സമസ്ത യാത്രയിൽ സഹകരിച്ച് ലീഗ് അനുകൂല വിഭാഗം; സാദിഖലി തങ്ങളുടെ നിര്‍ദേശത്തിൽ ഹാരിസ് ബീരാൻ പങ്കെടുത്തു

പാണക്കാട് തങ്ങള്‍മാരും വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും

സമസ്ത യാത്രയിൽ സഹകരിച്ച് ലീഗ് അനുകൂല വിഭാഗം; സാദിഖലി തങ്ങളുടെ നിര്‍ദേശത്തിൽ ഹാരിസ് ബീരാൻ പങ്കെടുത്തു
dot image

മലപ്പുറം: സമസ്ത അധ്യക്ഷന്‍ ജിഫ്രി മുത്തുകോയ തങ്ങള്‍ നയിക്കുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെ ശതാബ്ദി സന്ദേശ യാത്രയില്‍ സഹകരിച്ച് ലീഗ് അനുകൂല വിഭാഗം. മുസ്‌ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ നിര്‍ദേശപ്രകാരം ഹാരിസ് ബീരാന്‍ എംപി യാത്രയില്‍ പങ്കെടുത്തു. പാണക്കാട് തങ്ങള്‍മാരും വരും ദിവസങ്ങളില്‍ യാത്രയില്‍ പങ്കെടുക്കും.

നാസർ ഫൈസി കൂടത്തായിയെ യാത്രയുടെ അസി.ഡയറക്ടർ ആക്കുകയുമുണ്ടായി.

പതാക കൈമാറ്റം പാണക്കാട് നിന്ന് നിശ്ചയിച്ചിട്ടില്ലെന്നാണ് സമസ്തയുടെ വിശദീകരണം. സമസ്തയും മുസ്ലിം ലീഗും തമ്മില്‍ ഒരു പ്രശ്നവുമില്ലെന്ന് കഴിഞ്ഞ ദിവസം ജിഫ്രി തങ്ങള്‍ പറഞ്ഞിരുന്നു. ശതാബ്ദി സന്ദേശയാത്രയുടെ ഉദ്ഘാടന ചടങ്ങില്‍ മുസ്ലിം ലീഗ് നേതാക്കളെ ക്ഷണിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞിരുന്നു. യാത്രയുടെ ഉദ്ഘാടനം പാണക്കാട് കുടുംബം ബഹിഷ്‌കരിച്ചിരുന്നു. സമസ്ത യാത്രയുടെ പതാക കൈമാറ്റം നിശ്ചയിച്ചത് പാണക്കാട് നിന്നായിരുന്നുവെന്നും എന്നാല്‍ ക്ഷണിച്ച ശേഷം സാദിഖലി തങ്ങളെ ഒഴിവാക്കിയതാണ് യാത്ര ബഹിഷ്‌കരിച്ചതിന് പിന്നിലെ കാരണമെന്നുമായിരുന്നു വിവരം.

എന്നാല്‍ പതാക കൈമാറ്റം സമസ്ത ജനറല്‍ സെക്രട്ടറി ആലിക്കുട്ടി മുസ്ലിയാരില്‍ നിന്നാക്കി മാറ്റുകയായിരുന്നു. പരിപാടി മാറ്റിയ വിവരം പാണക്കാട് തങ്ങളെ അറിയിച്ചതിന് പിന്നാലെയാണ് പാണക്കാട് കുടുംബം യാത്ര ബഹിഷ്‌കരിച്ചത്. പരിപാടിയുടെ ഉദ്ഘാടകനാകേണ്ടിയിരുന്ന മുസ്ലിം ലീഗ് ദേശീയാധ്യക്ഷന്‍ ഖാദര്‍ മൊയ്തീനും എത്തിയിരുന്നില്ല.

സമസ്തയുടെ നൂറാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് യാത്ര സംഘടിപ്പിക്കുന്നത്. സമസ്തയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു യാത്ര സംഘടിപ്പിക്കുന്നത്. അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ കാസര്‍കോട് നടക്കുന്ന നൂറാം വാര്‍ഷിക സമ്മേളനത്തിന്റെ പ്രചരണത്തിന്റെ ഭാഗമായാണ് യാത്ര. ഈ മാസം 29ന് മംഗലാപുരത്ത് യാത്ര സമാപിക്കും.

Content Highlights: Muslim League participated Samastha Yathra

dot image
To advertise here,contact us
dot image