

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന് പിന്നാലെ നടത്തിയ പരാമര്‍ശത്തില്‍ ഖേദം പ്രകടിപ്പിച്ച് എം എം മണി. വോട്ടര്‍മാരെ അധിക്ഷേപിക്കുന്ന തരത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ഖേദിക്കുന്നതായി അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
എംഎ ബേബി പറഞ്ഞ നിലപാടാണ് പാര്‍ട്ടിയുടെ നിലപാട്. അത് തന്നെയാണ് തന്റെയും നിലപാട്. ഇന്നലെ ഒരു സാഹചര്യത്തില്‍ പറഞ്ഞുപോയതാണ്. സംസ്ഥാനത്ത് ഉള്‍പ്പെടെ ക്ഷേമ പ്രവര്‍ത്തനം നടത്തിയിട്ടും ഇങ്ങനെയൊരു ജനവിധി വന്നതില്‍ പ്രതികരിച്ച് പോയതാണ്. അത്തരത്തില്‍ പ്രതികരിക്കേണ്ട കാര്യമില്ലായിരുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
ജനറല്‍ സെക്രട്ടറി പറഞ്ഞത് പാര്‍ട്ടി നിലപാടാണ്. ഉമ്മന്‍ചാണ്ടി, എ കെ ആന്റണി, കരുണാകരന്‍ എന്നിവർ ഭരിക്കുമ്പോള്‍ ജനങ്ങള്‍ക്ക് അവരുടെ അവകാശങ്ങള്‍ ലഭിച്ചിരുന്നില്ല. ഇതില്‍ നിന്നും വ്യത്യസ്തമായി ഇടതുപക്ഷ ജനാധിപത്യ സര്‍ക്കാരുകള്‍ അധികാരത്തിലുള്ളപ്പോള്‍ ചെയ്ത ക്ഷേമപ്രവര്‍ത്തനങ്ങള്‍ മറ്റ് ഏതെങ്കിലും സര്‍ക്കാര്‍ സംസ്ഥാനത്ത് ചെയ്തിട്ടുണ്ടോയെന്നും എം എം മണി ചോദിച്ചു. സാമൂഹിക വീക്ഷണവും സമൂഹത്തത്തോടുള്ള ഉത്തരവാദിത്തത്തിന്റെയും അടിസ്ഥാനത്തിലാണ് പാര്‍ട്ടി പ്രവര്‍ത്തിക്കുന്നത്. ആ കാഴ്ചപ്പാടില്‍ പ്രവര്‍ത്തിക്കുന്നതുകൊണ്ടാണ് സംസ്ഥാന ക്ഷേമ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നും എംഎം മണി പറഞ്ഞു.
കഴിഞ്ഞ ദിവസത്തെ പ്രതികരണത്തെ പാര്‍ട്ടി തള്ളിപ്പറഞ്ഞിട്ടുണ്ട്. പാര്‍ട്ടി നേതൃത്വത്തിന്റെ അഭിപ്രായം നൂറു ശതമാനവും അംഗീകരിക്കുന്നു. താന്‍ അങ്ങനെ പ്രതികരിക്കാന്‍ പാടില്ലായിരുന്നു എന്നു തന്നെയാണ് തോന്നുന്നതെന്നും എം എം മണി പറഞ്ഞു. പൊതുവേ ജനവിധി ആകെ അനുകൂലമാണെന്ന് പറയാന്‍ പറ്റില്ല. കോട്ടയത്തും ഇടുക്കിയിലും മത്സരിച്ച മാണി വിഭാഗത്തിനും ബാധകമായതും അതാണെന്ന് എംഎം മണി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ ഈ വിധിയില്‍ ഒരു നിലയിലും യോജിക്കാന്‍ കഴിയില്ല എന്നതാണ് നിലപാട്. സര്‍ക്കാര്‍ ചെയ്ത നല്ല കാര്യങ്ങള്‍ നോക്കുമ്പോള്‍ ജനവിധി സഹായകരമായില്ല. എന്താണ് ഇതിന് കാരണമെന്ന് പാര്‍ട്ടി പരിശോധിക്കുമെന്നും എംഎം മണി പറഞ്ഞു. പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെയും എം എം മണി വിമർശനം ഉന്നയിച്ചു. വി ഡി സതീശന്‍ കേരളം കണ്ട ഏറ്റവും നിലവാരം കുറഞ്ഞ പ്രതിപക്ഷ നേതാവാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
Content Highlights: MM Mani about his comments on Voters