ദളിത് പ്രസിഡൻ്റുമാർ ഭരിച്ച പഞ്ചായത്തുകളിലെ ലീഗ് പ്രവർത്തകരുടെ 'ശുദ്ധികലശം'; വിമർശിച്ച് ടി എസ് ശ്യാം കുമാർ

ദളിത് വിഭാ​ഗത്തിൽ നിന്നുള്ളവർ പ്രസിഡൻ്റ് സ്ഥാനത്തിരുന്ന പഞ്ചായത്തുകളുടെ മുന്നിലാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലീ​ഗ് പ്രവർ‌ത്തകർ 'ശുദ്ധികലശം' നടത്തിയത്

ദളിത് പ്രസിഡൻ്റുമാർ ഭരിച്ച പഞ്ചായത്തുകളിലെ ലീഗ് പ്രവർത്തകരുടെ 'ശുദ്ധികലശം'; വിമർശിച്ച് ടി എസ് ശ്യാം കുമാർ
dot image

കൊച്ചി: കോഴിക്കോട് ചങ്ങരോത്ത്, പാലക്കാട് വിളയൂർ പഞ്ചായത്ത് ഓഫീസുകൾക്ക് മുന്നിൽ 'ശുദ്ധികലശം' നടത്തിയ മുസ്ലിം ലീ​ഗ് നിലപാടിനെതിരെ രൂക്ഷവിമർശനവുമായി ​ഗവേഷകനും സംസ്കൃത പണ്ഡിതനുമായ ടി എസ് ശ്യാം കുമാർ. ദളിത് വിഭാ​ഗത്തിൽ നിന്നുള്ളവർ പ്രസിഡൻ്റ് സ്ഥാനത്തിരുന്ന പഞ്ചായത്തുകളുടെ മുന്നിലാണ് തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം ലീ​ഗ് പ്രവർ‌ത്തകർ 'ശുദ്ധികലശം' നടത്തിയത്.

ഈ പ്രവൃത്തിയിലൂടെ ലീ​ഗ് പ്രവർത്തകർ ഇന്ത്യയിലെ ദളിത് ജനവിഭാ​ഗത്തെയും ഇന്ത്യൻ ഭരണഘടനയെയുമാണ് അപമാനിച്ചിരിക്കുന്നതെന്നാണ് ടി എസ് ശ്യാം കുമാറിൻ്റെ വിമർശനം. പഞ്ചായത്ത് ഓഫീസിന് മുൻപിൽ 'ശുദ്ധികലശം' നടത്തിയ മുസ്ലിം ലീ​ഗുകാരുടെ രാഷ്ട്രീയം അയിത്തവും സവർണതയും അങ്ങേയറ്റത്തെ ഹിംസയും പുലർത്തുന്ന രാഷ്ട്രീയം തന്നെയാണെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ടി എസ് ശ്യാം കുമാർ വിമർശിച്ചിട്ടുണ്ട്. കാലങ്ങളായി ജാതി ഹിന്ദുക്കൾ കീഴോർ മനുഷ്യരോട് വെച്ചു പുലർത്തുന്ന വെറുപ്പിന്റെയും പുറന്തള്ളലിന്റെയും സാംസ്കാരിക രാഷ്ട്രീയമാണ് 'ശുദ്ധികലശം' നടത്തിയ ലീ​ഗുകാർ പിൻപറ്റുന്നതെന്നും ശ്യാം കുമാർ കുറ്റപ്പെടുത്തുന്നുണ്ട്. ജാതി-വ്യവസ്ഥയുടെ പുറന്തള്ളൽ ഹിംസ ഇന്ത്യയിലെ മറ്റിതര മതവിഭാഗങ്ങളിലുൾപ്പെട്ടവരും സ്വാംശീകരിച്ചിട്ടുള്ളതിന്റെ അനന്തരഫലം കൂടിയായി ഈ ശുദ്ധികലശത്തെ വിലയിരുത്തേണ്ടിവരുമെന്നും ശ്യാം കുമാർ ചൂണ്ടിക്കാണിക്കുന്നു.

നേരത്തെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയായിരുന്നു കോഴിക്കോട് ചങ്ങരോത്ത് പഞ്ചായത്തിലും പാലക്കാട് വിളയൂർ പഞ്ചായത്തിലും ലീ​ഗ് പ്രവർത്തകർ 'ശുദ്ധികലശം' നടത്തിയത്. കഴിഞ്ഞ തവണ ഭരണം നഷ്ടപ്പെട്ട ചങ്ങരോത്ത് പഞ്ചായത്തിൽ ഭരണം തിരിച്ച് പിടിച്ചതിന് പിന്നാലെ നടന്ന ആഹ്ളാദപ്രകടനത്തിനിടെയായിരുന്നു മുസ്ലിം ലീ​ഗ് പ്രവർത്തകർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ചാണകവെള്ളം തളിച്ച് പ്രതീകാത്മക 'ശുദ്ധീകരണം' നടത്തിയത്. താൻ ദളിത് വിഭാ​ഗത്തിൽപ്പെട്ട ആളായത് കൊണ്ടാണ് ലീ​ഗ് പ്രവർത്തകർ പഞ്ചായത്തിന് മുന്നിൽ ശുദ്ധികലശം നടത്തിയതെന്ന് ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റായിരുന്ന ഉണ്ണി വെങ്ങോരി പ്രതികരിച്ചിരുന്നു. യുഡിഎഫ് സമീപ പഞ്ചായത്തുകളിൽ വിജയിച്ചെങ്കിലും സമാനനിലയിലുള്ള 'ശുദ്ധികലശം' നടത്തിയിട്ടില്ലെന്നും ഉണ്ണി ചൂണ്ടിക്കാണിച്ചു. 'ശുദ്ധികലശം' നടത്തിയ സംഭവത്തിൽ ഉണ്ണി പൊലീസിൽ പരാതി നൽകിയിരുന്നു. ചാണക വെള്ളം തളിച്ച് ശുദ്ധീകരിച്ചെന്ന അടിക്കുറിപ്പോടെ ലീ​ഗ് പ്രവർത്തകർ ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിലും പ്രചരിച്ചിരുന്നു.

പാലക്കാട് വിളയൂർ പ‍ഞ്ചായത്തിന് മുന്നിലും മുസ്ലിം ലീ​ഗ് പ്രവർത്തകർ ചാണക വെള്ളം തളിച്ച് ശുദ്ധികലശം നടത്തുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.

Content Highlights: T S Shyam Kumar Criticizes League Workers for Insulting Act in Panchayats Ruled by Dalit Presidents

dot image
To advertise here,contact us
dot image