ബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് അടക്കം സമ്മാനമായി വാഗ്ദാനം ചെയ്ത് കൂപ്പണ്‍ വില്‍പന; മുന്‍ പ്രവാസി അറസ്റ്റില്‍

26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്

ബാധ്യത തീര്‍ക്കാന്‍ സ്വന്തം വീട് അടക്കം സമ്മാനമായി വാഗ്ദാനം ചെയ്ത് കൂപ്പണ്‍ വില്‍പന; മുന്‍ പ്രവാസി അറസ്റ്റില്‍
dot image

കണ്ണൂര്‍: ബാധ്യത തീര്‍ക്കാന്‍ കൂപ്പണുകള്‍ വില്‍പ്പന നടത്തി നറുക്കെടുപ്പിന് പദ്ധതിയിട്ട മുന്‍ പ്രവാസി അറസ്റ്റില്‍. കണ്ണൂര്‍ കേളകം അടക്കാത്തോട് സ്വദേശി ബെന്നി തോമസിനെയാണ് അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ബെന്നിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ലോട്ടറി വകുപ്പിന്റെ പരാതിയിലാണ് പൊലീസ് നടപടി.

1,500 രൂപയുടെ കൂപ്പണ്‍ എടുത്താല്‍ സമ്മാനമായി 3,300 സ്‌ക്വയര്‍ ഫീറ്റ് വീടും 26 സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തായിരുന്നു നറുക്കെടുപ്പ് തീരുമാനിച്ചത്. വീടിന്റെ ജപ്തി നടപടികളില്‍ നിന്നും രക്ഷനേടാനും ഭാര്യയുടെ ചികിത്സ നടത്താനുമായിരുന്നു ബെന്നി തോമസ് വീടും സ്ഥലവും വാഹനങ്ങളും നറുക്കെടുപ്പിന് വെച്ചത്.

26 സെന്റില്‍ ഏഴ് മുറികളും ആറ് ശുചിമുറിയും അടങ്ങുന്ന ഇരുനില വീടാണ് നറുക്കെടുപ്പിനിട്ടത്. രണ്ടാം സമ്മാനമായി യൂസ്ഡ് ഥാര്‍, മൂന്നാം സമ്മാനമായി കാര്‍, നാലാം സമ്മാനമായി ബുള്ളറ്റ് എന്നിവയുമുണ്ടായിരുന്നു. നറുക്കെടുപ്പ് നടത്താന്‍ നിശ്ചയിച്ചിരുന്ന ദിനം കൂപ്പണ്‍ വില്‍പ്പന തീരാത്തതിനാല്‍ 80 ശതമാനം വില്‍പ്പന പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഉടന്‍ നറുക്കെടുപ്പ് നടത്തുമെന്നായിരുന്നു അറിയിച്ചിരുന്നത്.10,000 കൂപ്പണ്‍ ബെന്നി അച്ചടിച്ചിരുന്നു. ഡിസംബര്‍ 20 ന് നറുക്കെടുപ്പ് നടത്താമെന്നായിരുന്നു തീരുമാനം. അതിനിടെ തലേദിവസം ബെന്നിക്കെതിരെ കേസെടുക്കുകയായിരുന്നു.

Content Highlights: selling coupons to pay off debts expatriate arrested at Kannur

dot image
To advertise here,contact us
dot image