

ന്യൂഡല്‍ഹി: ഉത്തരാഖണ്ഡിലെ സ്‌കൂളുകളില്‍ ഭഗവദ്ഗീത പാരായണം നിര്‍ബന്ധമാക്കി സര്‍ക്കാര്‍. മുഖ്യമന്ത്രി പുഷ്‌കര്‍ സിങ് ധാമിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യന്‍ സംസ്‌കാരം, ധാര്‍മ്മിക മൂല്യങ്ങള്‍, തത്ത്വചിന്ത എന്നിവയുമായി വിദ്യാര്‍ത്ഥികളെ ബന്ധിപ്പിക്കുകയെന്നതാണ് സംരംഭത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം സാമൂഹ്യമാധ്യമമായ എക്‌സില്‍ കുറിച്ചു. രാവിലെ അസംബ്ലിയില്‍ വിദ്യാര്‍ത്ഥികള്‍ ഒരു ശ്ലോകം അതിന്റെ അര്‍ത്ഥം ഉള്‍ക്കൊണ്ട് ചൊല്ലണമെന്നാണ് നിര്‍ദ്ദേശത്തില്‍ പറയുന്നത്.
പ്രഖ്യാപനത്തിന് പിന്നാലെ വലിയ രീതിയിലുള്ള വിമര്‍ശനങ്ങളാണ് ഉയരുന്നത്. കോണ്‍ഗ്രസും സമാജ്‌വാദി പാര്‍ട്ടിയും ഈ നീക്കത്തെ വിമര്‍ശിച്ചു. ഇത് അനുചിതവും ഭരണഘടനയുടെ മതേതര മനോഭാവത്തിന് വിരുദ്ധവുമാണെന്ന് അവര്‍ പറഞ്ഞു. സ്‌കൂളുകളില്‍ മതഗ്രന്ഥങ്ങള്‍ പാരായണം ചെയ്യാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കുന്നത് തെറ്റാണെന്ന് കോണ്‍ഗ്രസ് വക്താവ് ഉദിത് രാജ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞു.
'ഇന്ത്യയ്ക്ക് ഒരു മതേതര ഭരണഘടനയുണ്ട്. നാളെ ഖുര്‍ആനോ ബുദ്ധമത പഞ്ചശീലമോ പഠിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നുവന്നേക്കാം. ആരെങ്കിലും സ്വകാര്യമായി ഗീത വായിക്കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍, അവര്‍ക്ക് അങ്ങനെ ചെയ്യാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ നിര്‍ബന്ധിതമാക്കരുത്,' അദ്ദേഹം പറഞ്ഞു.
ഇത്തരം നടപടികള്‍ വിദ്യാഭ്യാസ നിലവാരത്തെ ബാധിക്കുമെന്നും വ്യത്യസ്ത പശ്ചാത്തലങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളോടുള്ള അനീതിയാണെന്നും ഉദിത് രാജ് കൂട്ടിച്ചേര്‍ത്തു.
'സര്‍ക്കാര്‍ ഫണ്ടുകള്‍ മുസ്‌ലിങ്ങള്‍, ദളിതര്‍, ദരിദ്രര്‍, അംബേദ്കറൈറ്റുകള്‍, ബുദ്ധമതക്കാര്‍ തുടങ്ങി എല്ലാവരില്‍ നിന്നും വരുന്നുണ്ട്. പൊതു പണം ഉപയോഗിച്ച് ഒരു മതത്തെയും പ്രോത്സാഹിപ്പിക്കരുത്. മതപരമായ ആചാരങ്ങള്‍ പിന്തുടരാന്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിക്കരുത്. 18 വയസ്സ് തികയുമ്പോള്‍, ഏത് മതഗ്രന്ഥങ്ങള്‍ പഠിക്കണമെന്ന് അവര്‍ക്ക് തെരഞ്ഞെടുക്കാം,' അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഈ നീക്കത്തെ എതിര്‍ത്തു, മതഗ്രന്ഥങ്ങള്‍ക്ക് ദാര്‍ശനിക മൂല്യമുണ്ടാകാമെങ്കിലും അവ കുട്ടികളില്‍ അടിച്ചേല്‍പ്പിക്കുന്നത് ഉചിതമല്ലെന്ന് സമാജ്‌വാദി പാര്‍ട്ടി എം പി രാജീവ് റായ് പറഞ്ഞു.
"അറിവിനായി മതപുസ്തകങ്ങൾ പഠിപ്പിക്കാം, പക്ഷേ അവ വിദ്യാർത്ഥികളിൽ നിർബന്ധിച്ച് അടിച്ചേൽപ്പിക്കരുത്, അത് ശരിയല്ല," അദ്ദേഹം പറഞ്ഞു.
Content Highlights: Uttarakhand CM Pushkar Singh Dhami Makes Bhagavad Gita Recitation Mandatory in All Schools