

തിരുവനന്തപുരം: എറണാകുളം നോര്‍ത്ത് പൊലീസ് സ്റ്റേഷനില്‍ ഗര്‍ഭിണിയെ മര്‍ദിച്ച സി ഐ പ്രതാപചന്ദ്രന്‍ അഞ്ച് വര്‍ഷം മുന്‍പ് മറ്റൊരു സ്ത്രീയെ മർദിക്കുന്ന ദൃശ്യങ്ങൾ പുറത്ത്. തിരുവനന്തപുരം വെട്ടുകാട് റോഡില്‍വെച്ച് സ്ത്രീയെ മര്‍ദിക്കുന്ന ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു. ഇത് ചിത്രീകരിച്ച വ്യക്തിക്ക് നേരെയും പ്രതാപചന്ദ്രന്‍ അതിക്രമം കാട്ടി. മൊബൈന്‍ ഫോണ്‍ പിടിച്ചുവാങ്ങി വെളളത്തില്‍ മുക്കി നശിപ്പിച്ചു. ജീപ്പില്‍ കയറ്റി ക്രൂരമായി മര്‍ദിച്ചുവെന്നും ആരോപണമുണ്ട്. പ്രാദേശിക കോണ്‍ഗ്രസ് നേതാവായ ഫ്രെഡി ജോസഫാണ് സി ഐയ്‌ക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. 2020-ല്‍ നടന്ന സംഭവത്തില്‍ പ്രതാപചന്ദ്രന്‍ മൊബൈല്‍ ഫോണ്‍ പിടിച്ചുവാങ്ങാന്‍ ശ്രമിക്കുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടര്‍ ടിവിക്ക് ലഭിച്ചു.
'അന്ന് അവിടെ എസ് ഐ ആയിരുന്ന പ്രതാപചന്ദ്രന്റെ നേതൃത്വത്തില്‍ ഒരു സ്ത്രീയെ ഉപദ്രവിക്കുകയായിരുന്നു. ഇത് കണ്ട് മൊബൈല്‍ ഫോണില്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച എന്നെ പിടിച്ച് ജീപ്പിലിട്ടു. കൊച്ചുവേളി ഭാഗത്തേക്ക് കൊണ്ടുപോയി. വെളളം ചോദിച്ചപ്പോള്‍ മൂത്രമൊഴിച്ച് കുടിക്കടാ എന്നാണ് പറഞ്ഞത്. എന്റെ ഫോണ്‍ വെളളത്തില്‍ മുക്കിയാണ് ഹാജരാക്കിയത്. എനിക്കെതിരായ കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിച്ചിട്ടില്ല. പ്രതാപചന്ദ്രന്‍ മര്‍ദിച്ച സ്ത്രീ മാസങ്ങള്‍ക്കുളളില്‍ മരണപ്പെടുകയും ചെയ്തു. എന്നെ കളളക്കേസില്‍ കുടുക്കി മൃഗീയമായി മര്‍ദിച്ചു', ഫ്രെഡി ജോസഫ് പറഞ്ഞു.
പൊലീസ് സ്റ്റേഷനിലെത്തിയ ഗർഭിണിയായ യുവതിയെ മർദിച്ച സംഭവത്തിൽ സിഐ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തിരുന്നു. ദക്ഷിണ മേഖലാ ഐജി ശ്യാം സുന്ദറാണ് സസ്‌പെൻഡ് ചെയ്തത്. എഡിജിപിയുടെ നിർദേശപ്രകാരമായിരുന്നു നടപടി. 2024 ജൂണ്‍ 20നായിരുന്നു സംഭവം നടന്നത്. ഭർത്താവിനെ കസ്റ്റഡിയിൽ എടുത്തതിന് പിന്നാലെ സ്റ്റേഷനിൽ എത്തിയ ഗർഭിണിയായ ഷൈമോൾ എന്ന യുവതിയെയാണ് സിഐ പ്രതാപചന്ദ്രൻ മർദിച്ചത്. യുവതിയുടെ മുഖത്തടിക്കുകയും നെഞ്ചിൽ പിടിച്ചുതള്ളുകയുമാണ് പ്രതാപചന്ദ്രൻ ചെയ്തത്. ഭര്‍ത്താവിനെ മര്‍ദിക്കുന്നത് ചോദ്യം ചെയ്തതോടെയാണ് സിഐ മുഖത്തടിച്ചതെന്ന് ഷൈമോള്‍ പറഞ്ഞിരുന്നു.
Content Highlights: Allegations against CI Pratapachandran from thiruvananthapuram