

പാലക്കാട്: പാലക്കാട് 2,500 യൂണിറ്റുകളിലും കരോള്‍ നടത്തുമെന്ന് ഡിവൈഎഫ്‌ഐ. എല്ലാ ആഘോഷങ്ങളും മതങ്ങള്‍ക്കപ്പുറത്ത് ഒന്നായി ആഘോഷിക്കുമെന്നും ആരെങ്കിലും തടുത്താല്‍ ആ രീതിയില്‍ തന്നെ കൈകാര്യം ചെയ്യുമെന്നും ഡിവൈഎഫ്‌ഐ അറിയിച്ചു. പുതുശേരിയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ കരോള്‍ സംഘത്തിന് നേരെ ആക്രമണം നടത്തിയ പശ്ചാത്തലത്തിലാണ് എല്ലാ യൂണിറ്റിലും കരോള്‍ നടത്തുമെന്ന ഡിവെെഎഫ്ഐ പ്രഖ്യാപനം.
ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ആക്രമിച്ച കരോള്‍ സംഘത്തെ അധിക്ഷേപിച്ച ബിജെപി നേതാവ് സി കൃഷ്ണകുമാറിനെതിരെയും ഡിവൈഎഫ്‌ഐ രംഗത്തെത്തി. കൃഷ്ണകുമാര്‍ പാലക്കാട്ടെ പ്രവീണ്‍ തൊഗാഡിയയെന്ന് ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ അധ്യക്ഷന്‍ ജയദേവന്‍ പെരുമാട്ടി പറഞ്ഞു. ഒരുവശത്ത് ക്രിസ്ത്യന്‍ ഔട്ട്‌റീച്ച് ക്യാംപെയ്‌നുമായി കേക്കുമായി അരമനകള്‍ കയറിയിറങ്ങുന്ന കൃഷ്ണകുമാറിന്റെ യഥാര്‍ത്ഥ മുഖം കരോള്‍ സംഘത്തെ അധിക്ഷേപിച്ചതിലൂടെ വ്യക്തമായെന്ന് ജയദേവന്‍ പറഞ്ഞു.
കേരളത്തില്‍ എവിടെയെങ്കിലും ക്രിസ്മസ് കരോള്‍ ആര്‍എസ്എസ് തടസപ്പെടുത്തിയാല്‍ ഡിവൈഎഫ്‌ഐ പ്രതിരോധിക്കുമെന്ന് സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞിരുന്നു. 'ഓണം ആഘോഷിക്കാന്‍ പാടില്ല എന്ന കാഴ്ച്ചപ്പാടാണ് ആര്‍എസ്എസിന്റേത്. വാമന ജയന്തി ആഘോഷിക്കണം എന്നാണ് അവര്‍ പറയുന്നത്. ഇപ്പോഴിതാ കരോളില്‍ പങ്കെടുത്ത കുട്ടികളെ ആര്‍എസ്എസ് ആക്രമിച്ചിരിക്കുകയാണ്. ആര്‍എസ്എസ് വെറുപ്പ് പ്രചരിപ്പിക്കുകയാണ്. ആര്‍എസ്എസിന്റെ ആസൂത്രിത നീക്കമായിരുന്നു അത്. ഒരു കാരണവശാലും ഇത് അനുവദിക്കാനാവില്ല'എന്നാണ് വി കെ സനോജ് പറഞ്ഞത്.
Content Highlights: DYFI to conduct Carol in Palakkad districts 2500 units