

കൊച്ചി: തദ്ദേശ തെരഞ്ഞെടുപ്പിൽ അടിതെറ്റി ട്വന്റി 20. ഭരണമുണ്ടായിരുന്ന രണ്ട് പഞ്ചായത്തുകള്‍ക്ക് പുറമെ ഒരു ബ്ലോക്ക് പഞ്ചായത്തും നഷ്ടമായി. തിരുവാണിയൂരില്‍ ഭരണം പിടിക്കാന്‍ സാധിച്ചത് മാത്രമാണ് ആശ്വസമായത്. ഐക്കരനാട്, കിഴക്കമ്പലം, മഴുവന്നൂർ പഞ്ചായത്തുകള്‍ നിലനിർത്താനും ട്വന്റി 20ക്ക് സാധിച്ചു. ഐക്കരനാടില്‍ എതിരില്ലാതെയും കിഴക്കമ്പലത്ത് 21 ല്‍ 20 നേടിയാണ് വിജയം.
തിരുവാണിയൂർ പഞ്ചായത്തിൽ എൽഡിഎഫിനെ പരാജയപ്പെടുത്തിയാണ് ട്വന്റി 20 ഭരണം നേടിയിട്ടുള്ളത്. കോർപ്പറേഷൻ പിടിച്ചെടുക്കാനുള്ള ട്വന്റി 20യുടെ ശ്രമങ്ങളൊന്നും ഏറ്റില്ലെന്നു വേണം പറയാൻ. കൈയിലുണ്ടായിരുന്ന വടവുകോട് ബ്ലോക്ക് പഞ്ചായത്തും ജില്ലാ പഞ്ചായത്ത് ഡിവിഷനും പാർട്ടിക്ക് ഇത്തവണ നഷ്ടമായിട്ടുണ്ട്. ട്വന്റി 20ക്കെതിരെ പ്രധാന പാർട്ടികളെല്ലാം ഐക്യ മുന്നണിയായി പ്രവർത്തിച്ചതാണ് തിരിച്ചടിയായതെന്നാണ് ചീഫ് കോർഡിനേറ്റർ സാബു എം ജേക്കബിന്റെ വിശദീകരണം. അതേസമയം ഇടുക്കി പഞ്ചായത്തിൽ പാർട്ടി അക്കൗണ്ട് തുറന്നിട്ടുണ്ട്. ജില്ലയിലെ മണക്കാട് പഞ്ചായത്തിലെ ഒന്നാം വാർഡിലാണ് ട്വന്റി 20 വിജയിച്ചത്. ആദ്യമായാണ് പാർട്ടി ജില്ലയിൽ അക്കൗണ്ട് തുറക്കുന്നത്.
എറണാകുളം ജില്ലാ പഞ്ചായത്തിലും പാർട്ടിക്ക് പ്രതിനിധിയുണ്ടായിരുന്നു. എൽഡിഎഫും യുഡിഎഫും സംയുക്തമായി സ്ഥാനാർത്ഥികളെ നിർത്തിയിട്ടും ട്വന്റി 20 വലിയ മുന്നേറ്റമാണ് കഴിഞ്ഞ തവണ നടത്തിയത്. ട്വന്റി 20 രൂപീകരിച്ചിരുന്ന സമയം കിഴക്കമ്പലം ഭരിച്ചിരുന്നത് കോൺഗ്രസായിരുന്നു. പാർട്ടി രൂപീകരിച്ച് രണ്ട് വർഷത്തിനുള്ളില്‍ റെക്കോർഡ് ഭൂരിപക്ഷത്തിൽ ട്വന്റി 20 പഞ്ചായത്തില്‍ അധികാരത്തിലെത്തിയത്.
അതേസമയം എറണാകുളം ജില്ലയിൽ പ്രത്യേകിച്ച് കൊച്ചി കോർപ്പറേഷനിൽ യുഡിഎഫ് തേരോട്ടമാണ് നടന്നത്. വമ്പൻ ഭൂരിപക്ഷത്തിലാണ് വിമത ശല്യത്തെ അതിജീവിച്ച് യുഡിഎഫ് നേടിയിരിക്കുന്നത്. പോസ്റ്റൽ വോട്ടുമുതൽ യുഡിഎഫ് വൻ തേരോട്ടം നടത്തി. എൽഡിഎഫിന് വലിയ തിരിച്ചടി നേടിയപ്പോൾ എൻഡിഎ ഒരു സീറ്റ് കൂടി നേടി നില മെച്ചപ്പെടുത്തി.
ത്രിതല പഞ്ചായത്ത് തലത്തിലും, കോർപ്പറേഷനിലും നഗരസഭയിലും യുഡിഎഫ് മുന്നേറ്റം നടത്തി.
അതേസമയം തൃപ്പൂണിത്തുറ നഗരസഭയിൽ എൻഡിഎ വലിയ മുന്നേറ്റം നടത്തി. നിലവിൽ യുഡിഎഫ് നിലമെച്ചപ്പെടുത്തിയിട്ടുണ്ട്. എൽഡിഎഫിന് അധികാരം നിലനിർത്തണമെങ്കില്‍ യുഡിഎഫ് പിന്തുണ വേണ്ടി വരും.
Content Highlights: Setback to Twenty twenty party in Local body elections 2025