്തി യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ നിരയില്‍ പ്രവര്‍ത്തിച്ചതാണ്. എല്ലാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും ഇഷ്ടം തോന്നുന്ന, വൈകാരിക അടുപ്പം തോന്നുന്ന വനിതാ നേതാക്കള്‍ പാര്‍ട്ടിക്കകത്തുണ്ട്. ഷാനിമോള്‍ ഉസ്മാന്‍, ബിന്ദു കൃഷ്ണ, ദീപ്തി ഇവരൊക്കെ തന്നെ പോരാളികളാണ്. അവരോടൊക്കെ ഗ്രൂപ്പുകള്‍ക്കതീതമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് ഒരു വികാരമുണ്ട്. സംഘടനാ പ്രവര്‍ത്തനത്തില്‍ കാലാകാലങ്ങളായി പാര്‍ട്ടിക്കൊപ്പം നിന്ന് പാര്‍ട്ടിയിലെ എല്ലാ പ്രയാസങ്ങളിലും സമരങ്ങളിലും ലാത്തിച്ചാര്‍ജില്‍ നിന്നുമെല്ലാം വരുന്നവര്‍ക്ക് പാര്‍ലമെന്ററി രംഗത്തേക്ക് വരുമ്പോള്‍ പരിഗണന നല്‍കണമെന്ന തീരുമാനമുണ്ടായിരുന്നു. അങ്ങനെ വരുമ്പോള്‍ കെപിസിസി ജനറല്‍ സെക്രട്ടറിയായിരിക്കുന്ന, അതി ദീര്‍ഘകാലമായി പൊതുരംഗത്ത് നിറഞ്ഞ് നില്‍ക്കുന്ന വനിതാ വ്യക്തിത്വം എന്ന നിലയില്‍ പൊതുസമൂഹത്തിന്റെ താല്‍പര്യം ദീപ്തിയായിരുന്നു. അവര്‍ പരിഗണിക്കപ്പെടുമെന്നായിരുന്നു ഞാന്‍ കരുതിയത്. ഞാനും പലവട്ടം സമാനമായ അനുഭവത്തിലൂടെ കടന്നു പോയയാളാണ്', മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

പാര്‍ട്ടി നിലപാടിനെ ചോദ്യം ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ലെന്നും എല്ലാ പദവികളിലും ഭൂരിപക്ഷ അടിസ്ഥാനത്തിലാണ് ആളുകള്‍ ഇരിക്കുന്നതെന്ന് പറയുന്നത് ശരിയല്ലെന്നും മാത്യു കുഴല്‍നാടന്‍ പറഞ്ഞു. ഭൂരിപക്ഷമാണ് തീരുമാനങ്ങളുടെ മാനദണ്ഡമെങ്കില്‍ ഇനിയങ്ങോട്ട് എല്ലാത്തിലും അങ്ങനെ തന്നെ ആവണം മാനദണ്ഡമെന്നും അദ്ദേഹം വിമര്‍ശിച്ചു. 'എല്ലാ കാര്യങ്ങളിലും ഭൂരിപക്ഷം നോക്കി ആയിരുന്നല്ല കോണ്‍ഗ്രസ് തീരുമാനം എടുത്തിരുന്നത്. പ്രതിപക്ഷ നേതാവിന് ചുമതലയുള്ള സ്ഥലമാണ് കൊച്ചി. ഒരിടത്ത് ഒരു നീതി മറ്റൊരിടത്ത് വേറൊരു നീതി എന്നത് പറ്റില്ല. ജനാധിപത്യത്തില്‍ തീരുമാനം എടുക്കേണ്ടത് നേതൃത്വം ആണ്. പാര്‍ട്ടിയെ ആര്‍ക്കും പോക്കറ്റില്‍ ഇട്ടു കൊണ്ടുപോകാന്‍ ആകില്ല. പ്രതിപക്ഷ നേതാവിന്റെ മേല്‍നോട്ടത്തില്‍ നടന്ന തെരഞ്ഞെടുപ്പ് ആണ്', മാത്യു കുഴല്‍നാടന്‍ പറഞ്ഞു.

ക്രിസ്മസുമായി ബന്ധപ്പെട്ട് ഉത്തരേന്ത്യയില്‍ നടക്കുന്ന വര്‍ഗീയാക്രമണങ്ങള്‍ക്കെതിരെയും മാത്യു പ്രതികരിച്ചു. ഈ സമയത്ത് കേക്കുമായി അരമനയിലേക്കും മഠത്തിലേക്കും വരുന്ന ആര്‍എസ്എസുകാരെയും സംഘപരിവാറുകാരെയും ആട്ടിപ്പായിക്കാന്‍ തയ്യാറാകണമെന്ന് മാത്യു കുഴല്‍നാടന്‍ പറഞ്ഞു. രാജ്യത്തെമ്പാടുമുള്ള ക്രൈസ്തവരെയും ക്രിസ്മസ് ആഘോഷങ്ങളെയും ഒരു കരുണയുമില്ലാതെ വേട്ടയാടുന്നത് കേന്ദ്ര സര്‍ക്കാരും പ്രത്യയശാസ്ത്രവുമാണ്. ഇതും മനസില്‍ വെച്ചാണ് ഇവര്‍ അരമന കയറി ഇറങ്ങുന്നത് എന്ന് തിരിച്ചറിയണമെന്നും മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.

Content Highlights: Kochi Corporation Mayor issue Mathew Kuzhalnadan responds

dot image
To advertise here,contact us
dot image