കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ് അപ്രസക്തം

സീറ്റെണ്ണം കുത്തനെ കൂട്ടിയതോടെ മൂന്നാമത്തെ വലിയ കക്ഷിയെന്ന സ്ഥാനമാണ് ലീഗ് ഉറപ്പിച്ചിരിക്കുന്നത്

കരുത്ത് കാട്ടി മുസ്ലിം ലീഗ്: 2844 വാർഡുകളില്‍ മിന്നും വിജയം, മലപ്പുറം പൊന്നാപുരം കോട്ട; എല്‍ഡിഎഫ് അപ്രസക്തം
dot image

മലപ്പുറം: തദ്ദേശതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വന്‍മുന്നേറ്റം നടത്തിയപ്പോള്‍ അഭിമാനം വിജയം നേടി മുസ്‌ലിം ലീഗും. ചരിത്ര നേട്ടത്തിലേക്കാണ് ഇത്തവണ ലീഗ് ചുവടുവെച്ച് കയറിയത്. ആകെ 2844 വാര്‍ഡുകളില്‍ പാര്‍ട്ടി ചിഹ്നത്തില്‍ മത്സരിച്ച ലീഗിന്റെ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. പാർട്ടി സ്വതന്ത്രരെ കൂടി കണക്കിലെടുത്താല്‍ സീറ്റ് എണ്ണം കൂടും.

കഴിഞ്ഞ തവണത്തെ തദ്ദേശ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ആകെ 2133 സീറ്റിലായിരുന്നു ലീഗ് വിജയിച്ചത്. ഇവിടെ നിന്നുമാണ് സീറ്റെണ്ണം ലീഗ് കൂട്ടിയെടുത്തത്. മാത്രവുമല്ല, മലപ്പുറത്ത് ഇടതുപക്ഷത്തെ അപ്രസക്തരാക്കുന്ന തരത്തിലായിരുന്നു ലീഗിന്റെ തേരോട്ടം. ജില്ലയിലെ പല തദ്ദേശ സ്ഥാപനങ്ങളിലും പ്രതിപക്ഷത്തിന് സാധ്യത പോലും നല്‍കാതെ മുഴുവന്‍ സീറ്റുകളും ലീഗ് പിടിച്ചടുത്തു. മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മത്സരിച്ച മുഴുവന്‍ സീറ്റുകളും ലീഗ് കൈപ്പിടിയിലൊതുക്കുകയായിരുന്നു.

local body election result 2025 Muslim League
വോട്ടെണ്ണലിന് ശേഷമുള്ള മുസ്ലിം ലീഗ് നേതാക്കളുടെ വിജയാഘോഷം

ലീഗ് നയിക്കുന്ന മലപ്പുറം ജില്ലാ പഞ്ചായത്തിലെ 33 ഡിവിഷനിലും യുഡിഎഫ് സ്ഥാനാര്‍ത്ഥികളാണ് വിജയിച്ചത്. ലീഗിന്റെ നേതൃത്വത്തില്‍ മലപ്പുറം ജില്ലയിലെ നഗരസഭകളിലെ 12ല്‍ 11ഉം യുഡിഎഫ് സ്വന്തമാക്കി. ഇതോടെ നഗരസഭകളില്‍ നിലമ്പൂരൊഴികെ എല്ലായിടത്തും അധ്യക്ഷ പദവി ലീഗിന് ലഭിക്കും. 30 വര്‍ഷത്തിന് ശേഷം പെരിന്തല്‍മണ്ണ നഗരസഭയും വലിയ ഭൂരിപക്ഷത്തില്‍ നിലമ്പൂര്‍ നഗരസഭയും പിടിച്ചെടുത്തത് ലീഗിന്റെ ശക്തി തെളിയിച്ചു. പാർട്ടിക്ക് ഒരു സീറ്റ് പോലും ഇല്ലാതിരുന്ന നിലമ്പൂര്‍ നഗരസഭയിലാണ് ഏഴ് സീറ്റുകള്‍ ലീഗ് നേടിയത്.

