

ഇടത്തോട്ടല്ലാതെ കോഴിക്കോട്ടെ കാറ്റ് ദിശമാറി വീശിയ കാലം ഉണ്ടായിട്ടില്ല. എക്കാലവും ഇടതിനൊപ്പം ഉറച്ച മണ്ണ്. പക്ഷെ തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്ന ഇന്നലെ കോഴിക്കോട് യുഡിഎഫ് കൊടുങ്കാറ്റ് ആഞ്ഞ് വീശി. ജില്ലയില്‍ ഇടതുപക്ഷത്തിനുണ്ടായിരുന്ന ആധിപത്യം ഉലയ്ക്കുന്നതായിരുന്നു ഈ യുഡിഎഫ് തരംഗം. 1995 ല്‍ കോഴിക്കോട് ജില്ലാ പഞ്ചായത്ത് നിലവില്‍ വന്നശേഷം 30 വര്‍ഷത്തെ ചരിത്രത്തിലാദ്യമായി ഭരണം യുഡിഎഫ് പിടിച്ചെടുത്ത് ചരിത്രത്തിലേക്ക് നടക്കുകയായിരുന്നു.
മൂന്ന് പതിറ്റാണ്ട് നീണ്ട കാത്തിരിപ്പിനൊടുവിലെ വിജയമധുരമാണ് യുഡിഎഫ് കോഴിക്കോട് ഇന്നലെ നുണഞ്ഞത്. ജില്ലാ പഞ്ചായത്തിലേക്കുള്ള ആകെയുള്ള 28 സീറ്റില്‍ 15 സീറ്റും നേടിയപ്പോൾ കോൺഗ്രസ് ക്യാമ്പിൽ ആരവമുയർന്നു. കോണ്‍ഗ്രസ് എട്ട് സീറ്റും മുസ്ലിം ലീഗ് ആറ് സീറ്റും നേടി. ആര്‍എംപിയുടെ ജനകീയ മുന്നണിയും ജില്ലാ പഞ്ചായത്ത് നേട്ടത്തില്‍ നിര്‍ണ്ണായക സ്വാധീനമായി. എല്‍ഡിഎഫിന് 13 സീറ്റ് മാത്രമാണ് നേടാനായത്.
കോര്‍പ്പറേഷനുകളിലും സ്ഥിതി മറിച്ചല്ല. 50 സീറ്റുകളുമായാണ് ഇത്തവണ എല്‍ഡിഎഫ് കോഴിക്കോട് കോർപ്പറേഷനിലേയ്ക്ക് മത്സരിക്കാനിറങ്ങിയതെങ്കില്‍ 34 സീറ്റില്‍ മാത്രമാണ് ഇത്തവണ വിജയിച്ചത്. യുഡിഎഫും എന്‍ഡിഎയും മികച്ച മുന്നേറ്റമുണ്ടാക്കുകയും ചെയ്തു. യുഡിഎഫ് 26 സീറ്റിലും എന്‍ഡിഎ 13 സീറ്റിലുമാണ് വിജയിച്ചത്. കോഴിക്കോട് കോര്‍പ്പറേഷനില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയായ ഡെപ്യൂട്ടി മേയര്‍ സി പി മുസാഫര്‍ അഹമ്മദ് തോറ്റതും മേയര്‍ ബീന ഫിലിപ്പിന്റെ വാര്‍ഡില്‍ ബിജെപി വിജയിച്ചതും എൽഡിഎഫിൻ്റെ തിരിച്ചടി ഇരട്ടിയാക്കി. കോര്‍പ്പറേഷനില്‍ ബിജെപി നടത്തിയ നീക്കം നിര്‍ണ്ണായകമാണ്. ഏഴ് സീറ്റില്‍ നിന്നാണ് 13ലേക്ക് അവർ സീറ്റ് ഉയര്‍ത്തിയത്.
നഗരസഭകളിലും ഇതേ ട്രെന്‍ഡ് കാണാനാകും. പയ്യോളി, രാമനാട്ടുകര, കൊടുവള്ളി, ഫറോക്ക് നഗരസഭകൾ യുഡിഎഫ് നിലനിര്‍ത്തി. മുക്കം, കൊയിലാണ്ടി നഗരസഭകള്‍ ചെറിയ വ്യത്യാസത്തിലാണ് യുഡിഎഫിന് നഷ്ടമായത്. ബ്ലോക്ക് പഞ്ചായത്തുകളില്‍ മാത്രമാണ് എല്‍ഡിഎഫിന് ആശ്വാസത്തിന് വകയുള്ളത്. തൂണേരി, കുന്നുമ്മല്‍, തോടന്നൂര്‍, മേലടി, പന്തലായനി, ചേളന്നൂര്‍, കകോഴിക്കോട് ബ്ലോക്കുകള്‍ എല്‍ഡിഎഫിനാണ് മേല്‍ക്കൈ എങ്കിലും വടകര, പേരാമ്പ്ര, ബാലുശ്ശേരി ബ്ലോക്കുകള്‍ സമാസമമാണ്. ബ്ലോക്ക് ഡിവിഷനുകളിലെ ഫലം പ്രത്യേകം പരിശോധിച്ചാല്‍ താഴെത്തട്ടില്‍ എല്‍ഡിഎഫിനേറ്റ തിരിച്ചടി വ്യക്തമാകും.
പേരാമ്പ്ര ബ്ലോക്ക് മാത്രമെടുത്താല്‍ അഞ്ച് കുത്തക പഞ്ചായത്തുകളിലാണ് ഇടതിന് കോട്ടം തട്ടിയത്. പേരാമ്പ്ര, കൂത്താളി, ചക്കിട്ടപ്പാറ, ചെറുവണ്ണൂര്‍, നടുവണ്ണൂര്‍, ചങ്ങരോത്ത് പഞ്ചായത്തുകളെല്ലാം എല്‍ഡിഎഫിനെ കയ്യൊഴിഞ്ഞു. മുന്‍ മന്ത്രിയും എല്‍ഡിഎഫ് കണ്‍വീനറും നിലവിലെ എംഎല്‍എയുമായ ടി പി രാമകൃഷ്ണന്റെ മണ്ഡലമാണ് പേരാമ്പ്ര. പേരാമ്പ്ര ടൗണില്‍ ഷാഫി പറമ്പില്‍ എംപിക്ക് പൊലീസ് ലാത്തിച്ചാര്‍ജില്‍ മര്‍ദ്ദനമേറ്റത് യുഡിഎഫ് തദ്ദേശ തെരഞ്ഞെടുപ്പിൽ വലിയ പ്രചാരണായുധമാക്കിയിരുന്നു. അറുപത് വര്‍ഷം എല്‍ഡിഎഫിനൊപ്പം അടിയുറച്ചുനിന്ന കുരുവട്ടൂരും തലക്കുളത്തൂരും നഷ്ടപ്പെട്ടതും ചെറുതായി കാണാനാകില്ല. 45 വര്‍ഷത്തിന് ശേഷമാണ് എല്‍ഡിഎഫിന് ബാലുശ്ശേരി നഷ്ടമാകുന്നത്. ഇടതുശക്തികേന്ദ്രമാണ് മണിയൂരും കൈയ്യില്‍ നിന്ന് പോയി. പെരുമണ്ണയിലെയും പുറമേരിയിലെ വിധിയും എൽഡിഎഫിന് പ്രഹരമാണെന്ന് പറയാം.
Content Highlights: Local Body Election Kozhikode udf Impact and ldf Loss