

കൊച്ചി: പാമ്പാക്കുട പഞ്ചായത്ത് 10-ാം വാര്‍ഡായ ഓണക്കൂറിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. സി എസ് ബാബു(59) ആണ് മരിച്ചത്. പുലര്‍ച്ചെ മൂന്ന് മണിയോടെ കുഴഞ്ഞ് വീണ ബാബുവിനെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വീട്ടില്‍ വച്ചായിരുന്നു കുഴഞ്ഞ് വീണത്. സ്ഥാനാര്‍ത്ഥിയുടെ മരണത്തെ തുടര്‍ന്ന് പാമ്പാക്കുട പഞ്ചായത്ത് പത്താം വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവച്ചതായി അധികൃതര്‍ അറിയിച്ചു.
ഇന്ന് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ വിഴിഞ്ഞം 66-ാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി ജസ്റ്റിന്‍ ഫ്രാന്‍സിസ് ഇന്നലെ വാഹനാപകടത്തില്‍ മരിച്ചിരുന്നു. സംഭവത്തെ തുടര്‍ന്ന് ഈ വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. ഇതോടെ വിഴിഞ്ഞം വാര്‍ഡിലെ 10 ബൂത്തുകളും ഇന്നലെ രാത്രി തന്നെ പൂട്ടി ഉദ്യോഗസ്ഥര്‍ മടങ്ങുകയായിരുന്നു.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന ജസ്റ്റിന്‍ ഫ്രാന്‍സിസ് തിങ്കളാഴ്ച്ച വൈകുന്നേരം 6.50ഓടെയാണ് മരിച്ചത്. ഇതേതുടര്‍ന്ന് വാര്‍ഡിലെ തെരഞ്ഞെടുപ്പ് മാറ്റിവെച്ചതായി സബ് കളക്ടര്‍ ഒ വി ആല്‍ഫ്രഡ് അറിയിച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുമെന്നും സബ് കളക്ടര്‍ വ്യക്തമാക്കിയിരുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന് ഇന്ന് തുടക്കം കുറിക്കുകയാണ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളിലാണ് ആദ്യഘട്ട വോട്ടെടുപ്പ് നടക്കുക. 595 തദ്ദേശസ്ഥാപനങ്ങളിലായി 11,167 വാര്‍ഡുകളിലേക്ക് 36,620 സ്ഥാനാര്‍ത്ഥികളാണ് ജനവിധി തേടുന്നത്. രാവിലെ ഏഴ് മണി മുതല്‍ വൈകീട്ട് ആറ് വരെയാണ് വോട്ടെടുപ്പ്.
ഗ്രാമപ്രദേശങ്ങളിലുള്ളവര്‍ മൂന്ന് വോട്ടുകളാണ് ചെയ്യേണ്ടത്. മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന് കീഴില്‍ വരുന്നവര്‍ക്ക് ഒരു വോട്ടും. സംസ്ഥാനത്തെ ബാക്കി ഏഴ് ജില്ലകളില്‍ 11-ാം തിയതിയാണ് വോട്ടെടുപ്പ്. 13-ന് രാവിലെ വോട്ടെണ്ണും.
Content Highlight; Congress candidate dies before the election in Pampakuda Panchayat; polling in the 10th ward has been postponed