

കൊച്ചി: പാലക്കാട് കരോള്‍ സംഘത്തിന് നേരെയുണ്ടായ ആക്രമണത്തില്‍ പ്രതികരണവുമായി കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കത്തോലിക്കാ ബാവ. പാലക്കാട് ഉണ്ടായത് ദൗര്‍ഭാഗ്യകരമായ സംഭവമാണെന്നും ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്ത കാര്യങ്ങളാണുണ്ടായതെന്നും ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു. പൊതുവായ ആഘോഷങ്ങളില്‍ നിന്ന് മറ്റുളളവരെ തടസപ്പെടുത്തുന്നത് ശരിയല്ലെന്നും പൊതുബന്ധത്തിന് അത് തടസം സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഏത് ദേവാലയത്തില്‍ സംഭവിച്ചാലും പൊതുസ്ഥലത്ത് സംഭവിച്ചാലും ഈ സമീപനം ശരിയല്ലെന്നും അത് ബന്ധം കുറയ്ക്കുകയും സ്പര്‍ധ വര്‍ധിപ്പിക്കുകയുമാണ് ചെയ്യുന്നതെന്നും ക്ലീമിസ് ബാവ പറഞ്ഞു.
'മനസുകള്‍ക്കിടയില്‍ വെറുപ്പ് സൃഷ്ടിക്കുകയല്ലാതെ ഇത്തരം നടപടികള്‍ വഴി ഒരു നേട്ടവുമില്ല. സമൂഹത്തിന് ഗുണകരമല്ലാത്ത നീക്കം മാത്രമാണ്. നമുക്ക് ചേര്‍ന്നതല്ല ഈ സമീപനം. ദേശത്ത് ഒരു നന്മയും ഉണ്ടാക്കുന്നില്ല. ഇതില്‍ ന്യായീകരണത്തിന് നാട്ടില്‍ ഒരു ക്ഷാമവുമില്ലല്ലോ. ഇതിന് കാരണം എന്താണ് എന്നത് ഓരോ സ്ഥലത്തെ സാഹചര്യംവെച്ച് വിലയിരുത്തണം', ക്ലീമിസ് കത്തോലിക്കാ ബാവ പറഞ്ഞു.
ക്രിസ്മസ് ആഘോഷത്തിനിടയില്‍ മനസ് വേദനിപ്പിക്കുന്ന സംഭവങ്ങള്‍ ആരുടെ ഭാഗത്തുനിന്ന് ഉണ്ടായാലും അംഗീകരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. പ്രധാനമന്ത്രി ഒരുവശത്ത് ദേവാലയത്തില്‍ പോയി ക്രിസ്മസ് ആഘോഷത്തില്‍ പങ്കെടുക്കുമ്പോള്‍ മറുവശത്ത് നേരെ വിപരീതമായാണ് സംഭവിക്കുന്നത്. ഇത് തങ്ങളുടെ പദ്ധതിയില്‍പ്പെട്ട കാര്യമല്ല എന്ന ഉത്തരവാദിത്തപ്പെട്ടവര്‍ പറയേണ്ട സമയമായി. ബന്ധപ്പെട്ടവര്‍ നിലപാട് വ്യക്തമാക്കണം. സഭയുടെ ആശങ്ക ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ടെന്നും ക്ലീമിസ് ബാവ കൂട്ടിച്ചേര്‍ത്തു.
Content Highlights: Attack on Carol group, rivalry is increasing, says Catholic Bishop of Cleemis