

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് സമ്പൂര്‍ണ നീതി ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. എന്നും അവള്‍ക്കൊപ്പമാണെന്നും ഉമാ തോമസ് നിലപാട് വ്യക്തമാക്കി. മഞ്ജു വാര്യര്‍ അന്ന് പറഞ്ഞ കാര്യത്തെ ദിലീപ് വളച്ചൊടിച്ചെന്നും ഇതുവരെ പറയാത്ത കാര്യങ്ങള്‍ ദിലീപ് ഇപ്പോള്‍ ഉന്നയിക്കുന്നുവെന്നും ഉമാ തോമസ് പറഞ്ഞു. 'ദിലീപിന്റെ ഈ നീക്കം കാര്യങ്ങള്‍ വഴി തിരിച്ച് വിടാനാണ്. അപ്പീല്‍ ആവശ്യപ്പെട്ട് സര്‍ക്കാരിന് കത്ത് നല്‍കുന്ന കാര്യവും ആലോചനയിലുണ്ട്. വിധിയുടെ പകര്‍പ്പ് ലഭിച്ചതിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കും.' ഉമാ തോമസ് കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാനെത്തിയപ്പോഴായിരുന്നു ഉമാ തോമസിന്റെ പ്രതികരണം. ജനങ്ങള്‍ക്കിടയിലുള്ള ഭരണ വിരുദ്ധ വികാരം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉമാ തോമസ് പറഞ്ഞു. യുഡിഎഫ് ഉറപ്പായും ഭരണത്തില്‍ വരുമെന്നും അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള തിരിച്ചടിയാകും ഇതെന്നും ഉമാ തോമസ് വ്യക്തമാക്കി. കൊച്ചി കോര്‍പ്പറേഷന്‍ യുഡിഎഫ് തിരിച്ചുപിടിക്കുമെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നത്. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.
Content Highlight; 'The survivor of the actress attack case did not get complete justice'; Uma Thomas MLA