

കൊച്ചി: 'പോറ്റിയെ കേറ്റിയെ' ഗാനവിവാദത്തിൽ മെറ്റയ്ക്ക് കത്തയച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. കോടതി നിർദേശം നൽകാതെ പാട്ട് നീക്കം ചെയ്യുന്നത് തെറ്റാണെന്നും ഇവ മൗലികാവകാശങ്ങളുടെ ലംഘനമാണെന്നും പ്രതിപക്ഷ നേതാവ് കത്തിൽ പറയുന്നു.
അതേസമയം, വിവാദ പാരഡി ഗാനത്തില്‍ കേസെടുക്കില്ല. കേസെടുക്കേണ്ടതില്ലെന്ന് ക്രമസമാധാന ചുമതലയുള്ള എഡിജിപി തിരുവനന്തപുരം സിറ്റി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കി. പാരഡി ഗാനം നീക്കാന്‍ മെറ്റയ്ക്കും യൂട്യൂബിനും കത്ത് നല്‍കില്ല.
അയ്യപ്പ ഭക്തിഗാനത്തെ വികലമായി ഉപയോഗിച്ചെന്ന് കാണിച്ച് തിരുവാഭരണ പാത സംരക്ഷണസമിതി നല്‍കിയ പരാതിയിലായിരുന്നു കേസെടുത്തത്. പിന്നാലെ സംസ്ഥാനത്തുടനീളം പരാതികള്‍ ലഭിച്ചിരുന്നു. എന്നാല്‍ അതിലൊന്നും തുടര്‍നടപടികളിലേക്ക് കടക്കേണ്ടതില്ലെന്നാണ് തീരുമാനം.
കൃത്യമായ തെളിവുകള്‍ ഇല്ലാതെ തുടര്‍ നടപടിക്ക് മുതിര്‍ന്നാല്‍ കോടതിയില്‍ തിരിച്ചടിയാകുമെന്നും വിലയിരുത്തലുണ്ട്. എന്നാല്‍ മുഖ്യമന്ത്രിയുടെ ഫോട്ടോ പാരഡിക്കൊപ്പം ചേര്‍ത്തതില്‍ ഗൂഢാലോചന സംശയിച്ചിരുന്നു. തുടര്‍ന്നാണ് വിവരങ്ങള്‍ തേടി പൊലീസ് മെറ്റയ്ക്ക് കത്തയച്ചത്. വിഷയത്തെ പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.
പാരഡി ഗാനം പിന്‍വലിക്കുകയും പാരഡി ഗാനം പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കണമെന്നുമാണ് തിരുവാഭരണ പാത സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി പ്രസാദ് കുഴികാല ആവശ്യപ്പെട്ടത്.
തദ്ദേശ തെരഞ്ഞെടുപ്പിൽ യുഡിഎഫിന് ഗുണകരമായി എന്ന് വിലയിരുത്തപ്പെട്ട പാരഡി ഗാനമാണ് 'പോറ്റിയെ കേറ്റിയെ'. തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം യുഡിഎഫ് നേതാക്കൾ ഈ പാട്ട് പലയിടത്തായി പാടിയിരുന്നു. പാട്ടിനെതിരെ കേസെടുത്തപ്പോൾ ഗാനരചയിതാവിനും ഗായകനും സംരക്ഷണം നൽകുമെന്നും കേസ് ഏറ്റെടുക്കുമെന്നും കോൺഗ്രസ് പറഞ്ഞിരുന്നു.
Content Highlights: VD Satheesan writes to meta on ayyappa song controversy