മലപ്പുറം ജില്ലാ പഞ്ചായത്തില്‍ മാത്രമല്ല ആറ് ബ്ലോക്ക് പഞ്ചായത്തുകളിലും യുഡിഎഫ് മാത്രം ഭരിക്കും. 94 ഗ്രാമപഞ്ചായത്തില്‍ 90 ഇടത്തും വിജയിച്ചത് യുഡിഎഫ് തന്നെ. കഴിഞ്ഞ തവണത്തെ 70 ഗ്രാമപഞ്ചായത്ത് എന്ന കണക്കില്‍ നിന്നാണ് ഇത്തവണ 90ലേക്ക് ലീഗിന്റെ സംഘടനാ മികവോടെ യുഡിഎഫ് സീറ്റ് വര്‍ധിപ്പിച്ചത്. 15 ബ്ലോക്ക് പഞ്ചായത്തുകളില്‍ 14ഉം യുഡിഎഫ് തൂത്തുവാരി. പെരുമ്പടപ്പും തിരൂരും വലിയ മാര്‍ജിനില്‍ തിരിച്ചുപിടിക്കാനായതും ലീഗിന് നേട്ടമായി. 122 തദ്ദേശ സ്ഥാപനങ്ങളില്‍ 117ലും യുഡിഎഫാണ് വിജയിച്ചത്.

എല്‍ഡിഎഫിന്റെ സിറ്റിങ് സീറ്റായ പൊന്നാനി മണ്ഡലത്തിലെ പൊന്നാനി നഗരസഭയും വെളിയംകോടുമൊഴികെ എല്ലായിടത്തും യുഡിഎഫ് വിജയിച്ചു. എല്‍ഡിഎഫ് എംഎല്‍എ കെ ടി ജലീല്‍ വിജയിച്ച തവനൂര്‍ മണ്ഡലത്തിലെ ആറു പഞ്ചായത്തുകളിലും ലീഗ് ഭരണത്തിലേറി. മലപ്പുറത്തെ 16 നിയമസഭാ മണ്ഡലങ്ങളിലും ആധിപത്യമുറപ്പിക്കാന്‍ ലീഗിന് സാധിച്ചു. സീറ്റെണ്ണം കുത്തനെ കൂട്ടിയതോടെ മൂന്നാമത്തെ വലിയ കക്ഷിയെന്ന സ്ഥാനമാണ് ലീഗ് ഉറപ്പിച്ചിരിക്കുന്നത്.

മലപ്പുറത്ത് മാത്രമല്ല, തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും മത്സരിച്ച സീറ്റുകളിലും വിജയിക്കാന്‍ ലീഗിന് സാധിച്ചിട്ടുണ്ട്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ രണ്ട് സീറ്റും ജില്ലാ പഞ്ചായത്തില്‍ ഒരു സീറ്റും ലീഗ് സ്വന്തമാക്കി. കോഴിക്കോട് കോര്‍പ്പറേഷനില്‍ 14ഉം കണ്ണൂര്‍ കോര്‍പ്പറേഷനില്‍ 15ഉം കൊച്ചി കോര്‍പ്പറേഷനില്‍ മൂന്ന് സീറ്റിലും കൊല്ലം കോര്‍പ്പറേഷനില്‍ രണ്ടു സീറ്റിലും വിജയിച്ചു. ലീഗിന് കായംകുളം നഗരസഭയില്‍ അധ്യക്ഷ പദവിക്കും സാധ്യതയുണ്ടെന്നാണ് സൂചന. വയനാട് ജില്ലാ പഞ്ചായത്തില്‍ ആറ് സീറ്റിലും കാസര്‍കോട് ജില്ലാ പഞ്ചായത്തില്‍ നാല് സീറ്റിലും എറണാകുളം ജില്ലാ പഞ്ചായത്തിലും തൃശൂര്‍ ജില്ല പഞ്ചായത്തിലും രണ്ട് സീറ്റ് വീതവും വിജയിച്ചു.

Content Highlights: local body election result 2025 historic achievement for Muslim League

dot image
To advertise here,contact us
dot image