

തിരുവനന്തപുരം: പാര്‍ട്ടിയില്‍ ചേര്‍ക്കണമെന്ന് വിഷ്ണുപുരം ചന്ദ്രശേഖരൻ നിരന്തരം ആവശ്യപ്പെട്ടിരുന്നെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. പല തവണ സമീപിച്ചപ്പോളാണ് വിഷ്ണുപുരം ചന്ദ്രശേഖരൻ്റെ ആവശ്യം പരിഗണിച്ചതെന്നും അതനുസരിച്ചായിരുന്നു തീരുമാനമെന്നും വി ഡി സതീശന്‍ വ്യക്തമാക്കി. 'രമേശ് ചെന്നിത്തലയും തിരുവഞ്ചൂര്‍ രാധാകൃഷണനുമായി വിഷ്ണുപുരം ചന്ദ്രശേഖരൻ ചര്‍ച്ച നടത്തിയിരുന്നു. കന്റോണ്‍മെന്റ് ഹൗസിലെത്തിയും കണ്ടു. ഘടകക്ഷിയാക്കണം എന്നതായിരുന്നു ആവശ്യം. അസോസിയേറ്റ് അംഗമാക്കിയതില്‍ അതൃപ്തി ഉണ്ടാകും. അവര്‍ വരുന്നില്ലെങ്കില്‍ വരണ്ട. തീരുമാനത്തില്‍ യുഡിഎഫ് നേതൃത്വത്തിന് വീഴ്ച്ച പറ്റിയിട്ടില്ല.' വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
സി കെ ജാനുവിന്റെ ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെയും പി വി അന്‍വറിന്റെ തൃണമൂല്‍ കോണ്‍ഗ്രസിനെയും വിഷ്ണുപുരം ചന്ദ്രശേഖരന്റെ കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടിയെയും യുഡിഎഫ് അസോസിയേറ്റ് അംഗമാക്കുമെന്ന് നേരത്തെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ യുഡിഎഫിന്റെ ഭാഗമാകില്ലെന്ന് പറഞ്ഞുകൊണ്ട് കേരള കാമരാജ് കോണ്‍ഗ്രസ് പാര്‍ട്ടി നേതാവ് വിഷ്ണുപുരം ചന്ദ്രശേഖര്‍ രംഗത്തെത്തിയിരുന്നു. യുഡിഎഫിന്റെ ഭാഗമാകുമെന്ന് വാര്‍ത്ത മാധ്യമങ്ങള്‍ വഴിയാണ് അറിഞ്ഞതെന്നും യുഡിഎഫിലേക്ക് എടുക്കണമെന്ന് ആവശ്യപ്പെട്ട് താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും അങ്ങനെയൊന്ന് ഉണ്ടെങ്കില്‍ അത് പുറത്തുവിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
എന്‍ഡിഎയുമായി തനിക്ക് അഭിപ്രായ വ്യത്യാസങ്ങളുണ്ട്. അത് പരിഹരിക്കാന്‍ പ്രാപ്തനുമാണ്. മുന്നണിയിലേക്ക് എടുക്കണമെന്ന ആവശ്യവുമായി താന്‍ യുഡിഎഫിന് അപേക്ഷ കൊടുത്തുവെന്ന് പറയുന്നത് ശരിയല്ല. താന്‍ ഇപ്പോഴും ഒരു സ്വയം സേവകനാണ്. എന്‍ഡിഎ മുന്നണിയുമായി പല അതൃപ്തികളുമുണ്ടെങ്കിലും അതില്‍നിന്ന് ചാടിപ്പോകാന്‍ മാത്രം അതൃപ്തിയില്ലെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന അധ്യക്ഷനായി രാജീവ് ചന്ദ്രശേഖര്‍ വന്നതിന് ശേഷം പാര്‍ട്ടിക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നുണ്ട്. തനിക്കുള്ള വിഷയങ്ങള്‍ രാജീവ് ചന്ദ്രശേഖര്‍ ഒരു പരിധി വരെ പരിഹരിച്ചിട്ടുണ്ട്. എന്‍ഡിഎ ഘടകകക്ഷികളോട് കാണിക്കുന്ന രീതി ശരിയല്ല. ഘടകകക്ഷികള്‍ക്ക് മെച്ചപ്പെട്ട പരിഗണന ലഭിക്കുന്നില്ല. അത് അടുത്ത എന്‍ഡിഎ മീറ്റിംഗില്‍ സംസാരിക്കും.
എന്‍ഡിഎ സമീപനം തിരുത്തണമെന്നും അദ്ദേഹം പറഞ്ഞു.
യുഡിഎഫ് നേതാക്കളുമായി മൂന്നുമാസം മുമ്പ് സംസാരിച്ചിരുന്നു. നാല് മാസം മുമ്പ് വി ഡി സതീശനെ കണ്ടിരുന്നു. രമേശ് ചെന്നിത്തലയോടും തിരുവഞ്ചൂരിനോടും സംസാരിച്ചിട്ടുണ്ട്. അതൃപ്തിയെ കുറിച്ച് പറഞ്ഞിട്ടുണ്ട്. സുഹൃത്ത് എന്ന നിലയില്‍ പറയുന്നത് മാത്രം. അപേക്ഷ നല്‍കി ചര്‍ച്ച ചെയ്തു എന്നാണ് യുഡിഎഫ് പറയുന്നത്. ആര്‍ക്കെങ്കിലും കത്ത് നല്‍കിയിട്ടുണ്ടെങ്കില്‍ അത് പുറത്ത് വിടണമെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു.
എല്ലാം ഒറ്റയ്ക്ക് തിന്നാനുള്ള ആര്‍ത്തിയാണ് ബിജെപിക്ക്. ബിജെപിയുടെ അടിമയല്ല താന്‍. ആരുടേയും അടിമയായി ജീവിക്കില്ല. ബിജെപിക്ക് എതിരെ മത്സരിക്കേണ്ടി വന്നാല്‍ മത്സരിക്കും. അങ്ങനെ മത്സരിച്ച ചരിത്രവും ഉണ്ട്. തനിക്ക് വിലപേശാന്‍ ഒന്നുമില്ല. താന്‍ അഭിപ്രായ വ്യത്യാസം തുറന്നു തന്നെ പറയും. എന്‍ഡിഎയ്ക്ക് അകത്ത് തന്റെ പ്രശ്നങ്ങള്‍ എല്ലാം പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമെന്ന് കരുതുന്നു. ചില ആളുകള്‍ക്ക് ഘടകകക്ഷിയോട് ചിറ്റമ്മ നയമാണ്. സി കെ ജാനു മണ്ടത്തരം കാണിച്ചു എന്നേ പറയാന്‍ ഉള്ളു. പണ്ട് പ്രധാനമന്ത്രി വരുമ്പോള്‍ എങ്കിലും മുന്നില്‍ കസേര കിട്ടുമായിരുന്നു. ഇനി അതും കിട്ടില്ലെന്നും വിഷ്ണുപുരം ചന്ദ്രശേഖരന്‍ പറഞ്ഞു. അതേസമയം സി കെ ജാനുവും പി വി അന്‍വറും യുഡിഎഫിന്റെ ക്ഷണം സ്വീകരിച്ചിരിക്കയാണ്.
Content Highlights: There will be dissatisfaction with being made an associate member; VD Satheesan's reply to Vishnupuram Chandrasekharan