25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309: 667 രൂപയുടെ കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ്

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലുമുള്ള, സപ്ലൈകോയുടെ പ്രധാനപ്പെട്ട ഒരു വില്പനശാലയിലും ഫെയറുണ്ടാകും

25 രൂപ നിരക്കില്‍ 20 കിലോ അരി; വെളിച്ചെണ്ണയ്ക്ക് 309:  667 രൂപയുടെ കിറ്റിന് 500; സപ്ലൈക്കോയില്‍ 50% വരെ കിഴിവ്
dot image

തിരുവനന്തപുരം: സപ്ലൈകോയുടെ ക്രിസ്മസ് - പുതുവത്സര ഫെയറിന്റെ സംസ്ഥാനതല ഉദ്‌ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു. തിരുവനന്തപുരം പുത്തരിക്കണ്ടം നായനാർ പാർക്കിലായിരുന്നു ഉദ്‌ഘാടനം. തിരുവനന്തപുരം പുത്തരിക്കണ്ടം മൈതാനം, കൊല്ലം ആസ്രാമം മെെതാനം, പത്തനംതിട്ട റോസ് മൗണ്ട് ഓഡിറ്റോറിയം, കോട്ടയം തിരുനക്കര മൈതാനം, എറണാകുളം മറൈൻ ഡ്രൈവ്, തൃശൂർ തേക്കിൻകാട് മൈതാനം എന്നിവിടങ്ങളിലാണ് ഫെയറുകൾ നടക്കുക.

സംസ്ഥാനത്തെ എല്ലാ താലൂക്കുകളിലുമുള്ള, സപ്ലൈകോയുടെ പ്രധാനപ്പെട്ട ഒരു വില്പനശാലയിലും ഫെയറുണ്ടാകും. ഡിസംബർ 31 വരെയാകും ഫെയർ ഉണ്ടാകുക. ഉത്സവകാലത്ത് മികച്ച വിപണി ഇടപെടലുകൾ സാധ്യമാക്കുമെന്നും വിപണി വില നിയന്ത്രിച്ച് ആശ്വാസ്യകരമായ ഇടപെടൽ നടത്താൻ സപ്ലൈകോയ്ക്ക് കഴിയുമെന്നും ഭക്ഷ്യമന്ത്രി പറഞ്ഞു.

നിരവധി ഓഫറുകളാണ് ഫെയറിൽ ഉള്ളത്. 280ൽ അധികം ഉത്പന്നങ്ങൾക്ക് പ്രത്യേക ഓഫറുകളും ബ്രാൻഡഡ് ആയ നിത്യോപയോഗ സാധനങ്ങൾക്ക് അഞ്ച് മുതൽ 50 ശതമാനം വരെ വിലക്കുറവും ഉണ്ടാകും. 20 കിലോഗ്രാം വരെ അരി ഒരോ കിലോയ്ക്കും 20 രൂപയ്ക്കാണ് ലഭിക്കുക. ജനങ്ങൾക്ക് ആവശ്യമുള്ള വിവിധതരം അരി ഉത്പന്നങ്ങളും ലഭിക്കും.

500 രൂപയ്ക്ക് മുകളിലുള്ള സബ്‌സിഡി ഇതര സാധനങ്ങൾ വാങ്ങുന്നവർക്ക് ഒരു കിലോയുടെ ശബരി ഉപ്പ്, സബ്‌സിഡി നിരക്കിലുള്ള വെളിച്ചെണ്ണയ്ക്ക് 10 രൂപ വിലകുറച്ച് 309 രൂപ ( രണ്ട് കിലോ വെളിച്ചെണ്ണ ഈ നിരക്കിൽ ലഭിക്കും ), സബ്സിഡിയിതര ശബരി വെളിച്ചെണ്ണയുടെ വില 20 രൂപ കുറച്ച് 329 രൂപ എന്നിങ്ങനെയാണ് ഓഫറുകൾ. ഇവയ്ക്ക് പുറമെ സബ്‌സിഡി ഇനങ്ങളായ ഉഴുന്ന്, വൻപയർ, തുവരപ്പരിപ്പ് എന്നിവയ്ക്ക് കിലോയ്ക്ക് രണ്ട് മുതൽ മൂന്ന് രൂപ വരെ വിലകുറച്ചതായും മന്ത്രി അറിയിച്ചു. ജനുവരി മാസത്തെ സബ്‌സിഡി സാധനങ്ങൾ ഇപ്പോൾത്തന്നെ മുൻകൂട്ടി വാങ്ങാനുള്ള സൗകര്യങ്ങൾ ഉണ്ടെന്നും മന്ത്രി അറിയിച്ചു.

സാന്റ ഓഫർ എന്ന പേരിൽ ക്രിസ്മസിനോട് അനുബന്ധിച്ച് 12 ഉത്പന്നങ്ങൾ അടങ്ങിയ പ്രത്യേക കിറ്റും ഒരുക്കിയിട്ടുണ്ട്. തേയില, പഞ്ചസാര, കേക്ക്, പായസം മിക്സ്, ശബരി അപ്പം പൊടി,കേക്ക്, മസാലകൾ എന്നിവ അടങ്ങിയ 667 രൂപയുടെ കിറ്റിന് 500 രൂപ മാത്രമാണ് വില. ഇവയ്ക്ക് പുറമെ സപ്ലൈകോയുടെ പെട്രോൾ പമ്പുകളിൽ നിന്ന് പെട്രോൾ അടിക്കുന്നവർക്ക് കൂപ്പണുകളും നൽകും. 250 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന ഇരുചക്ര വാഹനങ്ങൾക്കും ഓട്ടോറിക്ഷകൾക്കും 1000 രൂപയ്ക്ക് മുകളിൽ ഇന്ധനം നിറയ്ക്കുന്ന മറ്റ് വാഹനങ്ങൾക്കുമാണ് കൂപ്പൺ നൽകുക. 1000 രൂപയ്ക്ക് സബ്‌സിഡിയിതര സാധനങ്ങൾ വാങ്ങുമ്പോൾ ഈ കൂപ്പണിൽ 50 രൂപ ഇളവ് ലഭിക്കും. അത്യാധുനിക രീതിയിൽ ഒരുക്കുന്ന സപ്ലൈകോയുടെ തലശ്ശേരി, എറണാകുളം, കോട്ടയം ഷോപ്പിങ് മാളുകളിലും ഉടൻ ഓഫർ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ള, നീല റേഷൻ കാർഡുടമകൾക്ക് പൊതുവിതരണ കേന്ദ്രങ്ങളിലൂടെ ജനുവരി മുതൽ സ്പെഷ്യൽ അരി ലഭിക്കും. രണ്ട് കിലോ വീതം ആട്ട 17 രൂപ നിരക്കിൽ വിതരണം ചെയ്യും. മുൻഗണന കാർഡുകൾക്ക് അപേക്ഷിക്കാനായി അർഹരായ കുടുംബങ്ങൾക്കുള്ള സമയം ഡിസംബർ 31 വരെ നീട്ടിയതായും മന്ത്രി അറിയിച്ചു.

Content Highlights: supplyco starts christmas new year fair, gives many items at discount

dot image
To advertise here,contact us
dot image