'സഖ്യ'മില്ലാതെ ബിജെപിയെ അകറ്റി നിർത്തുമോ? പാലക്കാട് സ്വതന്ത്രനെ മുന്നില്‍ നിർത്താന്‍ യുഡിഎഫും എല്‍ഡിഎഫും

മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്ക് ഇല്ലെന്നും സ്വതന്ത്ര സ്ഥാനാർത്ഥിയായ എച്ച് റഷീദ് വ്യക്തമാക്കിയിട്ടുണ്ട്

'സഖ്യ'മില്ലാതെ ബിജെപിയെ അകറ്റി നിർത്തുമോ? പാലക്കാട് സ്വതന്ത്രനെ മുന്നില്‍ നിർത്താന്‍ യുഡിഎഫും എല്‍ഡിഎഫും
dot image

പാലക്കാട്: പാലക്കാട് നഗരസഭയില്‍ സഖ്യമില്ലാതെ തന്നെ ബിജെപിയെ താഴെയിറക്കാനുളള സാധ്യത പരിശോധിച്ച് എല്‍ഡിഎഫും യുഡിഎഫും. സ്വതന്ത്രനായി വിജയിച്ച എച്ച് റഷീദ് ചെയര്‍മാന്‍ സ്ഥാനാര്‍ത്ഥിയായാല്‍ യുഡിഎഫും എല്‍ഡിഎഫും പിന്തുണയ്ക്കാനാണ് നീക്കം. ഇതോടെ ബിജെപി പരാജയപ്പെടും. പക്ഷെ വൈസ് ചെയര്‍പേഴ്‌സണ്‍ തെരഞ്ഞെടുപ്പില്‍ സഖ്യം രൂപീകരിച്ചില്ലെങ്കില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സാധിക്കില്ല. മതേതര മുന്നണിക്കാണ് താന്‍ പിന്തുണ നല്‍കുകയെന്ന് എച്ച് റഷീദ് വ്യക്തമാക്കിയിട്ടുണ്ട്. മതേതര മുന്നണിക്ക് പിന്തുണ നല്‍കുമെന്നും എന്ത് ഓഫര്‍ തന്നാലും ബിജെപിയിലേക്ക് ഇല്ലെന്നും അദ്ദേഹം പറഞ്ഞു. 'ആരും ഇതുവരെ സമീപിച്ചിട്ടില്ല. പാര്‍ട്ടി പുറത്താക്കിയ ആളായതിനാല്‍ സ്വതന്ത്രനായി തുടരും', എച്ച് റഷീദ് വ്യക്തമാക്കി. കോണ്‍ഗ്രസ് വിമതനായി മത്സരിച്ച് വിജയിച്ച ആളാണ് റഷീദ്.

പാലക്കാട് നഗരസഭയില്‍ 25 സീറ്റുകളില്‍ വിജയിച്ച ബിജെപിയാണ് ഒറ്റകക്ഷി. യുഡിഎഫിന് പതിനേഴും എല്‍ഡിഎഫിന് എട്ടും സീറ്റുകള്‍ മാത്രമാണ് നേടാനായത്. 53 അംഗ നഗരസഭയില്‍ 27 സീറ്റാണ് കേവല ഭൂരിപക്ഷത്തിന് വേണ്ടത്. എം റഷീദിനെ ചെയർമാന്‍ സ്ഥാനാർത്ഥിയാക്കി യുഡിഎഫും എല്‍ഡിഎഫും സ്വതന്ത്രരും പിന്തുണയ്ക്കുകയാണെങ്കില്‍ ബിജെപിയുടെ 25 നെതിരെ 28 വോട്ടുകള്‍ നേടി വിജയിക്കാന്‍ സാധിക്കും.

വിതുനി വാര്‍ഡില്‍ നിന്നും അഷ്‌ക്കര്‍ എംഎം, പളളിപ്പുറത്തുനിന്നും എച്ച് റഷീദ്, ഒലവക്കോട് സൗത്തില്‍ നിന്നും റസീന ബഷീര്‍ എന്നിവരാണ് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിയായ സി മധുവിന് 518 വോട്ട് ലഭിച്ചപ്പോള്‍ എച്ച് റഷീദ് 538 വോട്ട് നേടി വിജയിക്കുകയായിരുന്നു. അഷ്കർ എംഎമ്മും റസീന ബഷീറും എല്‍ഡിഎഫ് സ്വതന്ത്രരാണ്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും കൈകോര്‍ത്താന്‍ ബിജെപിയെ ഭരണത്തില്‍ നിന്ന് പുറത്താക്കാനാകും. അല്ലാത്തപക്ഷം പാലക്കാട് നഗരസഭയില്‍ ബിജെപി മൂന്നാംതവണയും അധികാരം പിടിക്കുന്ന സാഹചര്യമാണുള്ളത്.

പാലക്കാട് നഗരസഭയില്‍ നിന്നും ബിജെപിയെ താഴെയിറക്കുകയാണ് ലക്ഷ്യമെന്ന് പാലക്കാട് ഡിസിസി പ്രസിഡന്റ് എ തങ്കപ്പന്‍ വ്യക്തമാക്കുന്നു. എല്ലാ സാധ്യതയും പരിശോധിച്ച് തീരുമാനം എടുക്കുമെന്നും എ വി ഗോപിനാഥിന്റെ തോല്‍വിയോടെ പെരിങ്ങോട്ടുകുറിശ്ശി കോണ്‍ഗ്രസിന്റെ മണ്ണാണെന്ന് തെളിഞ്ഞെന്നും എ തങ്കപ്പന്‍ പറഞ്ഞു. വ്യക്തിയല്ല പാര്‍ട്ടിയാണ് വലുതെന്ന് മനസിലാക്കണമെന്നും തങ്കപ്പന്‍ വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് തവണയായി പാലക്കാട് നഗരസഭ ഭരിക്കുന്നത് ബിജെപിയാണ്. സംസ്ഥാനത്ത് ആദ്യമായി ബിജെപിക്ക് നഗരസഭാ ഭരണം ലഭിച്ചതും പാലക്കാടാണ്. രണ്ടാം ഭരണകാലത്ത് നഗരസഭയില്‍ ബിജെപിക്കുളളില്‍ പ്രശ്‌നങ്ങളുടലെടുത്തിരുന്നു. ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരനെ തഴയാന്‍ ശ്രമം നടന്നു. സി കൃഷ്ണകുമാറിന്റെ നേതൃത്വത്തില്‍ ഒരുവിഭാഗം രൂപപ്പെടുകയും ചെയ്തിരുന്നു. അതിന്റെ ഫലമായാണ് ബിജെപിക്ക് ഇത്തവണ സീറ്റ് കുറഞ്ഞതെന്നാണ് നിഗമനം. 2020-ല്‍ 28 സീറ്റുകളില്‍ ബിജെപിക്ക് വിജയിക്കാനായിരുന്നു.

Content Highlightsl: UDF and LDF to bring down BJP without alliance in Palakkad: Will support independent candidate

dot image
To advertise here,contact us
dot image