

തൃശൂര്‍: കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിക്കെതിരെ ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ്. ഏത് നീച പ്രവൃത്തിയിലൂടെയും തെരഞ്ഞെടുപ്പ് ജയിക്കാമെന്ന് സുരേഷ് ഗോപിയും പാര്‍ട്ടിയും തെളിയിച്ചെന്ന് ജോസഫ് ടാജറ്റ് പറഞ്ഞു. സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തത് വിവാദത്തിലായതിന് പിന്നാലെയാണ് ജോസഫ് ടാജറ്റിന്റെ പ്രതികരണം.
'ഉരച്ചു നോക്കാതെ തന്നെ സുരേഷ് ഗോപിയുടെ ചെമ്പ് പുറത്തുവന്നു. പൂര്‍ണ്ണമായും ജനങ്ങളെ കബളിപ്പിച്ച് നേടിയ വിജയമാണ്. തൃശൂരിലെ ജനങ്ങളെ ചതിച്ച സുരേഷ് ഗോപി രാജിവെക്കണം. ബിജെപി ചെയ്തു കൊണ്ടിരിക്കുന്ന ക്രമക്കേട് വീണ്ടും വീണ്ടും നടത്തുന്നു', ജോസഫ് ടാജറ്റ് പറഞ്ഞു.
സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്തതിനെതിരെ ആക്ഷേപവുമായി സിപിഐ നേതാവ് വി എസ് സുനില്‍ കുമാറും രംഗത്തെത്തി. 2024ലെ ലോക്സഭ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയും കുടുംബവും തൃശൂരില്‍ സ്ഥിരതാമസമാണെന്ന് കാണിച്ച് നെട്ടിശ്ശേരിയില്‍ വോട്ട് ചെയ്തിരുന്നു. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിലാവട്ടെ അദ്ദേഹവും കുടുംബവും തിരുവനന്തപുരം കോര്‍പ്പറേഷനിലെ ശാസ്തമംഗലം ഡിവിഷനിലാണ് വോട്ട് ചെയ്തത്. എങ്ങനെയാണ് ഇത് സംഭവിച്ചത് എന്ന് വി എസ് സുനില്‍ കുമാര്‍ ചോദിച്ചു.
ഏത് മണ്ഡലത്തില്‍ മത്സരിച്ചാലും വോട്ട് സ്ഥിരമായി ഒരിടത്ത് ചെയ്യുന്നതാണ് ജനാധിപത്യ മര്യാദയെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരനും കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശൂര്‍ മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായ സുരേഷ് ഗോപിയും കുടുംബവും തൃശൂര്‍ മണ്ഡലത്തില്‍ വോട്ട് രേഖപ്പെടുത്തിയിരുന്നു.
എന്നാല്‍ ഇന്നലെ കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയുടെയും കുടുംബത്തിന്റെയും വോട്ട് ശാസ്തമംഗലം ഡിവിഷനിലായിരുന്നു. ഇത്തരത്തില്‍ കേന്ദ്രമന്ത്രിക്കും കുടുംബത്തിനും കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ രണ്ടിടത്ത് വോട്ട് ചെയ്യാന്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ചര്‍ച്ചയ്ക്ക് വഴി തെളിച്ചിരിക്കുന്നത്.
Content Highlights: Joseph Tajet against Suresh Gopi on Local Body Election voting