

പത്തനംതിട്ട: ശബരിമലയിലേക്ക് അയ്യപ്പദര്‍ശനത്തിനായി തീർത്ഥാടകരെത്തുന്ന വാഹനങ്ങളില്‍ അതിത്രീവ്ര വെളിച്ചം നല്‍കുന്ന ലൈറ്റ് ഘടിപ്പിക്കുന്നത് വര്‍ധിക്കുന്നതിനാല്‍ അപകടങ്ങള്‍ കൂടുന്നതിനാല്‍ പരിശോധന കര്‍ശനമാക്കി മോട്ടോര്‍ വാഹന വകുപ്പ്. ഇലവുങ്കല്‍ സോണിലാണ് കര്‍ശന പരിശോധന നടത്തുന്നത്.
അന്യസംസ്ഥാനത്ത് നിന്നെത്തുന്ന വാഹനങ്ങളിലാണ് കൂടുതലായും അതിത്രീവ്രവെളിച്ചമുള്ള ലൈറ്റുകളുള്ളത്. മണ്ഡല പൂജ, മകരവിളക്ക് അടുത്തു കൊണ്ടിരിക്കുമ്പോള്‍ കൂടുതല്‍ തീര്‍ത്ഥാടകരാണ് ശബരിമലയിലേക്ക് എത്തുന്നത്. ശബരിമലയിലേക്കുള്ള റോഡുകളില്‍ കൂടുതല്‍ ഇറക്കവും കയറ്റവും വളവുകളും ഉള്ളതിനാല്‍ ഇത്തരത്തില്‍ വെളിച്ചംഘടിപ്പിച്ചാല്‍ എതിര്‍ദിശയില്‍ നിന്ന് വരുന്ന വാഹനത്തിന്റെ ഡ്രൈവര്‍ക്ക് കാണാന്‍ സാധിക്കില്ല. ഇത് വലിയ അപകടത്തിന് കാരണമാകുമെന്നാണ് മോട്ടോര്‍ വാഹന വകുപ്പ് അധികൃതര്‍ പറയുന്നത്.
ശബരിമലയില്‍ ഈ സീസണ്‍ തുടങ്ങിയതു മുതല്‍ മുപ്പതോളം അപകടങ്ങളാണ് ഉണ്ടായിട്ടുള്ളത്.
ഇലവുങ്കൽ സോണിൽ മോട്ടോർ വാഹന വകുപ്പിന്റെ 10-ഓളം സ്‌ക്വാഡുകളാണ് പരിശോധന നടത്തുന്നത്. സ്‌ക്വാഡുകൾ വാഹനങ്ങളിൽ പരിശോധന നടത്തുകയും അപകടമുണ്ടാകുന്ന സമയങ്ങളിൽ അവിടെ എത്തിച്ചേർന്ന് ആവശ്യമുള്ള നടപടികൾ സ്വീകരിക്കും. അപകടങ്ങൾക്ക് പുറമേ വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചാലും നീക്കാൻ ക്രെയിൻ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഏർപ്പെടുത്തും.
ഇലവുങ്കൽ-പമ്പ, ഇലവുങ്കൽ-പെരുന്നാട്, ഇലവുങ്കൽ-കണമല എന്നീ ഭാഗങ്ങളിലാണ് പരിശോധന നടത്തുന്നത്. രാത്രി കാലങ്ങളിൽ ഉറക്കം ഒഴിച്ച് വരുന്ന വാഹനങ്ങളുടെ ഡ്രൈവർമാരെ തടഞ്ഞ് നിർത്തുകയും വിശ്രമിക്കാനുള്ള സൗകര്യം ഏർപ്പെടുത്തി നൽകുകയും ചെയ്യും. അതിനുള്ള സൗകര്യം ഇലവുങ്കലിൽ ഒരുക്കിയിട്ടുണ്ട്. വാഹനത്തിലുള്ള തീർത്ഥാടകരെ കൃത്യമായി പമ്പയിലെത്തിക്കുകയും ചെയ്യും. ഇതിന് പുറമേ സന്നിധാനത്തേക്കുള്ള ട്രാക്ടറുകളിലും മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുന്നുണ്ട്. ഇതിനായി നാല് സ്‌ക്വാഡുകളെയാണ് നിയോഗിച്ചിട്ടുള്ളത്.
Content Highlight : Headlights that obscure vision in vehicles to be locked; MVD to tighten checking on Sabarimala route