'കേരളം BJPയിലേക്കെന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; അട്ടിമറി നടന്നുവെന്ന വാദം തെറ്റ്'

'കോര്‍പ്പറേഷന്‍ മാറ്റി നിര്‍ത്തിയാല്‍ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റുപോലും ബിജെപിക്കില്ല'

'കേരളം BJPയിലേക്കെന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമം; അട്ടിമറി നടന്നുവെന്ന വാദം തെറ്റ്'
dot image

ന്യൂഡല്‍ഹി: കേരളം ബിജെപിയിലേക്കെന്ന മായാപ്രപഞ്ചം സൃഷ്ടിക്കാനാണ് പ്രധാനമന്ത്രിയുടെ ശ്രമമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. സംസ്ഥാനത്ത് വലിയ അട്ടിമറി നടന്നിരിക്കുന്നുവെന്ന നേതാക്കളുടെ വാദം തെറ്റാണെന്നും അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, ഗതാഗതമന്ത്രി, ആരോഗ്യമന്ത്രി എന്നിവര്‍ നിരനിരയായി ഇത് ആവര്‍ത്തിക്കുന്നു. ഇതാണ് ബിജെപിയുടെ തന്ത്രം. പിആറും പബ്ലിസിറ്റിയും കൊണ്ട് ജനങ്ങളുടെ മനോഗതം തിരിക്കാനാണ് ശ്രമമെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പിലെ വിജയം പ്രതികൂല സാഹചര്യത്തെ അതിജീവിച്ച് നേടിയെടുത്തതാണെന്ന് കെ സി വേണുഗോപാൽ പറഞ്ഞു. 14ഡിസിസികളും കോര്‍ കമ്മിറ്റിയും നേതാക്കളും കഷ്ടപ്പെട്ട് പ്രവര്‍ത്തിച്ചതിന്റെ ഫലമാണ് വിജയം. സൂക്ഷ്മതയോടെയും ചിട്ടയോടെയും കൃത്യനിഷ്ഠതയോടെയും ആണ് സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലും ക്യാമ്പയിനിങ്ങിലും മുന്‍ ഒരുക്കങ്ങളിലും ജില്ലാ കോണ്‍ഗ്രസ് കമ്മറ്റികള്‍ മുന്നോട്ടുപോയത്. കെപിസിസി വളരെ തീവ്രമായ പ്രവര്‍ത്തനം നടത്തിയതിന്റെയും ഫലമാണ് വിജയം. വിജയത്തില്‍ പിണറായി സര്‍ക്കാരിനും പങ്കുണ്ട്. കഴിഞ്ഞ പത്ത് കൊല്ലത്തെ ഭരണത്തില്‍ ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച സര്‍ക്കാരില്ല. ഓരോ പ്രവര്‍ത്തനത്തിലും ജനങ്ങളെ അവര്‍ വെറുപ്പിക്കുകയാണ്. നിലപാടുകളില്‍ കേന്ദ്ര സര്‍ക്കാരില്‍ പൂര്‍ണമായും കീഴടങ്ങിയ നിലയിലാണ് അവർ. തൃശൂര്‍ പാര്‍ലമെന്റിന് ശേഷം ബിജെപി തിരുവനന്തപുരം നഗരസഭ നേടാനുള്ള സാഹചര്യം ഉണ്ടാക്കിയത് പിണറായി സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനുമാണ്. പിഎംശ്രീ, ലേബര്‍ കോഡ്, ദേശീയപാത അഴിമതി എന്നിവയില്‍ മുഖ്യമന്ത്രിയുടെ നിലപാട് സിപിഐഎം അണികള്‍ക്ക് പോലും ബിജെപിയോട് മൃദുസമീപനമുണ്ടാക്കി. അതുകൊണ്ടാണ് തിരുവനന്തപുരത്തെ ശക്തികേന്ദ്രങ്ങള്‍ ഒലിച്ചുപോയത്. മോദി സര്‍ക്കാര്‍ ചെയ്യുന്ന കാര്യങ്ങളെല്ലാം അവരെക്കാള്‍ മുന്നേ നടപ്പിലാക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്തത്. അതിനാല്‍ സിപിഐഎം പ്രവര്‍ത്തകര്‍ക്ക് ബിജെപിക്ക് വോട്ടു ചെയ്യുന്നതില്‍ മടിയുണ്ടായില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

ശബരിമല സ്വര്‍ണക്കൊള്ളയില്‍ പ്രതികളെ ന്യായീകരിക്കുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടായി. കേരളത്തിലെ മുഖ്യമന്ത്രി ഉദ്യോഗസ്ഥരില്ലാതെ കേന്ദ്രമന്ത്രിമാരായ നിര്‍മലാ സീതാരാമന്‍, അമിതാ ഷാ എന്നിവരുമായി കൂടിക്കാഴ്ചകള്‍ നടത്തിയതിന് അതിനപ്പുറത്തൊരു മാനമുണ്ടെന്ന് ആരെങ്കിലും സംശയിച്ചാല്‍ കുറ്റംപറയാന്‍ പറ്റില്ല. ഈ അന്തര്‍ധാര കേരളജനത തിരിച്ചറിഞ്ഞു. അഞ്ച് കോര്‍പ്പറേഷന്‍ ഭരിച്ചിരുന്ന എല്‍ഡിഎഫ് ഒന്നിലേക്ക് ചുരുങ്ങി. ഒരിടത്ത് ബിജെപിക്കും വിജയം ലഭിച്ചു. തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വ്യക്തമായ മേല്‍ക്കോയ്മയാണ് ഉള്ളത്. എന്നാല്‍ പ്രധാനമന്ത്രിയും രാജ്‌നാഥ് സിങും ഗഡ്കരിയും കേരളം മാറിയെന്ന് അഭിപ്രായപ്പെട്ടു. പക്ഷേ കോര്‍പ്പറേഷന്‍ മാറ്റി നിര്‍ത്തിയാല്‍ ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റുപോലും ബിജെപിക്കില്ല. 2020ല്‍ നിന്നും വ്യത്യസ്തമായി ഒന്നും സംഭവിച്ചില്ലെന്നും കെ സി വേണുഗോപാൽ പറഞ്ഞു.

Content Highlights: KC Venugopals says BJP top leaders trying to create illusion of BJP's stronghold in Kerala

dot image
To advertise here,contact us
dot image