

കൊച്ചി: 'ജനാധിപത്യത്തെ പണാധിപത്യം കൊണ്ട് വിലയ്‌ക്കെടുത്തു', തെരഞ്ഞെടുപ്പിലുണ്ടായ വന്‍ തിരിച്ചടിക്ക് പിന്നാലെ ട്വന്റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം ജേക്കബ് പ്രതികരിച്ചത് ഇങ്ങനെയാണ്. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി 20ക്ക് ഭരണം നഷ്ടമായി. ബ്ലോക്ക് പഞ്ചായത്തിലും ജില്ലാ പഞ്ചായത്തിലും ട്വന്റി20 നേരിട്ടത് കനത്ത തിരിച്ചടിയാണ്. കൊച്ചി കോര്‍പ്പറേഷനില്‍ മത്സരിച്ച ഒരിടത്ത് പോലും ട്വൻ്റി 20 നിലം തൊട്ടില്ല. 76 ഡിവിഷനില്‍ 56ഇടത്തും മത്സരിച്ചെങ്കിലും ഫലം വന്നപ്പോള്‍ പലയിടത്തും സ്വതന്ത്രര്‍ക്കും താഴെയായിരുന്നു ട്വന്റി 20.
ഇതില്‍ ഏറ്റവും ദയനീയ തോല്‍വി ഐലന്‍ഡ് നോര്‍ത്തില്‍ മത്സരിച്ച ഷിജുമോന്‍ അഗസ്റ്റിന്റേതാണ്. കോര്‍പ്പറേഷനില്‍ ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയ ഇവിടെ ഷിജുവിന് കിട്ടിയത് കേവലം അഞ്ച് വോട്ടുകള്‍ മാത്രമാണ്. വോട്ടര്‍മാരുടെ എണ്ണം ഐലന്‍ഡ് നോര്‍ത്തില്‍ കുറവാണെങ്കില്‍ കൂടി അഞ്ച് വോട്ടുകള്‍ മാത്രം സ്ഥാനാര്‍ത്ഥി നേടി എന്നത് ദയനീയം തന്നെയാണ്. ഐലന്‍ഡ് സൗത്തിലും സമാന സാഹചര്യം തന്നെയാണ്. ട്വൻ്റി 20 സ്ഥാനാര്‍ത്ഥിയായ ഹാജിറക്ക് ഇവിടെ നിന്നും നേടാനായത് ആകെ 10 വോട്ടുകളാണ്.
ട്വന്റി20 സമഗ്രാധിപത്യം പുലര്‍ത്തിയിരുന്ന കോട്ടകള്‍ തകര്‍ത്തെറിഞ്ഞായിരുന്നു യുഡിഎഫ് മുന്നേറ്റം. ഭരിച്ചിരുന്ന നാല് പഞ്ചായത്തുകളില്‍ ഐക്കരനാടും കിഴക്കമ്പലവും മാത്രമാണ് ഇക്കുറി ഒപ്പം നിന്നത്. കുന്നത്തുനാട്ടിലും മഴുവന്നൂരും ട്വന്റി20 നേരിട്ടത് കനത്ത പരാജയമാണ്. ഭരിച്ചിരുന്ന ഏക ബ്ലോക്ക് പഞ്ചായത്ത് ആയ വടവുകോടും ട്വന്റി20ക്ക് ഇത്തവണ നഷ്ടപ്പെട്ടു. എന്നാല്‍ തിരുവാണിയൂര്‍ പഞ്ചായത്തില്‍ എല്‍ഡിഎഫിനെ പരാജയപ്പെടുത്തി ട്വന്റി 20 വിജയിച്ചുവെന്നതും നേട്ടമാണ്.
Content Highlights: Local body election results 2025 Twenty20 failed to make any impact in Kochi Corporation