

കാസര്‍കോട്: എന്നും രാവിലെ തന്റെ വീട്ടിലേക്ക് വരുന്ന രാഘവന്‍ ഇനി വരില്ല എന്ന കാര്യം ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല 85കാരിയ ബീഫാത്തിമ ഉമ്മയ്ക്ക്. ബുധനാഴ്ച രാവിലെ തനിക്ക് ചായയും പലഹാരവുമായി വന്ന് പോയതാണ്.
വര്‍ഷങ്ങളായി കിളിംഗാര്‍ മജീര്‍ പള്ളക്കട്ടയിലെ രാഘവന്‍(59)കൊണ്ടുവരുന്ന പ്രഭാതഭക്ഷണം കഴിച്ചാണ് അയല്‍വാസിയായ ബീഫാത്തിമ ഉമ്മയുടെ ദിനങ്ങള്‍ ആരംഭിച്ചിരുന്നത്. വീട്ടുകാരും ബന്ധുക്കളുമില്ലാതെ ഒറ്റപ്പെട്ടുപോയ ബീഫാത്തിമ ഉമ്മയ്ക്ക് എന്നും മുടങ്ങാതെ തന്റെ വീട്ടിലുണ്ടാക്കുന്ന പ്രഭാത ഭക്ഷണത്തില്‍ നിന്ന് ഒരോഹരിയുമായി രാഘവന്‍ എന്നും എത്തുമായിരുന്നു.
ബീഫാത്തിമ ഉമ്മയെ സംബന്ധിച്ചിടത്തോളം രാഘവന്‍ കേവലം അയല്‍വീട്ടുകാരനായിരുന്നില്ല. മകന്‍ തന്നെയായിരുന്നു. ആശുപത്രി ആവശ്യത്തിനോ മറ്റെന്ത് കാര്യത്തിനായാലും വിളിപ്പുറത്തുണ്ടായിരുന്നു രാഘവന്‍.
പതിവ് പോലെ ബുധനാഴ്ചയും ബീഫാത്തിമ ഉമ്മയ്ക്ക് ഭക്ഷണം നല്‍കി ജോലി ചെയ്യുന്ന ബേളയിലെ കണ്ണാസ്പത്രിയിലേക്ക് പോയതാണ് രാഘവന്‍. ഉച്ചക്ക് ശേഷം നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. അവിടെവെച്ചുതന്നെ മരിക്കുകയായിരുന്നു.