

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. കഴിഞ്ഞ കുറച്ച് കാലങ്ങളായി ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. 69 വയസ്സായിരുന്നു. രാവിലെ ഡയാലിസിസിന് കൊണ്ടുപോകുമ്പോൾ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട ശ്രീനിവാസനെ തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. പക്ഷെ ജീവൻ രക്ഷിക്കാനായില്ല. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1956 ഏപ്രിൽ 26ന് കണ്ണൂരിലെ പാട്യത്ത് ജനിച്ച ശ്രീനിവാസൻ കൂത്തുപറമ്പ് മിഡിൽ സ്കൂൾ, കതിരൂർ ഗവൺമെന്റ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. മട്ടന്നൂർ പഴശ്ശിരാജ എൻഎസ്എസ് കോളേജിൽ നിന്ന് ഇക്കണോമിക്സിൽ ബിരുദം നേടി.
മദ്രാസിലെ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് സിനിമാ അഭിനയത്തിൽ ഡിപ്ലോമ നേടിയ ശ്രീനിവാസൻ തുടക്ക കാലത്ത് ഡബ്ബിംഗ് ആർട്ടിസ്റ്റെന്ന നിലയിലും പ്രവർത്തിച്ചിരുന്നു. സിനിമാ പഠനകാലത്ത് രജനികാന്ത് ശ്രീനിവാസൻ്റെ സഹപാഠിയായിരുന്നു. 48 വർഷക്കാലം നീണ്ടുനിന്ന സിനിമാ ജീവിതത്തിൽ 200ലേറെ സിനിമകളിൽ ശ്രീനിവാസൻ അഭിനയിച്ചു. 1977ൽ പി എ ബക്കർ സംവിധാനം ചെയ്ത മണിമുഴക്കത്തിലൂടെയാണ് സിനിമയിലേയ്ക്ക് വരുന്നത്. പിന്നീട് 1984ൽ 'ഓടരുത് അമ്മാവാ ആളറിയാം' എന്ന സിനിമയുടെ തിക്കഥാകൃത്തെന്ന നിലയിൽ മലയാള സിനിയിൽ ശ്രീനിവാസൻ വരവറിയിച്ചു. സാമൂഹിക വിഷയങ്ങളെ നർമ്മരസം ചേർത്ത് ശ്രീനിവാസൻ തിരക്കഥകളൊരുക്കിയപ്പോൾ മലയാളിക്ക് ഹാസ്യത്തിൻ്റെയും ആക്ഷേപഹാസ്യത്തിൻ്റെയും നവ്യാനുഭവങ്ങൾ കൂടിയാണ് സ്വന്തമായത്.
1989ൽ പുറത്തിറങ്ങിയ വടക്കുനോക്കി യന്ത്രമായിരുന്നു ശ്രീനിവാസൻ ആദ്യമായി സംവിധാനം ചെയ്ത സിനിമ. മികച്ചൊരു സംവിധായകൻ്റെ വരവറിയിച്ച സിനിമയായിരുന്നു വടക്കുനോക്കി യന്ത്രമെങ്കിലും അഭിനയത്തിലും തിരക്കഥാ രചനയിലുമായിരുന്ന ശ്രീനിവാസൻ കൂടുതൽ ശ്രദ്ധകേന്ദ്രീകരിച്ചത്. ശ്രീനിവാസൻ സംവിധാനം ചെയ്ത മറ്റൊരു ചിത്രമായ ചിന്താവിഷ്ടയായ ശ്യാമള മലയാളിയുടെ ജീവിതപരിസരങ്ങളിലെ കാപട്യങ്ങളെ ആക്ഷേപഹാസ്യത്തിലൂടെ വരച്ചിട്ടു. ഒരു സ്ത്രീപക്ഷ സിനിമയെന്ന് കൂടി വിശേഷിപ്പിച്ച് പോകാവുന്ന സിനിമയാണ് ചിന്താവിഷ്ടയായ ശ്യാമള മലയാള സിനിമയിലെ ഏറ്റവും ചിന്തോദ്ദീപമായ സാമൂഹ്യ വിമർശന സിനിമകളുടെ പട്ടികയെടുത്താൽ ശ്രീനിവാസൻ എന്ന എഴുത്തുകാരൻ്റെ പ്രതിഭാവിലാസം വ്യക്തമാണ്. മലയാള സാഹിത്യത്തിന് വൈക്കം മുഹമ്മദ് ബഷീർ എന്തായിരുന്നോ അതായിരുന്നു മലയാള സിനിമയ്ക്ക് ശ്രീനിവാസൻ.
Content Highlights: Actor Sreenivasan Passed Away