വാളയാർ ആള്‍ക്കൂട്ടകൊലപാതകം: പ്രതികളില്‍ കോണ്‍ഗ്രസ് പ്രവർത്തകനും; പാർട്ടിയില്‍ ചേർന്നത് തെരഞ്ഞെടുപ്പ് സമയത്ത്

തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേർന്ന അട്ടപ്പള്ളം സ്വദേശി വിനോദാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്

വാളയാർ ആള്‍ക്കൂട്ടകൊലപാതകം: പ്രതികളില്‍ കോണ്‍ഗ്രസ് പ്രവർത്തകനും; പാർട്ടിയില്‍ ചേർന്നത് തെരഞ്ഞെടുപ്പ് സമയത്ത്
dot image

പാലക്കാട്: വാളയാർ ആള്‍ക്കൂട്ടകൊലപാതകത്തിലെ പ്രതികളില്‍ ഒരാള്‍ കോണ്‍ഗ്രസ് പ്രവർത്തകനെന്ന് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേർന്ന അട്ടപ്പള്ളം സ്വദേശി വിനോദാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. കൊല്ലപ്പെട്ട ഛത്തീസ്ഗഢ് ബിലാസ്പൂര്‍ സ്വദേശി രാംനാരായണിനെ നേരിട്ട് ആക്രമിച്ച ഏഴ് പേരെയാണ് പൊലീസ് ഇതുവരെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇവരില്‍ ആദ്യം പിടിയിലായ അഞ്ച് പേരെ നിലവില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്. ഇതിന് പിന്നാലെയാണ് ഇന്നലെ വിനോദ്, ജഗദീഷ് എന്നിവരെകൂടി പിടികൂടിയിരിക്കുന്നത്.

സ്പെഷ്യല്‍ ബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് വിനോദിന്റെ രാഷ്ട്രീയ പശ്ചാത്തലം പുറത്ത് വന്നിരിക്കുന്നത്. വിനോദ് മുന്‍പ് സിപിഎം അനുഭാവിയായിരുന്നുവെന്നാണ് ബിജെപി ഉള്‍പ്പെടെ ആരോപിക്കുന്നത്. തദ്ദേശ തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസില്‍ ചേർന്ന വിനോദ് പാർട്ടിയുടെ സജീവ പ്രവർത്തകനായി മാറുകയും ചെയ്തു. കോണ്‍ഗ്രസ് പ്രവർത്തകനായിരിക്കെയാണ് വിനോദും രാംനാരായണിനെ ക്രൂരമായി ആക്രമിച്ചിരിക്കുന്നതെന്നാണ് സ്പെഷ്യല്‍ ബ്രാഞ്ച് റിപ്പോർട്ട്.

ജഗദീഷിന്‍റെ രാഷ്ട്രീയ പശ്ചാത്തലം സംബന്ധിച്ച അന്വേഷണവും പുരോഗമിക്കുകയാണ്.

പ്രതികളുടെ രാഷ്ട്രീയ പശ്ചാത്തലം കൂടി അന്വേഷിക്കുമെന്ന് പാലക്കാട് ജില്ല പൊലീസ് മേധാവി അജിത് കുമാർ ഐപിഎസ് കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. കേസില്‍ ഇനിയും പ്രതികള്‍ പിടിയിലാകാനുണ്ട്. ഇവരില്‍ വനിതകള്‍ ഉള്‍പ്പെടേയുള്ളവർ തമിഴ്നാട്ടിലേക്ക് കടന്നു. ഇവരെ പിടികൂടാന്‍ തമിഴ്നാട് പൊലീസിന്‍റെ കൂടെ സഹായം തേടിയേക്കും.

അതേസമയം, രാംനാരായണിനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസില്‍ പിടിയിലായ പ്രതികളില്‍ നാല് പേര്‍ ബിജെപി അനുഭാവികളെന്ന സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നേരത്തെ പുറത്ത് വന്നിരുന്നു. ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികളാണ് ബിജെപി അനുഭാവികള്‍. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

കൊല്ലാനുള്ള ഉദ്ദേശത്തോടെയാണ് രാംനാരായണിനെ പ്രതികള്‍ ആക്രമിച്ചതെന്നാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. രാംനാരായണിന്റെ മുതുകിലും തലയിലും പ്രതികള്‍ വടികൊണ്ടും കൈകള്‍കൊണ്ടും അടിച്ചു. ഒന്നാം പ്രതിയായ അനുവും രണ്ടാം പ്രതിയായ പ്രസാദുമാണ് ഇത്തരത്തില്‍ മര്‍ദിച്ചതെന്ന് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. മൂന്നാം പ്രതിയായ മുരളി രാംനാരായണിന്റെ മുഖത്ത് കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിച്ചു.

നാലാം പ്രതിയായ ആനന്ദൻ രാംനാരായണിന്റെ വയര്‍ ഭാഗത്ത് കാലുകൊണ്ട് ചവിട്ടുകയാണ് ചെയ്തത്. അഞ്ചാം പ്രതി ബിപിനും സമാനമായ അതിക്രമമാണ് നടത്തിയത്. ഇയാള്‍ രാംനാരായണിന്റെ തലയില്‍ കൈകൊണ്ട് അടിച്ച് പരിക്കേല്‍പ്പിക്കുകയാണ് ചെയ്തത്. സാക്ഷിമൊഴികളില്‍ നിന്നും വീഡിയോ പരിശോധിച്ചതില്‍ നിന്നുമാണ് ഈ നിഗമനത്തിലെത്തിയതെന്ന് പൊലീസ് റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

Content Highlights: Walayar incident: Special Branch report says arrested Vinod is a Congress worker

dot image
To advertise here,contact us
dot image