

ഹൈദരാബാദ്: 15 ലക്ഷം രൂപയ്ക്ക് 15 നവജാത ശിശുക്കളെ വിറ്റ റാക്കറ്റിനെ വലയിലാക്കി പൊലീസ്. തെലങ്കാനയിലെ സൈബരാബാദ് സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീമാണ് അന്തര്‍സംസ്ഥാന റാക്കറ്റിനെ പിടികൂടിയത്. കുഞ്ഞുങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രമെ പ്രായമുള്ളൂവെന്നും അറസ്റ്റിലായവര്‍ക്കെതിരെ മുമ്പ് ഒന്നിലധികം സംസ്ഥാനങ്ങളില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മാധാപൂര്‍ ഡിസിപി റിതിരാജ് പറഞ്ഞു.
ഓരോ കുഞ്ഞിനെയും ഏകദേശം 15 ലക്ഷം രൂപയ്ക്കാണ് വിറ്റത്. കുട്ടികളില്ലാത്ത സമ്പന്നരായ ദമ്പതികളെയാണ് സംഘം പ്രധാനമായും ലക്ഷ്യമിട്ടത്. 'ദത്തെടുക്കല്‍' നിയമപരമാണെന്ന് കാണിക്കുന്ന വ്യാജ രേഖകളും ഇവര്‍ നല്‍കിയിരുന്നു.
റാക്കറ്റില്‍ ഉള്‍പ്പെട്ട 12 പേരെ ഈ ഓപ്പറേഷനിലൂടെ അറസ്റ്റ് ചെയ്തു. അഹമ്മദാബാദ് പോലുള്ള നഗരങ്ങളില്‍ നിന്ന് കുട്ടികളെ കൊണ്ടുവന്ന് ഹൈദരാബാദിലേക്ക് വില്‍പ്പനയ്ക്കായി എത്തിക്കുന്ന രാജ്യവ്യാപക ശൃംഖലയാണിതെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. പിടികൂടുന്നതിന് മുമ്പ് ഹൈദരാബാദ് മേഖലയില്‍ മാത്രം കുറഞ്ഞത് 15 കുട്ടികളെയെങ്കിലും വിറ്റിരുന്നതായി പൊലീസ് വ്യക്തമാക്കി.
ആരോഗ്യമെഖലയിലെ പലരുമായും ഇവര്‍ക്ക് ബന്ധമുണ്ടെന്നാണ് റിപ്പോര്‍ട്ട്. എട്ട് ആശുപത്രികളിലെ ജീവനക്കാരുമായും ഇടനിലക്കാരുമായും പ്രതികള്‍ ബന്ധം സ്ഥാപിച്ചിട്ടുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. സ്പെഷ്യല്‍ ഓപ്പറേഷന്‍സ് ടീം നടത്തിയ റെയ്ഡുകളില്‍ രണ്ട് ശിശുക്കളെ രക്ഷപ്പെടുത്തി. കുഞ്ഞുങ്ങളെ സര്‍ക്കാര്‍ ശിശുസംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി.
Content Highlights: Infant Selling Racket Busted In Telangana