

മലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച വിജയം കൈവരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് വിജയം നേടുമെന്ന് കെ ടി ജലീല്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ജലീല്‍ തന്റെ പ്രതീക്ഷയും ശുഭാപ്തി വിശ്വാസവും പങ്കുവച്ചത്. വോട്ടര്‍മാരെ വിഭാഗീകരിക്കാനും യുഡിഎഫിനും ബിജെപിക്കും ഒരു പരിധി വരെ കഴിഞ്ഞെന്നും എല്ലാ മത-ജാതി-സമുദായ വിഭാഗങ്ങളിലെ ഇടതുപക്ഷ മനസ്സുള്ളവരും എൽഡിഎഫിന്റെ കൂടെ ഉറച്ചു നിന്നുവെന്നും കെ ടി ജലീല്‍ പറഞ്ഞു.
'2010ല്‍ നടന്ന തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷം ഇതിലും വലിയ പരാജയം നേരിട്ടിരുന്നു. എന്നാല്‍ 2011ല്‍ നടന്ന ലോക്‌സഭ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് ഏഴയലത്ത് എത്താന്‍ പോലും സാധിച്ചില്ല. കേവലം രണ്ടു സീറ്റുകളുടെ വ്യത്യാസമേ എല്‍ഡിഎഫും യുഡിഎഫും തമ്മില്‍ ഉണ്ടായിരുന്നുള്ളൂ.' കെ ടി ജലീല്‍ വ്യക്തമാക്കി.
'2026ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ കേരളം വീണ്ടും ചുവക്കും. ഇടതുപക്ഷ പ്രവര്‍ത്തകര്‍ സധൈര്യം മുന്നോട്ടു പോവുക. 2026 നമ്മുടേതാണ്. ചുവപ്പിന്റെ മൂന്നാമൂഴത്തിനു ജാഗ്രതയോടെ പ്രവര്‍ത്തിക്കുക. ഇടതുപക്ഷ മുന്നണിയെ പിന്തുണച്ച എല്ലാ വോട്ടര്‍മാര്‍ക്കും അഭിനന്ദനങ്ങള്‍.' കെ ടി ജലീല്‍ കൂട്ടിച്ചേര്‍ത്തു.
Content Highlight; LDF Will Return to Power in 2026 Assembly Elections: K T Jaleel