

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിലെ എൽഡിഎഫിൻ്റെ കനത്ത തിരിച്ചടിക്ക് പിന്നാലെ പ്രതികരണവുമായി ഡോ. ജോ ജോസഫ്. നമുക്ക് മുന്നേ നടന്ന സഖാക്കൾ പോരാട്ടങ്ങളിലെ തോൽവികളിൽ മനം മടുത്തിരുന്നെങ്കിൽ ഈ തോൽവി കാണാനെങ്കിലും നാം ഉണ്ടാകുമായിരുന്നോ എന്ന് ജോ ജോസഫ് ചോദിച്ചു. അസമത്വം ഉള്ളിടത്തോളം കാലം നമ്മുടെ പോരാട്ടത്തിന് കളമുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർ ഉള്ളിടത്തോളം കാലം അവരെ ചേർത്തുപിടിക്കാൻ നമ്മുടെ കൈകൾ വേണമെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
സമത്വ സുന്ദരമായ ഒരു ഭാവിയിലേക്ക് എല്ലാവരെയും ചേർത്തുപിടിച്ചുള്ള ഈ യാത്രയിൽ തോൽവികൾ നമ്മുക്ക് മാർഗതടസമാകരുത്. ഈ യാത്രയിൽ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്കുകൾ എന്തുകൊണ്ട് എന്ന് നാം പഠിക്കണം?. അത് മുൻകൂട്ടി മനസിലാക്കാൻ പറ്റാതെ പോകുന്നത് എന്തുകൊണ്ട് എന്ന് സ്വയം ഉറക്കെ ചോദിക്കണം. അതല്ലാതെയൊന്നും ഈ തോൽവി നമ്മളെ പഠിപ്പിക്കില്ല. പോരാട്ടം തുടരാമെന്നും ജനമനസിലേക്ക് ഇനിയും പടരാമെന്നും അന്തിമജയം നമുക്കായിരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം
നമ്മുടെ മുമ്പേ നടന്ന സഖാക്കൾ പോരാട്ടങ്ങളിലെ തോൽവികളിൽ മനം മടുത്തിരുന്നെങ്കിൽ ഈ തോൽവി കാണാനെങ്കിലും നാം ഉണ്ടാകുമായിരുന്നോ? പോരാട്ടം തുടരാം. ജനമനസിലേക്ക് ഇനിയും പടരാം. അന്തിമജയം നമുക്കായിരിക്കും. കാരണം നമ്മുടെ ആശയധാരക്ക് മനുഷ്യൻ ഉള്ളിടത്തോളം കാലം പ്രസക്തി ഉണ്ട്. അസമത്വം ഉള്ളിടത്തോളം കാലം നമ്മുടെ പോരാട്ടത്തിന് കളമുണ്ട്. പാർശ്വവത്കരിക്കപ്പെട്ടവർ ഉള്ളിടത്തോളം കാലം അവരെ ചേർത്തുപിടിക്കാൻ നമ്മുടെ കൈകൾ വേണം. മനുഷ്യരെ ജാതിയും മതവും വർഗ്ഗവും പറഞ്ഞു വെവ്വേറെ കളങ്ങളിൽ വേർതിരിച്ചു നിർത്താൻ ആളുകൾ ഉള്ളിടത്തോളം കാലം ഒരുമിപ്പിക്കാൻ കൂടുതൽ അവസരങ്ങൾ ഉണ്ട്.
സമത്വ സുന്ദരമായ ഒരു ഭാവിയിലേക്ക് എല്ലാവരെയും ചേർത്തുപിടിച്ചുള്ള ഈ യാത്രയിൽ തോൽവികൾ നമുക്കു മാർഗ്ഗതടസ്സമാവരുത്.
ജനങ്ങളെ ചേർത്ത് പിടിച്ച് നമ്മൾ നടത്തിവരുന്ന വികസന - നവോത്ഥാന പ്രവർത്തനങ്ങളിൽ നിന്നും മനം മടുത്ത് പിന്നോട്ട് പോകുകയുമരുത്. എങ്കിലുമീ യാത്രയിൽ ഉണ്ടാകുന്ന കൊഴിഞ്ഞുപോക്കുകൾ എന്തുകൊണ്ട് എന്ന് നാം പഠിക്കേണ്ടി തന്നെയിരിക്കുന്നു.അത് മുൻകൂട്ടി മനസ്സിലാക്കാൻ പറ്റാതെ പോകുന്നത് എന്തു കൊണ്ട് എന്ന് സ്വയം ഉറക്കെ ചോദിക്കേണ്ടിയിരിക്കുന്നു. അതല്ലാതെയൊന്നും ഈ തോൽവി നമ്മളെ പഠിപ്പിക്കുന്നുമില്ല. ജനാധിപത്യം പുലരട്ടെ. വർഗീയത തുലയട്ടെ. സോഷ്യലിസം പടരട്ടെ. കമ്മ്യൂണിസം ജയിക്കട്ടെ. നമ്മളിനിയും മുന്നോട്ട് തന്നെ.
Content Highlight : Dr Jo Joseph responds after defeat in local elections