

മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നതാണ് ഏറ്റവും വലിയ മതമെന്ന് നടന്‍ മമ്മൂട്ടി. സംസ്‌കാരമെന്നാൽ മറ്റുള്ളവരുടെ സാന്നിധ്യം നമ്മൾ തിരിച്ചറിയുക എന്നതുകൂടിയാണെന്നും എല്ലാവർക്കും അവകാശപ്പെട്ടതാണ് ഇൗ ഭൂമിയും വായുവും ജലവുമെല്ലാം എന്ന തിരിച്ചറിവാണ് അതെന്നും അദ്ദേഹം പറഞ്ഞു. വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നും മമ്മൂട്ടി കൂട്ടിച്ചേർത്തു. കള്‍ച്ചറല്‍ കോണ്‍ഗ്രസിന്റെ സമാപനത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
'വിദ്യാഭ്യാസത്തെ പലപ്പോഴും സംസ്‌കാരമായി തെറ്റിദ്ധരിക്കാറുണ്ട്. വിദ്യാഭ്യാസം സംസ്‌കാരത്തിന്റെ ഭാഗംമാത്രമാണ്. സർക്കാർ മുൻകൈയെടുത്ത് സംസ്‌കാരം പഠിപ്പിക്കാനോ സാംസ്കാരികബോധത്തെ ഉണർത്താനോ ഉള്ള കൂട്ടായ്മയല്ല ഇത്. നമ്മുടെ സാംസ്‌കാരിക വൈവിധ്യത്തെ ഓർമപ്പെടുത്താനാണ് സർക്കാർ ഇൗ സംരംഭം തുടങ്ങിയത്,' മമ്മൂട്ടി പറഞ്ഞു.
മതേതരത്വം, മത സഹിഷ്ണുത എന്നൊക്കെ പറഞ്ഞാണ് ഏറ്റവും കൂടുതലായി സംസ്‌കാരത്തെ പറ്റി പറയുന്നത്. എന്നാല്‍ നമ്മള്‍ മനുഷ്യരെ വിശ്വസിക്കുകയല്ലേ കുറച്ചുകൂടി നല്ലത്. മനുഷ്യര്‍ പരസ്പരം വിശ്വസിക്കുന്നത് തന്നെയാണ് ഏറ്റവും വലിയ മതം. മനുഷ്യർ പരസ്‌പരം വിശ്വസിക്കുക എന്നതാണ് വലിയകാര്യം. നാമെല്ലാം ഒരേ വായു ശ്വസിച്ച് ഒരേ സൂര്യവെളിച്ചത്തിൽ കഴിയുന്നവരാണ്. സൂര്യനും മഴയ്ക്കും ജാതിയും മതവും ഇല്ല. രോഗങ്ങൾക്കും ഇല്ല. എന്നാൽ, ചിലർ വേർതിരിവുകൾ കണ്ടെത്താൻ ശ്രമിക്കുന്നു.
വേര്‍തിരിവുകള്‍ കണ്ടുപിടിക്കുന്നത് സ്വാര്‍ത്ഥ ലാഭത്തിന് വേണ്ടിയാണെന്നാണ് എന്റെ വിശ്വാസം. ലോകമുണ്ടായ കാലംമുതൽ നാം പറയുന്നത് സ്‌നേഹത്തെക്കുറിച്ചാണ്. മനുഷ്യന്റെ ഉള്ളില്‍ ഉള്ള ശത്രുവിനെ, നമ്മളുടെ ഉള്ളിലെ പൈശാചിക ഭാവത്തെ മാറ്റാനാണ് സ്‌നേഹം ഉണ്ടായത്. അപൂര്‍വം ചില ആളുകള്‍ക്കെ ഉള്ളു ആ സിദ്ധി. ലോകം മുഴുന്‍ അങ്ങനെ ആകണമെന്ന് ആഗ്രഹിക്കുന്നത് അത്യാഗ്രഹമാണ്. അങ്ങനെ നടക്കില്ല. നന്മയും തിന്മയും തമ്മിലുള്ള യുദ്ധത്തിൽ നന്മ ജയിക്കണം; മമ്മൂട്ടി പറഞ്ഞു.
Content Highlights: Mammootty says that the highest form of religion is people trusting one another