'വോട്ട് ശതമാനം കുറഞ്ഞത് പരിശോധിക്കും, എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി'; എം ടി രമേശ്

ഭരണവിരുദ്ധ വികാരത്തിനിടയിലും ബിജെപി നേട്ടമുണ്ടാക്കി എന്ന് എം ടി രമേശ്

'വോട്ട് ശതമാനം കുറഞ്ഞത് പരിശോധിക്കും, എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി'; എം ടി രമേശ്
dot image

കണ്ണൂർ: തദ്ദേശ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ട് കുറഞ്ഞത് എന്തുകൊണ്ടെന്ന് പരിശോധിക്കുമെന്ന് എം ടി രമേശ്. തെരഞ്ഞെടുപ്പിൽ എല്ലാ ജില്ലകളിലും ബിജെപി വലിയ മുന്നേറ്റമുണ്ടാക്കി എന്നും ഭരണവിരുദ്ധ വികാരണത്തിനിടയിലും ബിജെപിക്ക് നേട്ടമുണ്ടായി എന്നും എം ടി രമേശ് പറഞ്ഞു. തൃപ്പൂണിത്തുറയിലടക്കം ജനവിധി അംഗീകരിക്കാൻ മറ്റു പാർട്ടികൾ തയ്യാറാകണം എന്നും എൽഡിഎഫിൻ്റെ തകർച്ചയുടെ ഗുണഭോക്താക്കൾ യുഡിഎഫ് മാത്രമല്ല എന്ന് തെളിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തെരഞ്ഞെടുപ്പ് കമ്മിഷന്റെ അന്തിമ കണക്കുപ്രകാരം എന്‍ഡിഎയുടെ ഇത്തവണത്തെ വോട്ടുവിഹിതം 14.71 ശതമാനമാണ്. ലോക്‌സഭ തെരഞ്ഞെടുപ്പിലെയും 2020 ലെ തദ്ദേശതെരഞ്ഞെടുപ്പിന്റെയും നേട്ടത്തിന് പിന്നിലേക്കു പോയിരിക്കുകയാണ് ബിജെപി. ബിജെപിക്ക് വിജയിക്കാന്‍ സാധിച്ച വാര്‍ഡുകളുടെ ആകെയെണ്ണത്തിലും വലിയ വര്‍ധനയില്ല. തിരുവനന്തപുരം കോര്‍പ്പറേഷനിലെ ഭരണം പിടിക്കാനായതും നഗരങ്ങളില്‍ മുന്നേറ്റമുണ്ടാക്കാനായതും ബിജെപി നേട്ടമായി നേതാക്കൾ പറയുന്നു. ഇതിനിടെയാണ് എം ടി രമേശിന്റെ പ്രതികരണം.

ഭരണവിരുദ്ധ വികാരത്തിന്റെ ഗുണം കൂടുതൽ കിട്ടിയത് യുഡിഎഫിനാണ് എന്നും എം ടി രമേശ് വ്യക്തമാക്കി. ഇതിനിടയിലും ബിജെപി നേട്ടമുണ്ടാക്കി. തങ്ങളെ തോൽപ്പിക്കാൻ മൂവായിരത്തിലധികം വാർഡുകളിലാണ് എൽഡിഎഫും യുഡിഎഫും ഒരുമിച്ചുനിന്നത്. പന്തളം മുനിസിപ്പാലിറ്റിയിൽ ഉൾപ്പെടെ ഇത്തരത്തിൽ പരസ്പരം സഹായിച്ചത് കൊണ്ടാണ് ബിജെപിക്ക് ഭരണം നഷ്ടമായത് എന്നും സ്ഥാനാർത്ഥിയെ നിർത്തിയിട്ടും പല സ്ഥലങ്ങളിലും ഇരുമുന്നണികളും വോട്ട് മരിച്ചുവെന്നും എം ടി രമേശ് പറഞ്ഞു.

കേരളത്തിൽ ഉണ്ടായത് രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിന്റെ വിജയമാണെന്നും എം ടി രമേശ് കൂട്ടിച്ചേർത്തു. വിഷ്ണുപുരം ചന്ദ്രശേഖരൻ മുന്നണി മാറുമെന്ന വാർത്തയിൽ മുന്നണി മാറാൻ എല്ലാവർക്കും സ്വാതന്ത്ര്യമുണ്ട് എന്നും വിഷ്ണുപുരത്തിന്റെ അഭിപ്രായം എൻഡിഎ പരിശോധിക്കും എന്നും അദ്ദേഹം പറഞ്ഞു.

വാളയാറിൽ നടന്ന ആൾകൂട്ടക്കൊലപാതകത്തിലും എം ടി രമേശ് പ്രതികരിച്ചു. അതിൽ രാഷ്ട്രീയം ചികയേണ്ട ആവശ്യമില്ല എന്നും കുറ്റക്കാരായവരെ എല്ലാം പിടികൂടണം എന്നാണ് തന്റെ നിലപാട് എന്നും അദ്ദേഹം പറഞ്ഞു. കേസിൽ ഒന്ന്, രണ്ട്, മൂന്ന്, അഞ്ച് പ്രതികൾ ബിജെപി അനുഭാവികളാണ്. കേസിലെ നാലാം പ്രതി ആനന്ദന്‍ സിഐടിയു പ്രവര്‍ത്തകനാണെന്നും റിപ്പോര്‍ട്ടിലുണ്ട്.

Content Highlights: mt ramesh says the party will check how bjp lost votes

dot image
To advertise here,contact us
dot image