'ഹിന്ദു വോട്ടുബാങ്കിൽ വിള്ളൽ, ക്രിസ്ത്യൻ ഔട്ട്റീച്ചും പാളി'; ബിജെപി നേതൃയോഗത്തിൽ വിമർശനം

ബിജെപി ജയിക്കാൻ സാധ്യതയുണ്ടായിരുന്ന വാർഡുകളിൽ ക്രോസ് വോട്ടിങ് ഉണ്ടായി എന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്

'ഹിന്ദു വോട്ടുബാങ്കിൽ വിള്ളൽ, ക്രിസ്ത്യൻ ഔട്ട്റീച്ചും പാളി'; ബിജെപി നേതൃയോഗത്തിൽ വിമർശനം
dot image

കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പരമ്പരാഗത ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടായി എന്ന് ബിജെപി നേതൃയോഗത്തില്‍ വിമർശനം. പാർട്ടി സംസ്ഥാന നേതൃയോഗത്തിലാണ് സ്വയംവിമർശനം ഉണ്ടായത്. പാർട്ടിയുടെ നായർ ഈഴവ വോട്ടുകൾ ചോർന്നു എന്നും ക്രിസ്ത്യൻ ഔട്ട്റീച്ച് പാളി എന്നും വിമർശനമുണ്ടായി. മുതിർന്ന നേതാക്കളാണ് വിമർശനങ്ങൾ ഉന്നയിച്ചത്.

നേതൃയോഗത്തിൽ സംസ്ഥാന സെക്രട്ടറി എസ് സുരേഷാണ് ആദ്യം റിപ്പോർട്ട് അവതരിപ്പിച്ചത്. തെരഞ്ഞെടുപ്പ് ഫലത്തിൽ സന്തോഷവും സംതൃപ്‌തിയും ഉണ്ട് എന്ന് സുരേഷ് പറഞ്ഞു. എന്നാൽ അപ്പോൾത്തന്നെ ഒരു മുതിർന്ന നേതാവ് സംതൃപ്തിക്ക് വകയില്ല എന്നും, അഭിനന്ദിക്കാം പക്ഷെ കയ്യടി വേണ്ട എന്നും തിരുത്തി. ആറ് ലക്ഷത്തോളം പുതിയ വോട്ടുകൾ ചേർത്തു എന്നതായിരുന്നു ബിജെപിയുടെ അവകാശവാദം. എങ്കിൽ ആ വോട്ടുകൾ എവിടെ എന്ന ചോദ്യവുമുയർന്നു. ക്രിസ്ത്യൻ ഔട്ടറീച്ച്‌ പാളി എന്നും വിമർശനമുണ്ടായി.

പരമ്പരാഗത ഹിന്ദു വോട്ട് ബാങ്കിൽ വിള്ളലുണ്ടായി എന്നും ബിജെപി വിലയിരുത്തുന്നുണ്ട്. നായർ, ഈഴവ വോട്ടുകളാണ് ഇത്തരത്തിൽ ചോർന്നത്. ബിജെപി ജയിക്കാൻ സാധ്യതയുണ്ടായിരുന്ന വാർഡുകളിൽ യുഡിഎഫും എൽഡിഎഫും തമ്മിൽ ക്രോസ് വോട്ടിങ് ഉണ്ടായി എന്നും പാർട്ടി അവകാശപ്പെടുന്നുണ്ട്. ജനുവരി ആദ്യത്തോടെ ക്രോസ് വോട്ടിങ് നടന്ന വാർഡുകളുടെ എണ്ണം ബിജെപി പറത്തുവിടും.

തദ്ദേശ തെരഞ്ഞടുപ്പിൽ തിരുവനന്തപുരവും തൃപ്പൂണിത്തുറയും അടക്കമുള്ള തദ്ദേശ സ്ഥാപനങ്ങൾ പിടിച്ചപ്പോൾ വോട്ട് ശതമാനം കുറഞ്ഞത് ബിജെപിക്ക് വലിയ തിരിച്ചടിയായിരിക്കുകയാണ്. തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം എന്‍ഡിഎയുടെ ഇത്തവണത്തെ വോട്ടുവിഹിതം 14.71 ശതമാനമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെയും 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിന്റെയും നേട്ടത്തിന് പിന്നിലേക്കു പോയിരിക്കുകയാണ് ബിജെപി. ബിജെപിക്ക് വിജയിക്കാന്‍ സാധിച്ച വാര്‍ഡുകളുടെ ആകെയെണ്ണത്തിലും വലിയ വര്‍ധനവില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും ബിജെപിയുടെ നേട്ടമായി നേതാക്കൾ പറയുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 50 സീറ്റുകള്‍ നേടി ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായിരുന്നു. എല്‍ഡിഎഫ് രണ്ടും യുഡിഎഫ് മൂന്നും സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെട്ടു. തിരുവനന്തപുരത്തിന് പുറമേ കോഴിക്കോട്, കൊല്ലം കോര്‍പ്പറേഷനുകളിലും ബിജെപിക്ക് മുന്നേറ്റം നടത്താന്‍ സാധിച്ചു. പലയിടങ്ങളിലും ബിജെപിക്ക് വോട്ട് ശതമാനം കൂടി. എന്നാല്‍ തൃശൂര്‍ അടക്കമുള്ള സ്ഥലങ്ങളില്‍ മുന്നേറാനാകാത്തത് തിരിച്ചടിയായും പാര്‍ട്ടിയും അധ്യക്ഷനും വിലയിരുത്തുന്നു. തൃശൂരില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ലഭിച്ച ക്രൈസ്തവ വോട്ടുകള്‍ ഇപ്പോള്‍ ലഭിച്ചില്ലെന്നും വിലയിരുത്തലുണ്ട്. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഇക്കാര്യം വിശദമായി പരിശോധിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂരിലെ തിരിച്ചടി പാര്‍ട്ടി വിശദമായി പരിശോധിക്കുന്നതായാണ് സൂചന.

Content Highlights: hindu vote bank lose, bjp findings after local body polls

dot image
To advertise here,contact us
dot image