

കോഴിക്കോട്: തീവ്ര വോട്ടർപട്ടിക പരിഷ്‌കരണ(എസ്‌ഐആർ)ത്തിനെതിരെ രൂക്ഷ വിമർശനവുമായി സാമ്പത്തിക- രാഷ്ട്രീയകാര്യ വിദഗ്ധൻ പരകാല പ്രഭാകർ. എസ്‌ഐആർ രക്തരഹിത രാഷ്ട്രീയ വംശഹത്യയാണെന്നും വോട്ടർ പട്ടിക ശുദ്ധീകരണം തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതല്ല, ഇന്ത്യയെന്ന രാജ്യത്തിന്റെ സാമൂഹിക ഘടന മാറ്റുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
എസ്‌ഐആറിന്റെ പേരിൽ വോട്ടവകാശവും പൗരത്വവും നിഷേധിക്കരുത് എന്നാവശ്യപ്പെട്ട് ജനകീയ പ്രതിരോധ സമിതി സംഘടിപ്പിച്ച പൗരാവകാശ സംരക്ഷണ പ്രതിജ്ഞ സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു പരകാല പ്രഭാകർ.
വോട്ടർ പട്ടികയിൽനിന്നും ഒരു പ്രത്യേക വിഭാഗം പുറത്താക്കപ്പെടുന്നതോടെ നിയമനിർമാണ സഭകളിൽ അവരുടെ പ്രതിനിധികൾ ഇല്ലാതെവരികയും പാർശ്വവത്കരിക്കപ്പെടുകയും ചെയ്യും. ഇതിലൂടെ രക്തരഹിത മാർഗത്തിലൂടെ വംശഹത്യ നടപ്പാക്കാനാകും. വോട്ടർ പട്ടികയിൽ നിന്ന് ചിലരെ തന്ത്രപൂർവ്വം ഒഴിവാക്കുമ്പോൾ ക്രിക്കറ്റ് കാണുന്ന ലാഘവത്തോടെ കാഴ്ചക്കാരാകരുത്. ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യയിൽ ദോഷകരമായി ഒന്നും സംഭവിക്കില്ല, ഇന്ത്യയിൽ എന്തെങ്കിലും സംഭവിച്ചാലും കേരളത്തിൽ ഒരു കുഴപ്പവുമുണ്ടാകില്ലെന്ന് വിചാരിക്കരുത്, അത് മൗഢ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ബിഹാറിൽ എസ്‌ഐആർ പൂർത്തിയായപ്പോൾ 7.24 കോടി വോട്ടർമാരിൽ 47 ലക്ഷം പേരാണ് ഒറ്റയടിക്ക് ഒഴിവാക്കപ്പെട്ടത്. അവരിൽ മഹാഭൂരിപക്ഷവും യഥാർത്ഥ വോട്ടർമാർ ആയിരുന്നു. പകരം പുതുതായി ചേർത്തവരിൽ 3.7 ലക്ഷം പേർ അപേക്ഷകർ പോലുമായിരുന്നില്ല. ഭരണഘടനാമൂല്യങ്ങളെയും ഭരണഘടനയെത്തന്നെയും തകർക്കുന്നതിന്റെ മുന്നോടിയായി വേണം എസ്‌ഐആറിനെ കാണനെന്നും പരകാല പ്രഭാകർ പറഞ്ഞു.
Content Highlights: indian economist Parakala Prabhakar against SIR