ശബരിമല സ്വർണക്കൊള്ള കേസ്; ക്രൈംബ്രാഞ്ചിന് മൊഴി നൽകി രമേശ് ചെന്നിത്തല

ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിക്കുന്നത്

ശബരിമല സ്വർണക്കൊള്ള കേസ്; ക്രൈംബ്രാഞ്ചിന് മൊഴി നൽകി രമേശ് ചെന്നിത്തല
dot image

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ക്രൈംബ്രാഞ്ചില്‍ മൊഴി നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പ്രത്യേക അന്വേഷണ സംഘത്തിന്റെ ഈഞ്ചയ്ക്കല്‍ ഓഫീസിലെത്തിയാണ് രമേശ് ചെന്നിത്തല മൊഴി നല്‍കിയത്. കുറച്ച് ദിവസങ്ങളായി രമേശ് ചെന്നിത്തല മൊഴി നല്‍കാനെത്തുമെന്ന വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നെങ്കിലും പല അസൗകര്യങ്ങള്‍ മൂലം നീണ്ടുപോവുകയായിരുന്നു. രണ്ട് തവണ മൊഴിയെടുക്കാനെത്തുമെന്ന് അറിയിച്ചെങ്കിലും എത്തിയിരുന്നില്ല. ഇതിന് പിന്നാലെയാണ് ഇന്ന് മൊഴി നല്‍കാനെത്തിയത്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ 500 കോടി രൂപയുടെ തട്ടിപ്പാണ് ചെന്നിത്തല ആരോപിച്ചത്. തനിക്ക് പരിചയമുള്ള, ഇന്ത്യയ്ക്ക് പുറത്തുള്ള വ്യവസായിയാണ് വിവരം നല്‍കിയതെന്ന് രമേശ് ചെന്നിത്തല മുന്നേ പറഞ്ഞിരുന്നു.

തനിക്ക് ലഭിച്ച വിവരങ്ങള്‍ എസ്‌ഐടിക്ക് മുന്നില്‍ പറഞ്ഞുവെന്നും അവരത് അന്വേഷിക്കട്ടെ എന്നുമായിരുന്നു മൊഴി നല്‍കിയ ശേഷം രമേശ് ചെന്നിത്തല പറഞ്ഞത്. 'വിവരങ്ങള്‍ സത്യമാണോ അല്ലയോ എന്ന കാര്യം എസ്‌ഐടി തീരുമാനിക്കട്ടെ. അത് സത്യമാണെന്നാണ് തന്റെ വിശ്വാസം. കൈമാറിയത് തെളിവുകളല്ല, വിവരങ്ങളാണ്. തന്റെ ഉത്തരവാദിത്വമാണ് ചെയ്തത്. കാണാതെ പോയ സ്വര്‍ണം എവിടെയെന്നു കണ്ടെത്തണം. എസ്‌ഐടിക്ക് ഇതേവരെ കണ്ടെത്താനായില്ല. അതുകൊണ്ട് തന്റെ ആരോപണത്തില്‍ പ്രസക്തിയുണ്ട്.' രമേശ് ചെന്നിത്തല കൂട്ടിച്ചേർത്തു.

അതേസമയം ശബരിമല സ്വര്‍ണക്കൊളേള കേസില്‍ എ പത്മകുമാറിന് കോടതി ജാമ്യം നൽകിയിരുന്നില്ല. കൊല്ലം വിജിലന്‍ കോടതിയാണ് പത്മകുമാറിന്റെ ജാമ്യം തള്ളിയത്. സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിന് കൂട്ട ഉത്തരവാദിത്വമുണ്ടെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. എന്നാല്‍ പത്മകുമാറിന് സ്വര്‍ണക്കൊള്ളയില്‍ പ്രത്യേക പങ്കുണ്ടെന്ന് പ്രോസിക്യൂഷന്‍ വാദിച്ചു. ജാമ്യാപേക്ഷയുമായി മേല്‍കോടതിയെ സമീപിക്കാനാണ് പത്മകുമാറിന്റെ നീക്കം. ഒരു മാസത്തോളമായി ജുഡീഷ്യല്‍ കസ്റ്റഡിയിലാണ് എ പത്മകുമാര്‍.

കട്ടിളപ്പാളി കേസില്‍ പത്മകുമാറിന് കൃത്യമായ പങ്കുണ്ടെന്ന കാര്യം എസ്ഐടിക്ക് നേരത്തെ തന്നെ ബോധ്യപ്പെട്ടിരുന്നു. ഇക്കാര്യം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലടക്കം ഉണ്ടായിരുന്നു. ദേവസ്വം ബോര്‍ഡിന്റെ മിനുട്സില്‍ മാറ്റം വരുത്തിയതും സ്വര്‍ണം ചെമ്പാക്കി രേഖപ്പെടുത്തിയതും പത്മകുമാറാണ് എന്നാണ് എസ്ഐടിയുടെ കണ്ടെത്തല്‍.

സ്വര്‍ണക്കൊള്ള പത്മകുമാറിന്റെ അറിവോടെയാണെന്ന പ്രത്യേക അന്വേഷണസംഘത്തിന്റെ കണ്ടെത്തലിന് പിന്നാലെയാണ് അറസ്റ്റ് ചെയ്തത്. സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് പത്മകുമാര്‍ എല്ലാ ഒത്താശയും നല്‍കി. പത്മകുമാറിന്റെ നിര്‍ദേശത്തിലാണ് മഹ്സറില്‍ ചെമ്പ് തകിടുകള്‍ എന്ന് രേഖപ്പെടുത്തിയത്. ഉണ്ണികൃഷ്ണന്‍ പോറ്റിയും പത്മകുമാറും തമ്മില്‍ സാമ്പത്തിക ഇടപാടുകള്‍ നടത്തിയിരുന്നുവെന്നും എസ്ഐടി കണ്ടെത്തിയിരുന്നു. പത്മകുമാറിന്റെ വീട്ടില്‍ വെച്ച് ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി ചേര്‍ന്ന് ഗൂഢാലോചനകള്‍ നടന്നുവെന്ന നി?ഗമനത്തിലും എസ്ഐടി എത്തിയിരുന്നു.

Content Highlight; Sabarimala gold robbery case; Ramesh Chennithala arrives to give statement to Crime Branch

dot image
To advertise here,contact us
dot image