

തൃശൂര്‍: തൃശൂരിലും മേയര്‍ സ്ഥാനത്തെ ചൊല്ലി തര്‍ക്കം. ഡോ. ലാലി ജെയിംസ് വേണമെന്നാണ് കൗണ്‍സിലര്‍മാരുടെ ആവശ്യം. എന്നാല്‍ ഡോ. നിജി ജസ്റ്റിനെ മേയറാക്കിയേ തീരുവെന്നാണ് എഐസിസി നേതൃത്വത്തിന്റെ നിലപാട്. നാലാം തവണ കൗണ്‍സിലറായി തെരഞ്ഞെടുക്കപ്പെട്ട ലാലി ഇത്തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് വിജയിച്ചത്.
ലാലിയെ മേയറാക്കാണമെന്ന് ആവശ്യപ്പെട്ട് കൂടുതല്‍ കൗണ്‍സിലര്‍മാര്‍ രംഗത്തെത്തുന്നുണ്ട്. പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ മേയറെ തെരഞ്ഞെടുക്കാൻ വോട്ടെടുപ്പ് നടത്താൻ ഒരുവിഭാഗം സമ്മര്‍ദം ചെലുത്തുന്നുണ്ട്. എന്നാല്‍ ഇതിന് വഴങ്ങേണ്ടതില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വം.
മുതിര്‍ന്ന നേതാക്കളുള്‍പ്പെടെയുള്ള നേതാക്കളുടെ പിന്തുണ നിജിയ്ക്കാണ്. കിഴക്കുംപാട്ടുക്കര ഡിവിഷനില്‍ നിന്ന് ജയിച്ചുവന്ന തൃശൂരിലെ പ്രമുഖ ഗൈനക്കോളജിസ്റ്റാണ് നിജി. എ പ്രസാദ് ഡെപ്യൂട്ടി മേയര്‍ ആയേക്കും.
അതേസമയം, കൊച്ചി മേയർ സ്ഥാനത്തെച്ചൊല്ലി വലിയ വിവാദങ്ങളാണ് കോൺഗ്രസിൽ നടക്കുന്നത്. വി കെ മിനിമോളും ഷൈനി മാത്യുവുമാണ് രണ്ടരവര്‍ഷം വീതം കൊച്ചി കോര്‍പ്പറേഷന്‍ പദവി പങ്കിടുക. 22 കൗണ്‍സിലര്‍മാര്‍ ഷൈനി മാത്യുവിനെ പിന്തുണച്ചപ്പോള്‍ 17 പേരുടെ പിന്തുണ വി കെ മിനി മോള്‍ക്ക് ലഭിച്ചു. ദീപ്തിക്കൊപ്പം നിന്നത് മൂന്നുപേര്‍ മാത്രമെന്നാണ് വിവരം. രണ്ടുപേര്‍ ദീപ്തിക്കും ഷൈനിക്കുമായി മേയര്‍പദവി പങ്കിടണമെന്ന് നിലപാടെടുക്കുകയായിരുന്നു.
ഏറ്റവും കൂടുതല്‍ പേര്‍ തുണച്ചത് ഷൈനി മാത്യുവിനെ എങ്കിലും വി കെ മിനി മോള്‍ക്ക് ആദ്യ ടേം നല്‍കാനാണ് ധാരണ. പ്രധാന നേതാക്കളുടെ നിലപാട് പ്രതിപക്ഷ നേതാവ് വി ഡി സതീശനും അംഗീകരിക്കുകയായിരുന്നു. കെപിസിസി സര്‍ക്കുലര്‍ അട്ടിമറിച്ച തീരുമാനമെന്നാണ് ദീപ്തി അനുകൂലികളുടെ നിലപാട്.
മേയര്‍ സ്ഥാനാര്‍ത്ഥിയായി തന്നെ തഴഞ്ഞതില്‍ പരിഭവം പ്രകടിപ്പിച്ച് ദീപ്തി മേരി വര്‍ഗീസ് രംഗത്തെത്തിയിരുന്നു. നയിക്കണമെന്നാണ് നേതൃത്വം പറഞ്ഞതെന്നും പിന്നീട് അതില്‍ മാറ്റമുണ്ടായത് എങ്ങനെയാണെന്ന് വിശദീകരിക്കേണ്ടത് തന്നെ മാറ്റിയ തീരുമാനമെടുത്ത ആളുകളാണെന്നുമാണ് ദീപ്തി മേരി വര്‍ഗീസ് പറഞ്ഞത്.
യുഡിഎഫും കോണ്‍ഗ്രസും ഏല്‍പ്പിച്ച ഉത്തരവാദിത്തം താന്‍ ഭംഗിയായി ചെയ്തെന്നും തെരഞ്ഞെടുക്കപ്പെട്ട രണ്ട് മേയര്‍മാര്‍ക്കും എല്ലാ പിന്തുണയും സഹായവും നല്‍കുമെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.
Content Highlights: conflict over thrissur mayor