

കോഴിക്കോട്: യുഡിഎഫുമായുള്ള ബന്ധം ശക്തമാക്കാനൊരുങ്ങി വെൽഫെയർ പാർട്ടി. യുഡിഎഫുമായി തുടർചർച്ചകൾ നടക്കുമെന്നും രാഷ്ട്രീയമായി യോജിക്കുന്ന മുന്നണിയുമായി ചേർന്ന് പ്രവർത്തിക്കുമെന്നും റസാഖ് പാലേരി പറഞ്ഞു. ഇക്കാര്യത്തിൽ യുഡിഎഫുമായി തുടർചർച്ചകൾ നടക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
തദ്ദേശ തെരഞ്ഞെടുപ്പിലും യുഡിഎഫുമായി കൈകോർത്തുവെന്നും റസാഖ് പാലേരി പറഞ്ഞു. പ്രാദേശിക നീക്കുപോക്കുകൾ ഉണ്ടാക്കിയാണ് ഈ തെരഞ്ഞെടുപ്പിൽ മത്സരിച്ചത്. അവയിൽത്തന്നെ യുഡിഎഫുമായാണ് ഏറ്റവും കൂടുതൽ പ്രാദേശിക നീക്കുപോക്കുണ്ടായത്. അത്തരം ഇടങ്ങളിൽ തങ്ങൾ വിജയിച്ചിട്ടുണ്ട്, ചിലയിടങ്ങളിൽ യുഡിഎഫും വിജയിച്ചിട്ടുണ്ട്. വെൽഫെയർ പാർട്ടിയുമായുള്ള ബന്ധത്തെക്കുറിച്ച് പ്രതിപക്ഷ നേതാവ് വ്യക്തമായി സംസാരിച്ചിട്ടുണ്ട്. മത്സരിക്കാത്തയിടങ്ങളിൽ പോലും യുഡിഎഫിനാണ് പ്രവർത്തകർ വോട്ട് ചെയ്തതെന്നും റസാഖ് പാലേരി വ്യക്തമാക്കി.
നിയമസഭാ തെരഞ്ഞെടുപ്പിൽ യുഡിഎഫുമായി കൈകൊടുക്കാനുള്ള സാധ്യതയും റസാഖ് പാലേരി തള്ളിക്കളഞ്ഞില്ല. നിയമസഭയിലെ കാര്യം ഇതുവരെ തീരുമാനിച്ചിട്ടില്ല. തുടർചർച്ചകൾ നടക്കും. തങ്ങൾ യുഡിഎഫിന്റെ ഭാഗമല്ല. പക്ഷെ മുന്നണി രാഷ്ട്രീയത്തിന്റെ സാധ്യതകൾ പ്രയോജനപ്പെടുത്തുക എന്നത് തങ്ങളുടെ ലൈനാണ്. സിപിഐഎമ്മുമായാണ് ഇത് ആദ്യം പ്രയോജനപ്പെടുത്തിയത്. 2015ലെ തെരഞ്ഞെടുപ്പിൽ തങ്ങൾ സിപിഐഎമ്മുമായി ധാരണയിലായിരുന്നുവെന്നും റസാഖ് പാലേരി പറഞ്ഞു.
Content Highlights: Welfare party says it will try to go in hand with UDF