

ന്യൂഡൽഹി: സംസ്ഥാനത്തിന് കിട്ടാനുള്ള തുക നൽകണമെന്നാവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമല സീതാരാമനുമായി കൂടിക്കാഴ്ച നടത്തിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. കടമെടുപ്പ് പരിധിയിൽ വലിയ വെട്ടിക്കുറവുണ്ടായെന്നും ഇത് സംസ്ഥാനത്ത് വലിയ ബുദ്ധിമുട്ട് ഉണ്ടാക്കുമെന്നും കേന്ദ്രമന്ത്രിയെ അറിയിച്ചതായി ബാലഗോപാൽ പറഞ്ഞു.
മുഖ്യമന്ത്രി ധനമന്ത്രിയെ കണ്ട് ആവശ്യപ്പെട്ട കാര്യങ്ങൾ വീണ്ടും ധരിപ്പിച്ചു. തീരുമാനം എടുക്കേണ്ടത് കേന്ദ്രമാണ്. ഐജിഎസ്ടി വലിയ കുറവ് വരുന്നു എന്ന കാര്യം അറിയിച്ചു. സംസ്ഥാനത്തെ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിയിൽപ്പെടുത്താൻ ശ്രമം നടന്നു. ഇന്ത്യയിൽ സാമ്പത്തിക വളർച്ച ഉണ്ടായ സംസ്ഥാനമായി കേരളം മാറി. ജിഎസ്ടി പെർഫോമൻസിലും കേരളം ആദ്യ അഞ്ചിലാണ് ഉള്ളത്. സംസ്ഥാനത്തിന് അനുകൂലമായ തീരുമാനം കേന്ദ്രം എടുക്കണം എന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്തെ അങ്ങേയറ്റം ശ്വാസംമുട്ടിക്കുന്ന രീതിയാണ് കേന്ദ്രം പിന്തുടരുന്നത്. കേരളത്തെ ദ്രോഹിക്കാൻ എന്ത് പാതകമാണ് ചെയ്തത്. കോൺഗ്രസ് സംസ്ഥാനത്തിന് വേണ്ടി എന്താണ് ചെയ്തത്. തൊഴിലുറപ്പ് പദ്ധതിയെ ഇല്ലാതാക്കുകയാണ് ചെയ്തത്. ബിജെപി പ്രചാരണം നടത്തുന്നതുപോലെ 125 ദിവസം തൊഴിൽ കൊണ്ടുവരില്ല. ബുദ്ധിമുട്ടിക്കാൻ ശ്രമിച്ചാൽ കേരളത്തിലെ ജനങ്ങൾ മുട്ടുമടക്കില്ല. കേരളത്തിന് ലഭിക്കാനുള്ള കാര്യങ്ങൾ ലഭിക്കണമെന്നും അദ്ദേഹം പറഞ്ഞു.
തദ്ദേശതെരഞ്ഞെടുപ്പ്ഫലത്തെ കുറിച്ചും മന്ത്രി പ്രതികരിച്ചു. തെരഞ്ഞെടുപ്പിൽ വിജയവും പരാജയവും ഉണ്ടായിട്ടുണ്ട്. അല്പംകൂടെ ശ്രദ്ധിക്കേണ്ടതായിരുന്നു. ചിലയിടത്ത് അമിത ആത്മവിശ്വാസം ഉണ്ടായിട്ടുണ്ടാകും. കൃത്യമായ കാര്യം പറഞ്ഞ് ജനങ്ങളെ സമീപിക്കും. കോൺഗ്രസ് - ബിജെപി അവിശുദ്ധ സഖ്യം ഉണ്ടായി. യുഡിഎഫ് എടുത്തത് ആത്മഹത്യാപരമായ സമീപനമാണ്. യുഡിഎഫും ബിജെപിയും തമ്മിൽ നീക്കുപോക്കുകൾ നടന്നിട്ടുണ്ട്. പഠിക്കേണ്ട കാര്യങ്ങൾ പാർട്ടി പഠിക്കുമെന്നും ബാലഗോപാൽ പറഞ്ഞു. അതേസമയം കരോൾ സംഘത്തിന് നേരെ അഹങ്കാരം കാണിക്കുന്നവരെ സമൂഹം അംഗീകരിക്കില്ലെന്നും ബാലഗോപാൽ വ്യക്തമാക്കി.
കേന്ദ്രത്തിനെതിരെ മുഖ്യമന്ത്രി പിണറായി വിജയനും ഇന്ന് രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു. കേരളത്തിന്റെ വികസനത്തിന് കേന്ദ്ര സർക്കാർ തുരങ്കം വെക്കുകയാണെന്നും വായ്പാപരിധി വെട്ടിക്കുറച്ചതിൽ കേന്ദ്ര ധനമന്ത്രിക്ക് നിവേദനം നൽകിയിട്ടും നിഷേധാത്മക സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു. കടമെടുപ്പ് പരിധി വെട്ടിക്കുറച്ച് സർക്കാരിനെ വരിഞ്ഞുമുറുക്കുകയാണ്. കേരളത്തിന്റെ നേട്ടങ്ങളെ സഹായം നിഷേധിക്കാനുള്ള മാർഗമാക്കി കേന്ദ്രം മാറ്റുകയാണ്. കേരളത്തെ തകർക്കുക എന്നത് ആണ് കേന്ദ്ര സർകാർ ലക്ഷ്യമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
കേരളത്തിന് അർഹമായ വിഹിതം കിട്ടാൻ പ്രതിപക്ഷം ഒന്നും ചെയ്യുന്നില്ല. പ്രതിപക്ഷ നേതാവും എംപി മാരും ജനങ്ങളോട് അനീതി കാണിക്കുകയാണ്. രാഷ്ട്രീയ ലാഭത്തിനായി നാടിന്റെ വികസനത്തെ ബലി കൊടുക്കുകയാണവർ. ഇവർ മൗനം പാലിക്കുന്നത് ആർക്ക് വേണ്ടിയാണെന്നും മുഖ്യമന്ത്രി ചോദിച്ചിരുന്നു. വികസനം മുടക്കാൻ ചെയ്യാവുന്നത് എല്ലാം പ്രതിപക്ഷം ചെയ്യുകയാണ്. കേന്ദ്രം അന്യായമായി വെട്ടിക്കുറച്ച വായ്പ പരിധി തിരിച്ച് തരണം. ചോദിക്കുന്നത് ദാനം അല്ല. അർഹമായ കടമെടുപ്പ് അവകാശം തിരികെ നൽകണമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
Content Highlights: KN Balagopal said he met Union Minister Nirmala Sitharaman to request the state to pay the amount