ഇവിടെയായിരുന്നു തട്ടാന്‍ ഭാസ്‌കരന്റെ ആ 'സ്വര്‍ണഖനി'; പൊന്മുട്ടയിടുന്ന താറാവിന്റെ ഓര്‍മയില്‍ തണ്ണീര്‍ക്കോട്

പഴയ ചോരാതെ ഇന്നും ആ കെട്ടിടം അവിടെയുണ്ട്

ഇവിടെയായിരുന്നു തട്ടാന്‍ ഭാസ്‌കരന്റെ ആ 'സ്വര്‍ണഖനി'; പൊന്മുട്ടയിടുന്ന താറാവിന്റെ ഓര്‍മയില്‍ തണ്ണീര്‍ക്കോട്
dot image

പാലക്കാട്: സാധാരണക്കാരന്റെ ജീവിതത്തെ അത്രമേല്‍ ആഴത്തില്‍ ഉള്‍ക്കൊണ്ട് ക്യാമറയില്‍ പകര്‍ത്തപ്പെട്ട ഒരുപിടി ശ്രീനിവാസന്‍ കഥാപാത്രങ്ങളുണ്ട്. അതിലൊന്നാണ് പൊന്മുട്ടയിടുന്ന താറാവിലെ തട്ടാന്‍ ഭാസ്‌കരന്‍ എന്ന കഥാപാത്രം. രഥുനാഥ് പാലേരി രചന നിര്‍വഹിച്ച ചിത്രം സംവിധാനം ചെയ്തത് സത്യന്‍ അന്തിക്കാടായിരുന്നു. തട്ടാന്‍ ഭാസ്‌കരന് പുറമേ മറ്റ് കഥാപാത്രങ്ങളും നാട്ടിന്‍പുറത്തെ ജീവിത യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ക്കാഴ്ചയായി. പാലക്കാട്ടെ കൂറ്റനാടിന് സമീപമുള്ള തണ്ണീര്‍ക്കോട് എന്ന ഗ്രാമമായിരുന്നു പൊന്മുട്ടയിടുന്ന താറാവിന് ജീവിക്കാന്‍ ഇടം നല്‍കിയ മനോഹരമായ ആ നാട്ടിന്‍പുറം. സിനിമയുടെ ഭാഗമായിരുന്ന നാഗലശ്ശേരി നാരായണനായിരുന്നു സിനിമയ്ക്കായി ഗ്രാമവും പരിസരവും കണ്ടെത്തിയത്.

സിനിമയില്‍ തട്ടാന്‍ ഭാസ്‌കന്റെ വീടും സ്‌നേഹലതയുടെ വീടും അടുത്തടുത്താണ്. ഇപ്പോഴും തണ്ണീര്‍ക്കോട് ആ വീടുകളുണ്ട്. അല്‍പ്പസ്വല്‍പ്പം മിനുക്കുപണികള്‍ നടന്നു എന്നതിനപ്പുറം മറ്റ് മാറ്റങ്ങളൊന്നുമില്ല. തട്ടാന്‍ ഭാസ്‌കരന്റെ സ്വര്‍ണക്കടയും മാമുക്കോയ അവതരിപ്പിച്ച അബൂബക്കര്‍ നടത്തിയിരുന്ന ചായക്കടയും ശാരി അവതരിപ്പിച്ച പാര്‍വതിയുടെ ഡാന്‍സ് സ്‌കൂളുമെല്ലാം പ്രവര്‍ത്തിച്ച ആ കെട്ടിടവും വലിയ മാറ്റമില്ലാതെ അവിടെയുണ്ട്. പുരുഷോത്തമന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ളതാണ് ഈ കട. പുരുഷോത്തമനും ഈ സിനിമയില്‍ അഭിനയിച്ചിട്ടുണ്ട്.

പുരുഷോത്തമന് പുറമേ പ്രദേശവാസികളായ മംഗലത്ത് വേണുഗോപാല്‍, തണ്ണീര്‍ക്കോട് സ്‌കൂളിലെ അധ്യാപകനായിരുന്ന കെ പി വേണു, കൃഷ്ണകുമാര്‍, അന്തരിച്ച കുഞ്ഞുക്കുട്ടന്‍ നമ്പ്യാര്‍ തുടങ്ങിയവരും ചിത്രത്തില്‍ ചെറിയ വേഷങ്ങളില്‍ അഭിനയിച്ചു. ജഗതി അവതരിപ്പിച്ച വെളിച്ചപ്പാട് കഥാപാത്രം ഉറഞ്ഞുതുള്ളിയത് ചാലിശ്ശേരിയിലെ കൗക്കോട് ക്ഷേത്ര പരിസരത്താണ്. തട്ടാന്‍ ഭാസ്‌കരന്‍ നടന്ന വഴികളും വലിയ മാറ്റങ്ങളൊന്നുമില്ലാതെ കാണാം. പുരുഷോത്തമന്‍ അടക്കമുള്ളവരുടെ മനസില്‍ പൊന്മുട്ടയിടുന്ന താറാവ് ഇന്നും നിറമുള്ള ഓര്‍മയാണ്.

1988 ലാണ് സത്യന്‍ അന്തിക്കാട് ചിത്രം സംവിധാനം ചെയ്യുന്നത്. ഉര്‍വശി, ജയറാം, ഇന്നസെന്റ്, കെപിഎസി ലളിത, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, ശങ്കരാടി, കരമന ജനാര്‍ഥനന്‍, കൃഷ്ണന്‍കുട്ടി നായര്‍, ഫിലോമിന, ശ്യാമ, പാര്‍വതി തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.

Content Highlights- Sreenivasan movie Ponmuttayidunna Tharavu shooting location in palakkad

dot image
To advertise here,contact us
dot image