

ന്യൂഡൽഹി: നിർമിത ബുദ്ധി അരങ്ങുവാഴുന്ന കാലത്ത് സ്‌കൂളിലും അവ പഠിപ്പിക്കാൻ കേന്ദ്ര സർക്കാർ. ദേശീയ വിദ്യാഭ്യാസ നയം (എൻഇപി 2020) പ്രകാരം സ്‌കൂൾ വിദ്യാഭ്യാസത്തിൽ എ ഐ ഉൾപ്പെടുത്താനാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ നീക്കം. ഇതിനായുള്ള നടപടിക്രമങ്ങൾ ഊർജിതമാക്കി.
2026-2027 അധ്യയന വർഷം മുതൽ മൂന്നാം ക്ലാസ് മുതൽ എല്ലാ സ്‌കൂളുകളിലും എ ഐ വിദ്യാഭ്യാസം തുടങ്ങുകയാണ് കേന്ദ്രത്തിന്റെ ലക്ഷ്യം. പ്ലസ് വൺ, പ്ലസ് ടു ക്ലാസുകളിലെ വിദ്യാർത്ഥികൾക്കായി എ ഐ പാഠപുസ്തകങ്ങളും സിലബസും തയ്യാറാക്കാൻ നാഷണൽ കൗൺസിൽ ഓഫ് എജ്യൂക്കേഷണൽ റിസർച്ച് ആൻഡ് ട്രെയിനിങ്(എൻസിആർടി) പ്രത്യേക സമിതിയെ നിയോഗിച്ചു. വിദ്യാർത്ഥികൾക്കിടയിൽ നിർമിത ബുദ്ധിയെ കുറിച്ച് അവബോധം വളർത്തുന്നതിനായി കേന്ദ്ര സർക്കാരിന്റെ നേതൃത്വത്തിൽ സ്‌കിൽ ഫോർ എഐ റെഡിനെസ് എന്ന ദേശീയ പരിപാടിയും ആരംഭിച്ചിട്ടുണ്ട്.
അതേസമയം സിബിഎസ്ഇ ഇതിനകം തന്നെ 3 മുതൽ 12 വരെയുള്ള ക്ലാസുകൾക്കായി എ ഐ, കമ്പ്യൂട്ടേഷണൽ തിങ്കിങ് എന്നിവയിൽ ഊന്നിയ കരട് പാഠ്യപദ്ധതി തയ്യാറാക്കിയിട്ടുണ്ട്. ഒമ്പത്, പത്ത് ക്ലാസുകളഇൽ എ ഐ നിർബന്ധിത വിഷയമായിരിക്കും. ആറാം ക്ലാസിലെ വൊക്കേഷണൽ പാഠപുസ്തകങ്ങളിൽ ആനിമേഷൻ, ഗെയിമിങ് എന്നിവയുമായി ബന്ധപ്പെട്ട എ ഐ പ്രോജക്ടുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്.
Content Highlights: AI education in school through National education policy 2020